SignIn
Kerala Kaumudi Online
Sunday, 08 March 2026 10.34 AM IST

പുസ്തകം പ്രണയകാവ്യം മുതൽ മരണകാവ്യം വരെ!

Increase Font Size Decrease Font Size Print Page
s

 ചെട്ടിയാൻ ഭ്രാന്തി

കൗമാരക്കാരുടെ അബോധ മനസിൽ പതിഞ്ഞ ചെട്ടിയാൻ ഭ്രാന്തി, പ്രായത്തിന്റെ പക്വതയിലെത്തുമ്പോഴും ബോധമനസിൽ മരണത്തിന്റെ പ്രതീകമായി രൂപംകൊള്ളുന്നതാണ് വാസുദേവൻ വാളമറ്റത്തില്ലത്തിന്റെ ചെട്ടിയാൻ ഭ്രാന്തി എന്ന സാമാന്യേന ലഘുവായ ഖണ്ഡകാവ്യം. പ്രാദേശികമായി പറഞ്ഞുകേൾക്കുന്ന ഒരു മിത്തിൽ നിന്ന് ചെട്ടിയാൻ ഭ്രാന്തിയെ മൂർത്തമായൊരു രൂപത്തിലേക്ക് ആവിഷ്കരിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നു,​ കാവ്യകാരൻ! മൃത്യുവിന്റെ സ്വതന്ത്രവും അർത്ഥവത്തുമായ ഒരു ബിംബമായി ചെട്ടിയാൻഭ്രാന്തി പ്രത്യക്ഷപ്പെടുന്നതിന്റെ ഔചിത്യം അന്യൂനമാണ്. സുഗമങ്ങളും ലളിതവുമായ പദങ്ങളിലാണ് ഈ ഖണ്ഡകാവ്യമെന്നതാണ് അതിനെ സുന്ദരവും ആസ്വാദ്യവുമാക്കുന്നത്.

യെസ്‌പ്രസ് ബുക്സ്

പെരുമ്പാവൂർ

 മായാത്ത കഥകൾ

കുട്ടികൾ ഏതു കാലത്തുള്ളവരുമാകട്ടെ,​ കഥകൾ വായിച്ചും കേട്ടും സ്വപ്നം കണ്ടുറങ്ങാൻ കൊതിക്കുന്നവരാവും അവർ. ഭാരതത്തിലെയും മറ്റു ദേശങ്ങളിലെയും നാടോടിക്കഥകൾ എല്ലാക്കാലത്തെയും കുട്ടികൾക്ക് പ്രിയതരമാണ്. കുട്ടികൾക്കായി 'മായാത്ത കഥകൾ" രചിച്ച ഉണ്ണിക്കൃഷ്ണൻ മുതുകുളം ആവട്ടെ,​ അദ്ധ്യാപകൻ കൂടിയാവുകയാൽ കഥപറച്ചിൽ ശൈലി നല്ല വശമുള്ളയാളും. കുട്ടികളുടെ മനസിനെ അദ്ഭുതത്തിന്റെയും ആഹ്ളാദത്തിന്റെയും മായികലോകത്തേക്ക് ആനയിക്കുന്ന ഇരുപത്തിയേഴ് കഥകളുടെ സമാഹാരമാണിത്. കഥകൾക്ക് ചിത്രങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിലെന്ന് ഇത് വായിക്കുന്ന ഏതു കുട്ടിക്കും തോന്നിപ്പോകുമെന്നു മാത്രം. ശുഷ്കമായിക്കൊണ്ടിരിക്കുന്ന ബാലസാഹിത്യ ശാഖയ്ക്ക് മുതൽക്കൂട്ടാകുന്ന കൃതി.

പ്രസാധകർ:

കോർപസ്,​ തിരുവനന്തപുരം

 പളുങ്കുജാലകം

കാലദേശങ്ങളെന്നോ പ്രായത്തിന്റെ ഋതുഭേദങ്ങളെന്നോ വേർതിരിവില്ലാത്ത പ്രണയത്തിന്റെ കനകകാന്തി പ്രസരിപ്പിക്കുന്ന നാല്പത്തിയഞ്ച് പ്രണയ കവിതകളുടെ സമാഹാരമാണ് ഉണ്ണിക്കൃഷ്ണൻ മുതുകുളം രചിച്ച 'നിലാവ് തൂവൽതൊടും പളുങ്കുജാലകം." പ്രണയത്തിന്റെ സ്പർശനം ഏതുപോലെയാണെന്നത് ഓരോരുത്തർക്കും വ്യത്യസ്തമാകും. മഴയായി,​ മഞ്ഞായി,​ നിലാവായി,​ പൂക്കളായി,​ പൂമ്പാറ്റകളായി...! പേലവമായ വിരലുകൾകൊണ്ടല്ലാതെ,​ ചിലപ്പോഴെങ്കിലും അത് പൊള്ളിക്കുന്ന അഗ്നിയായി തൊടുന്ന അനുഭവവുമുണ്ട്. പുസ്തകത്തിന്റെ പേരുപോലെ തന്നെ പ്രണയാർദ്രമാണ് ഈ സമാഹാരത്തിലെ ഓരോ കവിതയും. പ്രണയലേഖനങ്ങളും പ്രണയവിചാരങ്ങളും സാങ്കേതികതയുടെ കുരുക്കിൽ പിടയുന്ന കാലത്ത് ഇത്,​ അതിന്റെ പഴയകാലത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ്!

പ്രസാധകർ:

കോർപസ്,​ തിരുവനന്തപുരം

 വിശ്വകർമ്മ

കേരളത്തിലെ ഹൈന്ദവ ജനസംഖ്യയിൽ ചെറുതല്ലാത്ത സ്ഥാനക്കാരായ വിശ്വകർമ്മ സമുദായം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് പുസ്തകമെങ്കിലും പിന്നാക്ക സമുദായങ്ങളാകെ അനുഭവിക്കേണ്ടിവരുന്ന നീതി നിഷേധത്തിന്റെ നേർച്ചിത്രം കൂടിയായിത്തീരുന്നു,​ വക്കം ജി. ശ്രീകുമാർ രചിച്ച 'വിശ്വകർമ്മ" എന്ന ഗ്രന്ഥം. ഭരണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ നൂറാം സ്ഥാനക്കാരായിപ്പോലും പരിഗണിക്കപ്പെടാത്ത സമുദായം പുതിയ പോരാട്ടത്തിന്റെ പാതകൾ രൂപപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുന്ന പുസ്തകം. വിശ്വകർമ്മ സമൂഹം നേരിടുന്ന വെല്ലുവിളികൾ മുതൽ വിശ്വകർമ്മ അവകാശപത്രിക വരെ നീളുന്ന ഇരുപത്തിയാറ് പ്രൗഢ ലേഖനങ്ങളാണ് ഈ സമാഹാരത്തിൽ.

പ്രസാധകർ:

ഫേമസ് ബുക്സ്,​ തിരുവനന്തപുരം

 ഗുരുദേവന്റെ യാത്രകൾ

ശ്രീനാരായണ ഗുരുദേവൻ,​ അദ്ദേഹത്തിന്റെ സഞ്ചാരകാലത്ത് നല്ല ദിവസങ്ങൾ ചെലവിട്ട തൃശൂർ പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും,​ അവിടെനിന്ന് വലപ്പാട് അടിപറമ്പിലേക്കുള്ള യാത്രയും മറ്റും ഒരു ചരിത്രാന്വേഷിയുടെ കൗതുകത്തോടെ അന്വേഷിച്ചതിന്റെ സദ്ഫലമാണ് സദു കളിമണ്ഡലം രചിച്ച 'ഗുരുദേവന്റെ അറിയപ്പെടാത്ത യാത്രകൾ" എന്ന ഗ്രന്ഥം. ഗുരുവിന്റെ സഞ്ചാരപഥത്തിലെ ക്ഷേത്രങ്ങളും സ്ഥലങ്ങളും സംഭവങ്ങളുമാണ് പുസ്തകത്തിലെ പ്രതിപാദ്യം. ഒപ്പം,​ ഗുരുവുമായി ബന്ധപ്പെട്ട് ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ സംഭവങ്ങളുമുണ്ട്! സ്ഥലങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചെറുതായി ഒറ്റപ്പേജിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനു പകരം,​ അതത് അദ്ധ്യായങ്ങളിലായിരുന്നെങ്കിൽ കൂടുതൽ ഉചിതമായേനെ.

പ്രസാധകർ:

കളിമണ്ഡലം,​ വലപ്പാട്

 മാന്ത്രികപ്പാത്രം

കൊച്ചുകൊച്ച് കഥകളിലൂടെ ധർമ്മത്തിന്റെ ആത്മാംശം മനസിലേക്ക് ആവാഹിക്കുന്ന പതിനഞ്ച് കഥകളുടെ സമാഹാരമാണ് തോന്നയ്ക്കൽ കൃഷ്ണപ്രസാദ് രചിച്ച 'മാന്ത്രികപ്പാത്രം." കഥകളുടെ ലോകത്തേക്ക് കൂടുതൽ സ‌ഞ്ചരിക്കുവാൻ അനുവാചകരെ പ്രേരിപ്പിക്കും വിധം മൂല്യവത്താണ് കഥകളുടെ തിരഞ്ഞെടുപ്പ് എന്ന് പറയാതെ വയ്യ. ഗുണപാഠ കഥകൾ എന്ന് പറഞ്ഞുകൂടെങ്കിലും ഓരോ കഥയും ഓരോ ഗുണം മനസിൽ ബാക്കിവയ്ക്കുന്നുണ്ട്. കുട്ടികൾക്കു കൂടി പ്രിയങ്കരമാകുന്ന വിധത്തിൽ പക്ഷികളും മൃഗങ്ങളും പ്രകൃതിയും സങ്കല്പസൃഷ്ടികളുമൊക്കെ ഇതിൽ കഥാപാത്രങ്ങളാകുന്നുണ്ട്. കഥകൾക്ക് അനുയോജ്യമായ ചിത്രങ്ങൾ കൂടി ചേർത്തിരിക്കുന്നു. കുട്ടികൾക്കു വേണ്ടിയാകാം,​ അച്ചടിയക്ഷരങ്ങൾക്ക് വലുപ്പക്കൂടുതലുണ്ട്.

പ്രസാധകർ:

യെസ്‌പ്രസ്,​ പെരുമ്പാവൂർ

TAGS: BOOKS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.