ന്യൂഡൽഹി: ഹൃദ്രോഗം കാരണം ബുദ്ധിമുട്ടുന്ന 7 വയസുള്ള പാകിസ്ഥാനി പെൺകുട്ടിക്ക് ഇന്ത്യയിൽ വന്ന് ശസ്ത്രക്രിയ നടത്താനായി വിസ അനുവദിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഹൃദയശസ്ത്രക്രിയ ചെയ്യാനാകാത്തത് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടിയെ സഹായിക്കണം എന്നഭ്യർത്ഥിച്ച് ലോക് സഭ എം.പി ഗൗതം ഗംഭീർ അയച്ച കത്തിലാണ് വിദേശകാര്യ മന്ത്രാലയം തീരുമാനമെടുത്തത്. ഒമൈമ അലി എന്ന് പേരുള്ള പെൺകുട്ടിക്കും അവളുടെ മാതാപിതാക്കൾക്കുമാണ് കേന്ദ്രം വിസ നൽകിയത്. വേണ്ടത് ചെയ്യണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിരുന്നു.
മുൻ പാകിസ്ഥാനി ക്രിക്കറ്ററായ മുഹമ്മദ് യൂസുഫ് തന്നെ ഫോണിൽ വിളിച്ചപ്പോഴാണ് പെൺകുട്ടിയുടെ കഷ്ടസ്ഥിതി താനറിഞ്ഞതെന്ന് ഗൗതം ഗംഭീർ എം.പി വ്യക്തമാക്കി. ഉടനെ തന്നെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് താൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകുകയായിരുനു എന്നും അദ്ദേഹം പറഞ്ഞു. ഗംഭീർ നൽകിയ കത്തിന് വേണ്ട കാര്യങ്ങൾ താൻ ചെയ്തിട്ടുണ്ടെന്നാണ് എസ്.ജയ്‌ശങ്കർ മറുപടി നൽകിയത്. അന്തരിച്ച മുൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇത്തരം പ്രവർത്തനങ്ങളുടെ പേരിൽ പേരുകേട്ടയാളായിരുന്നു.
ഐസിസ് തീവ്രവാദം പോലുള്ള വിഷയങ്ങൾ കണക്കിലെടുക്കുമ്പോൾ തനിക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അത് മാറ്റി വയ്‌ക്കുകയാണെന്നും ഒരു ഏഴ് വയസുകാരി ഇത്തരത്തിൽ കഷ്ടതയനുഭവിക്കുന്നത് അവളുടെ കുറ്റം കാരണമല്ലെന്നും ഗംഭീർ പറഞ്ഞു. ഒമൈമ 2012ൽ മാസങ്ങളോളം നോയിഡയിൽ ചികിത്സ നടത്തിയിരുന്നു. എന്നാൽ ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴാണ് പെൺകുട്ടിയും മാതാപിതാക്കളും പാകിസ്ഥാനിലേക്ക് മടങ്ങിപ്പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |