
തിരുവനന്തപുരം:ഘടകകക്ഷികൾക്ക് കഴിഞ്ഞ തവണ നൽകിയ സീറ്റുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം. ഇടതുമുന്നണിയുടെ സീറ്റു വിഭജന ചർച്ച പൂർത്തിയാക്കാനായില്ല. ഇന്നലെ മുന്നണി യോഗം ചേർന്നെങ്കിലും സീറ്റു വിഭജനം ചർച്ചയ്‌ക്കെടുത്തില്ല.
13 സീറ്റുകൾ എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കേരളാ കോൺഗ്രസ് (എം). ജോസ് കെ.മാണിയുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ഇടതുമുന്നണി കൺവീനർ ടി.പി.രാമകൃഷ്ണനും ഇന്നലെയും സംസാരിച്ചു. എന്നാൽ 12 എന്നുള്ളത് 13 ആക്കണമെന്ന നിലപാടാണു പാർട്ടിക്കുള്ളതെന്നാണു ജോസ് കെ.മാണി നേതാക്കളെ അറിയിച്ചത്. കേരള കോൺഗ്രസ്എമ്മിനെ 12ൽ ഒതുക്കാമെന്ന വിശ്വാസത്തിലാണു സിപിഎം. മൂന്നിൽ നിന്ന് ആറു സീറ്റെന്ന ആവശ്യത്തിലാണു ആർ.ജെ.ഡി. മൂന്നു സീറ്റിലപ്പുറം പ്രതീക്ഷിക്കേണ്ടെന്ന നിലപാടാണ് സി.പി.എം അറിയിച്ചത്.
ജി,സുധാകരനുമായി ബന്ധപ്പെട്ട വിഷയങ്ങൾ എൽ.ഡി.എഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് കൺവീനർ ടി.പി.രാമകൃഷ്ണൻ. ഒരാൾക്ക് മെമ്പർഷിപ്പ് പുതുക്കാനും പുതുക്കാതിരിക്കാനും അവകാശമുണ്ട്. മെമ്പർഷിപ്പ് പുതുക്കൽ നടപടികൾ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഒരാളെയും താഴ്ത്തിക്കെട്ടി സംസാരിക്കുന്ന സമീപനം പാർട്ടിക്കില്ല. ആ സമീപനം തന്നെയാണ് സെക്രട്ടറി എം.വി ഗോവിന്ദനുമുള്ളത്. സുധാകരന് പാർട്ടി മെമ്പർഷിപ്പിൽ നിന്ന് മാറി നിൽക്കുകയോ,
അനുഭാവിയായി തുടരുകയോ ചെയ്യാം.
ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റ് നൽകും. ആന്റണി രാജുവിന്റെ കേസ് നടപടികൾ അനുകൂലമായാൽ തിരുവനന്തപുരം സീറ്റിൽ അദ്ദേഹം മത്സരിക്കും. അല്ലെങ്കിൽ അവർക്ക് മറ്റേതെങ്കിലും ഒരു സീറ്റ് നൽകും.ഇസ്രായേൽ ഇറാൻ യുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഇടതു മുന്നണി മാർച്ച് ആറിന് കോഴിക്കോടും ഏഴിന് കൊച്ചിയിലും എട്ടിന് തിരുവനന്തപുരത്തും ബഹുജന റാലി നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |