
തിരുവനന്തപുരം: എസ്.എസ്.എൽ.സി,ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം.സംസ്ഥാനത്ത് 3,031 പരീക്ഷ കേന്ദ്രങ്ങളിലായി 4,17,497 കുട്ടികൾ പത്താംക്ലാസ് പരീക്ഷ എഴുതും.ഗൾഫ് മേഖലയിൽ 633 കുട്ടികളും ലക്ഷദ്വീപിൽ 386 പേരും പരീക്ഷയ്‌ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പരീക്ഷ 30ന് അവസാനിക്കും.ഏപ്രിൽ ഏഴിന് ആരംഭിക്കുന്ന മൂല്യനിർണയ ക്യാമ്പുകൾ 28ന് പൂർത്തിയാകും.മേയ് മൂന്നാംവാരത്തിനുള്ളിൽ ഫലപ്രഖ്യാപിക്കും.
ഒന്നാംവർഷ ഹയർ സെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളും ഇന്ന് ആരംഭിച്ച് 27ന് അവസാനിക്കും.രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നാളെ ആരംഭിച്ച് 28ന് അവസാനിക്കും.4,11,025 വിദ്യാർത്ഥികൾ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയും 4,52,437 പേർ രണ്ടാംവർഷ പരീക്ഷയും എഴുതും.34,122 വിദ്യാർത്ഥികൾ ഒന്നാംവർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ എഴുതും.മൂല്യനിർണയം ഏപ്രിൽ ആറിന് ആരംഭിക്കും.ഫലപ്രഖ്യാപനം മേയ് 22ന്.
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർത്ഥികൾ പരീക്ഷ എഴുതും.യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിലെ വ്യാഴാഴ്‌ചത്തെ എസ്.എസ്.എൽ.സി പരീക്ഷയും 5, 6, 7 തീയതികളിലെ ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇക്കുറി ഫോക്കസ് ഏരിയ ഇല്ല
പൂർണ സിലബസ് അടിസ്ഥാനമാക്കിയാണ് ഇക്കുറി പരീക്ഷ.അതിനാൽ തന്നെ മുൻ വർഷങ്ങളിലെ ‘ഫോക്കസ് ഏരിയ’ എന്ന രീതി ഉണ്ടാകില്ല.പാഠപുസ്തകത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം.കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് ശേഷം സിലബസ് പൂർണമായും ഉൾപ്പെടുത്തി നടത്തുന്ന പരീക്ഷയാണിത്.കുട്ടികളുടെ ധാരണാശേഷിയും വിശകലന പാടവവും പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾക്ക് ഇത്തവണ കൂടുതൽ പ്രാധാന്യം നൽകുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഹെല്പ് ഡെസ്‌ക്കുകൾ സജ്ജീവം
പരീക്ഷാ പേടി അകറ്റുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ ‘ചിരി’ ഹെൽപ്പ് ലൈൻ നമ്പറുകളും സ്കൂൾ തലത്തിൽ കൗൺസിലിംഗ് സൗകര്യങ്ങളും സജീവമാണ്.പരീക്ഷാ സംബന്ധമായ ആശങ്കകൾക്ക് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |