
കൊച്ചി: സിറ്റി പൊലീസുകാർക്ക് പൊതുവേ കാലമത്ര നന്നല്ല. ഒരു മാസത്തിനിടെയുണ്ടായത് നിരവധി കൈയേറ്റ ശ്രമങ്ങൾ. തലനാരിഴയ്ക്ക് ജീവൻ രക്ഷപ്പെട്ട സംഭവങ്ങളുമുണ്ട്. എറണാകുളം സൗത്ത് സ്റ്റേഷനിൽ ബുധനാഴ്ച പാറാവ് ഡ്യൂട്ടിയിലായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ എം.പി.പ്രണവേശിന് നേരേയുണ്ടായ ആക്രമണമാണ് ഒടുവിലത്തേത്. മാട്ടുമ്മൽ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയ്ക്കിടെ 27ന് രാത്രി ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത തേവര കോന്തുരുത്തി സ്വദേശി നിഖിൽ കൃഷ്ണയാണ് (30) സ്റ്റേഷനിൽ അക്രമാസക്തനായത്.
നിഖിലിനെ സൗത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് വന്നപ്പോൾ ഉച്ചയ്ക്ക് 2നായിരുന്നു സംഭവം. പുറത്തേക്ക് ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പാറാവ് നിന്ന പ്രണവേശിനെ തള്ളുകയായിരുന്നു. റിസപ്ഷൻ കൗണ്ടറിലെ മേശയിൽ ഇടിച്ചുവീണ പ്രണവേഷിന്റെ കൈയ്യിന് പൊട്ടലുണ്ട്. നിഖിലിനെ മറ്റ് പൊലീസുകാർ ചേർന്ന് കീഴ്പ്പെടുത്തി. ഇതുകൂടി കേസായതോടെ പ്രതി അകത്തായി.
കലൂർ ശാസ്താറോഡ് ഭാഗത്ത് വാഹന പരിശോധന നടത്തിയ നോർത്ത് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം നടന്നത് 25ന് പുലർച്ചെയാണ്. കാറിന്റെ ബോണറ്റിൽ കുടുങ്ങിയ എ.എസ്.ഐ സന്തോഷുമായി കാർ മുന്നോട്ടു പോയി. സംഭവത്തിൽ കൊല്ലം സ്വദേശികളായ 2 യുവാക്കളാണ് പിടിയിലായത്. കലൂർ ജംഗ്ഷന് സമീപം റോഡ് ഡിവൈഡർ ഇടിച്ചു തകർത്തതിന് പിടിയിലായ ജീപ്പിന്റെ ഡ്രൈവർ നോർത്ത് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ മുകേഷിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു.
എളമക്കര പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ ബ്രൂണോയെ ഇടപ്പള്ളി ജംഗ്ഷന് സമീപം കൈയേറ്റം ചെയ്ത വനംവകുപ്പ് ഉദ്യോഗസ്ഥന്റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ സെഷൻസ് കോടതി തള്ളിയത് കഴിഞ്ഞയാഴ്ചയാണ്. ഇതേത്തുടർന്ന് ഉദ്യോഗസ്ഥൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പുതുവത്സരദിനത്തിൽ ചെല്ലാനം മാളികപ്പറമ്പ് ഭാഗത്ത് കണ്ണമാലി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ബിജുമോനെ ബൈക്കിടിപ്പിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളായ ആലപ്പുഴ കൊമ്മാടി സ്വദേശികളായ അനിൽ രാജേന്ദ്രനും രാഹുൽ സാബുവും കോടതിയിൽ കീഴടങ്ങിയതും മൂന്നാഴ്ച മുമ്പാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |