
തിരുവനന്തപുരം: കേരളത്തിന്റെ ഭാവിവികസനം സംബന്ധിച്ചും അതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമുള്ള ചർച്ചയാണ് പുതുയുഗ യാത്രയിലൂടെ ഉയർത്തിക്കൊണ്ടുവന്നതെന്ന് ജാഥാ ക്യാപ്റ്റൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനങ്ങളുമായി ആശയവിനിമയം നടത്തി. ഓരോ ജില്ലയിലെയും പ്രധാനവിഷയങ്ങൾക്ക് മുൻഗണന നൽകി പ്രത്യേകം ഡോക്യുമെന്റുകൾ തയ്യാറാക്കി വരികയാണ്. പൗരപ്രമുഖരെയല്ല,പ്രശ്നങ്ങൾ കൊണ്ട് വലയുന്ന സാധാരണക്കാരെയാണ് എല്ലാ ജില്ലകളിലും സംവദിക്കാൻ ക്ഷണിച്ചതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. യു.ഡി.എഫ് പ്രകടനപത്രിക തയ്യാറാക്കാനും അധികാരത്തിൽ എത്തുമ്പോൾ മുൻഗണ നൽകേണ്ട വിഷയങ്ങൾ ഏതൊക്കെയെന്നു മനസിലാക്കാനും ജനങ്ങളുമായുള്ള ആശയവിനിമയം സഹായകമായിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. ഫെബ്രുവരി ആറിന് കാസർകോട് നിന്ന് ആരംഭിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം നാളെ പുത്തരിക്കണ്ടം മൈതാനത്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സുധാകരനുമായി
ഉള്ളത് വ്യക്തിബന്ധം
സി.പി.എം നേതാവ് ജി.സുധാകരനുമായുള്ളത് വ്യക്തിബന്ധമാണെന്ന് സതീശൻ പറഞ്ഞു. തങ്ങൾക്ക് ബഹുമാനവും ആദരവുമുള്ള നേതാവാണ് . മന്ത്രിയായിരുന്ന കാലത്തും ആദരവോടെ അല്ലാതെ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. അദ്ദേഹം ഞങ്ങളെ വിമർശിക്കാറുണ്ടായിരുന്നെങ്കിലും അദ്ദേഹത്തോട് ആദരവാണ്. ഇപ്പോൾ സുധാകരൻ സ്വീകരിച്ചിട്ടുള്ളത് വ്യക്തിപരമായ തീരുമാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |