
ദുബായ്: ഇറാൻ - ഇസ്രയേൽ സംഘർഷത്തിൽ ഖത്തറിൽ മലയാളിക്ക് പരിക്കേറ്റു. തൃശൂർ വെങ്കിടങ്ങ് സ്വദേശി ഹിഷാമിനാണ് കെെക്കും കാലിനും പരിക്കേറ്റത്. തൃശൂർ ശ്രീ കേരളവർമ്മ കോളേജിലെ പൂർവ വിദ്യാർത്ഥിയാണ്. ഇന്നലെ ഖത്തറിൽ ഉണ്ടായ ആക്രമണത്തിലാണ് ഹിഷാമിന് പരിക്കേറ്റത്.
ശബ്ദംകേട്ട് ജോലിസ്ഥലത്ത് പുറത്തിറങ്ങി നിൽക്കുമ്പോൾ തകർന്നുവീണ മിസൈലിന്റെ കഷണം തെറിച്ച് ഹിഷാമിന്റെ കെെയിൽ തട്ടിയ ശേഷം കാലിൽ വീഴുകയായിരുന്നു. കാലിന് ശസ്ത്രക്രിയ നടത്തി. ഇന്ന് രാവിലെയാണ് വിവരം ഹിഷാമിന്റെ സഹോദരനെ വിളിച്ചറിയിച്ചത്. രാത്രിയോടെ വെങ്കിടങ്ങിലുള്ള ബന്ധുക്കളുമായി ഹിഷാം സംസാരിച്ചു. മൂന്നാഴ്ച മുമ്പാണ് ഹിഷാം വിദേശത്തേയ്ക്ക് പോയത്.
ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലേക്ക് ശക്തമായ വ്യോമാക്രമണമാണ് ഇറാൻ നടത്തുന്നത്. ദുബായ്, ദോഹ, മനാമ ,എന്നീ രാജ്യങ്ങളെ ആക്രമിച്ച ഇറാൻ യുഎസ് നിക്ഷേപങ്ങളുള്ള പ്രദേശങ്ങളിലാണ് പ്രത്യാക്രമണം തുടരുന്നത്. ദുബായ്, യുഎഇ, ബഹ്റെെൻ തലസ്ഥാനമായ മനാമ, ദോഹ എന്നിവിടങ്ങളിൽ ഞായറാഴ്ച രാവിലെ ശക്തമായ ആക്രമണമാണ് റിപ്പോർട്ട് ചെയ്തത്.
ദോഹയുടെ തെക്കൻ നഗരത്തിൽ സ്ഫോടനത്തിന്റെ വലിയ ശബ്ദവും കനത്ത പുകയും ഉയർന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് ദുബായിലും സ്ഫോടന ശബ്ദമുണ്ടായി. മിസെെലിൽ നിന്നുയരുന്ന കനത്ത വെള്ളപ്പുകയും നഗരത്തിന്റെ ആകാശമാകെ പടർന്നു. ബഹ്റെയ്ൻ തലസ്ഥാനമായ മനാമയിലും ഇറാൻ മിസൈൽ ആക്രമണം നടത്തി. എന്നാൽ ആകാശത്തുവച്ച് അവ തകർക്കുകയായിരുന്നു. രാജ്യത്ത് അമേരിക്കൻ സൈനിക താവളങ്ങളുടെ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായേക്കാം എന്ന മുന്നറിയിപ്പിനെത്തുടർന്നാണിത്. കഴിയുന്നതും വീടുകളിൽ തന്നെ തുടരാനാണ് ജനങ്ങളോട് അധികൃതർ പറയുന്നത്. ഇവിടത്തെ വിദ്യാലയങ്ങൾ താൽക്കാലികമായി അടയ്ക്കുകയും ക്ലാസുകൾ ഓൺലൈനിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബോർഡ് പരീക്ഷ നടക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |