
തിരുവല്ല: നെടുങ്കണ്ടം എസ്.ജെ.ബി. ബി.എഡ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയായ സിസ്റ്റർ റിന്റുമോൾ, ക്യാമ്പസുകളിലെ ലഹരിവ്യാപനത്തിന്റെ വ്യാപ്തി തുറന്നുകാട്ടുന്ന കഥ പറഞ്ഞു അവസാനിപ്പിച്ചപ്പോൾ മാർത്തോമ കോളേജ് ഓഡിറ്റോറിയത്തിൽ നിറഞ്ഞ സദസിൽ കൈയടികൾ മുറുകി. തന്റെ അവസാന കോളേജ് കലോത്സവത്തിൽ കഥാപ്രസംഗ മത്സരത്തിൽ പങ്കെടുത്ത് പടിയിറങ്ങാൻ സാധിച്ചതിൽ റിന്റുമോൾക്കും സന്തോഷം. യൂട്യൂബ് നോക്കി ഒറ്റദിവസം കൊണ്ടാണ് സിസ്റ്ററും സംഘവും 'തമസോമ ജ്യോതിർഗമയ' എന്ന കഥ വേദിയിലെത്തിച്ചത്.
ആലപ്പുഴ കുട്ടനാട് സ്വദേശിയാണ് സിസ്റ്റർ റിന്റുമോൾ. പത്താം ക്ലാസ് വരെ കഥാപ്രസംഗം, മോണോആക്ട് എന്നിവയിൽ ജില്ലാതല വിജയിയായിരുന്നു. 2009ൽ മഠത്തിൽ ചേർന്നതോടെ പഠനത്തിലായി ശ്രദ്ധ. ഡിഗ്രിക്കും പി.ജിക്കും ശേഷമാണ് എസ്.ജെ.ബി കോളേജിൽ ചേർന്നത്.
ഒന്നാംവർഷ വിദ്യാർത്ഥി മെൽവിൻ ഹാർമോണിയവും സഹപാഠി ശ്രുതി സിമ്പലും കൈകാര്യം ചെയ്തു. ചങ്ങനാശേരി പാറേപ്പള്ളി എഫ്.സി.സി.യിലെ അംഗമാണിപ്പോൾ റിന്റുമോൾ.
പഠനകാലയളവിൽ തനിക്കിനി ഒരു മത്സരവേദി ലഭിക്കില്ലെന്ന് മനസിലാക്കിയാണ് റിന്റുമോൾ കഥാപ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത് "സുഹൃത്തുക്കളോടാണ് കാര്യം അവതരിപ്പിച്ചത്. എല്ലാവരും പിന്തുണച്ചതോടെ കഥപഠിക്കാൻ തുടങ്ങി. സമകാലിക വിഷയങ്ങൾ എടുക്കണമെന്ന തീരുമാനമാണ് കലാലയങ്ങളിലെ ലഹരിവ്യാപനത്തിന്റെ ദൂഷ്യവശം തുറന്നുകാട്ടുന്ന കഥയിലേക്ക് എത്തിയത്" - റിന്റുമോൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |