ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘിച്ചതിനെ തുടർന്ന് പാകിസ്ഥാന്റെ പത്തിലധികം സൈനികരെ ഇന്ത്യൻ സൈന്യം വധിച്ചെന്ന വാർത്ത കരസേന സ്ഥിരീകരിച്ചു. പാകിസ്ഥാനിലെ മൂന്നിലധികം ഭീകര കേന്ദ്രങ്ങൾ ഇന്ത്യ തകർത്തു. പത്തിലധികം ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സൈനിക മേധാവി ജനറൽ ബിബിൻ റാവത്ത് പറഞ്ഞു. നുഴഞ്ഞു കയറ്റം തടയാനായിരുന്നു കരസേനയുടെ ശ്രമം. അതിർത്തിയിൽ സമാധാനം ഇല്ലാതാക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. കരസേനയുടെ പ്രവർത്തനത്തിന് കേന്ദ്ര സർക്കാരിന്റെ എല്ലാവിധ പിന്തുണയുണ്ടെന്നും ബിബിൻ റാവത്ത് വ്യക്തമാക്കി.
ഇന്ന് പുലർച്ചെയാണ് പാകിസ്ഥാൻ അധീന കാശ്മീരിലെ തൻഘാർ സെക്ടറിൽ പാകിസ്ഥാൻ ആക്രമണം നടത്തിയത്. തൻഘാറിൽ വച്ച് തന്നെയാണ് ഇന്ത്യ പാകിസ്ഥാനെതിരെ തിരിച്ചടിച്ചത്. ആക്രമണത്തിൽ അഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടതായി ഒരു ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പാക് അധീന കാശ്മീരിലെ നീലം താഴ്‌വരയിലുള്ള ഭീകരരുടെ നാല് ലോഞ്ച് പാഡുകളും ഇന്ത്യൻ ആക്രമണത്തിൽ തകർന്നിട്ടുണ്ട്.
പാക് അധീന പ്രദേശമായ ഇവിടെ പ്രവർത്തിക്കുന്ന ഭീകരവാദ പരിശീലന ക്യാമ്പുകളിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്. ഇന്ത്യ- പാകിസ്ഥാൻ അതിർത്തിയിലേക്ക് ഭീകരരെ നുഴഞ്ഞുകയറാൻ സഹായം ചെയ്യുന്ന പാക് സൈന്യത്തിന്റെ പ്രവണതയ്ക്കുള്ള പ്രതികരണമാണ് ഇതെന്നാണ് ഇന്ത്യൻ സൈന്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |