തിരൂർ: ഇന്ന് ആരംഭിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ നിന്ന് പരീക്ഷയെഴുതുക 8,261 ആൺകുട്ടികളും 8,318 പെൺകുട്ടികളുമുൾപ്പെടെ 16,573 പേർ.
കഴിഞ്ഞ അദ്ധ്യയന വർഷത്തേക്കാൾ 74 വിദ്യാർത്ഥികൾ അധികമാണിത്തവണ. .ഇതിൽ 946 എസ്.സി വിദ്യാർത്ഥികളും അഞ്ച് എസ്.ടി വിദ്യാർത്ഥികളും 1,542 പേർ പ്രത്യേകപരിഗണന അർഹിക്കുന്ന വിദ്യാർത്ഥികളുമാണ്.
തിരൂർ, പൊന്നാനി,എടപ്പാൾ,കുറ്റിപ്പുറം ഉപജില്ലകൾ ചേർന്നതാണ് തിരൂർ വിദ്യാഭ്യാസ ജില്ല. മൂന്ന് ടെക്നിക്കൽ സ്കൂളുകൾ ഉൾപ്പെടെ 24 സർക്കാർ, 18 എയ്‌ഡഡ്, 31 അൺ എയ്‌ഡഡ് സ്കൂളുകൾ ഉൾപ്പെടെ വിദ്യാഭ്യാസ ജില്ലയിൽ 73 പരീക്ഷാ കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പരീക്ഷയുടെ നടത്തിപ്പിനായി ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി ചീഫുമാർക്ക് പുറമേ 1,210 അദ്ധ്യാപകരെ ഇൻവിജിലേറ്റർ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുമുണ്ട്.
പരീക്ഷയുടെ മുന്നോടിയായി തിരഞ്ഞെടുക്കപ്പെട്ട ചീഫ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ടുമാർ എന്നിവർക്ക് കഴിഞ്ഞയാഴ്ച നേരിട്ട് ഡി.ഇ.ഒയുടെ നേതൃത്വത്തിൽ പരിശീലനം നൽകി. ചൊവ്വാഴ്ച വൈകിട്ടോടെ ഇൻവിജിലേറ്റർമാരെ മാതൃസ്കൂളിൽനിന്ന് റിലീവ് ചെയ്തിരുന്നു. അവർക്ക് വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ കേന്ദ്രങ്ങളിൽ ഇന്നലെ ചീഫ് സൂപ്രണ്ടിന്റെയും ഡെപ്യുട്ടി സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ പ്രത്യേക പരിശീലനവും നൽകി. പരീക്ഷയ്ക്ക് എഴുതാനുള്ള ഉത്തരക്കടലാസുകൾ നേരത്തെ തന്നെ സ്കൂളുകളിൽ എത്തിയിട്ടുണ്ട്. പരീക്ഷയ്ക്ക് സഹായികളാവുന്നവർക്കുള്ള ഹാൾടിക്കറ്റ് വിതരണവും പൂർത്തീകരിച്ചിട്ടുണ്ട്. ഇന്ന് ആരംഭിച്ച് 30നാണ് പരീക്ഷ അവസാനിക്കുന്നത്. ഇത്തവണയും രാവിലെയാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുന്നത്. വിദ്യാഭ്യാസ ജില്ലയിലെ പരീക്ഷാ സെൻ്ററുകളിലേക്കുള്ള ചോദ്യപേപ്പറുകൾ ട്രഷറികളിലും ബാങ്കുകളിലുമായി സൂക്ഷിച്ചിട്ടുണ്ട്.
കൂടുതൽ ഇവിടെ
ഇത്തവണയും ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലാണ്. സെൻ്റർ ലഭിക്കാത്ത ആലത്തിയൂർ ദാറുൽ ഖുർആൻ റെസിഡെൻഷ്യൽ സ്കൂളിലെ 36 വിദ്യാർത്ഥികളുൾപ്പടെ 1459 വിദ്യാർത്ഥികളാണ് പരീക്ഷ എഴുതുന്നത്. അതിൽ 718 ആൺകുട്ടികളും 741 പെൺകുട്ടികളുമാണ്. സംസ്ഥാനതലത്തിൽ കൂടുതൽ പരീക്ഷാർത്ഥികളുള്ള സ്കളുകളിൽ നാലാം സ്ഥാനത്തുള്ളതും ഈ വിദ്യാലയം തന്നെയാണ്.
തിരൂർ വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷാ നടത്തിപ്പിനായുള്ള എല്ലാ ജോലികളും പൂർത്തിയായിട്ടുണ്ട്.
തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |