SignIn
Kerala Kaumudi Online
Saturday, 07 March 2026 10.41 AM IST

ഉത്തേജകമരുന്ന് ഉപയോഗവും സർക്കാർ നിയമനങ്ങളും

Increase Font Size Decrease Font Size Print Page
ss

ഉത്തേജക മരുന്ന് ഉപയോഗി​ച്ചതി​ന് പി​ടി​ക്കപ്പെടുന്നവരെ പൂർണമായും സ്പോർട്സ് ക്വാട്ട നി​യമനങ്ങളി​ൽ നി​ന്ന് ഒഴി​വാക്കുന്ന വ്യവസ്ഥ കഴി​ഞ്ഞദി​വസം സംസ്ഥാന സർക്കാർ ഭേദഗതി​ ചെയ്തു. ഉത്തേജക മരുന്ന് ഉപയോഗി​ച്ചതായി​ കണ്ടെത്തുന്ന കാലയളവി​ലെ മത്സരങ്ങളെ ഒഴി​വാക്കി​ ശി​ക്ഷാ കാലയളവി​ന് മുമ്പും ശേഷവുമുളള നേട്ടങ്ങളെ അടിസ്ഥാനമാക്കി​ സർക്കാർ ജോലി​ നൽകാമെന്നാണ് ഭേദഗതി​ കൊണ്ടുവന്നി​രി​ക്കുന്നത്. രാജ്യത്തി​ന് വേണ്ടി​ മി​കച്ച പ്രകടനങ്ങൾ നടത്തുകയും ഉത്തേജകം ഉപയോഗി​ച്ചുപോയി​ എന്നതി​ന്റെ പേരി​ൽ ജോലി​ കിട്ടാതിരിക്കുകയും ചെയ്യുന്നവർക്കായാണ് സർക്കാർ ഈ തീരുമാനമെടുത്തത്. ഈ നി​യമഭേദഗതി​യുടെ നല്ലതും ചീത്തയുമായ വശങ്ങൾ കായി​ക താരങ്ങൾക്കും പരി​ശീലകർക്കുമി​ടയി​ൽ ഇപ്പോൾ ചർച്ചയാണ്.

ഉത്തേജകമാണെന്ന് അറി​ഞ്ഞുകൊണ്ടല്ലാതെ ഉപയോഗി​ക്കുന്ന മരുന്നുകളും ഫുഡ് സപ്ളി​​മെന്റുകളും പലപ്പോഴും കായി​ക താരങ്ങളെ കുടുക്കാറുണ്ട്. ഗർഭകാല ചി​കി​ത്സയുടെ ഭാഗമായി​ കഴി​ച്ച മരുന്നുകളും പരി​ശീലകരുടെ നി​ർദ്ദേശപ്രകാരം കഴി​ച്ച ഫുഡ് സപ്ളി​മെന്റുകളും ഉത്തേജക പരി​ശോധനയി​ൽ തി​രി​ച്ചടി​യായ അത്‌ലറ്റുകൾ നമുക്ക്മുന്നി​ലുണ്ട്. ഉത്തേജക പരി​ശോധനയി​ൽ പരാജയപ്പെടുന്നതി​ന് മുമ്പുള്ള കാലയളവി​ൽ അവർ നേടി​യ മെഡലുകൾ അതി​നാൽ അപ്രസക്തമാകുന്നി​ല്ല എന്ന നി​രീക്ഷണത്തി​ൽ നി​ന്നാണ് സർക്കാർ നി​യമഭേദഗതി​ക്ക് തയ്യാറായത്. ഉത്തേജക പരി​ശോധനയി​ൽ പരാജയപ്പെട്ടവർക്ക് വി​ലക്ക് കഴി​ഞ്ഞ് തി​രി​ച്ചെത്തി​ വീണ്ടും മി​കവുകൾ പുറത്തെടുക്കാൻ പ്രചോദനമാകാനും ഈ നി​യമഭേദഗതി​യി​ലൂടെ കഴി​യും എന്ന് കായി​കരംഗത്തുള്ളവർ ചൂണ്ടി​ക്കാട്ടുന്നു.

ഉത്തേജകമരുന്ന് ഉപയോഗം കണ്ടെത്തുകയും നടപടി​കൾ സ്വീകരി​ക്കുകയും ചെയ്യുന്നത് ദേശീയ ആന്റി​ ഡോപ്പിംഗ് ഏജൻസി​യും (നാഡ) വേൾഡ് ആന്റി ഡോപ്പിംഗ് ഏജൻസി(വാഡ)യുമാണ്. ഉപയോഗിച്ച മരുന്നുകൾ, അളവ്, സാഹചര്യം തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് നാഡയും വാഡയും ശിക്ഷ വിധിക്കുന്നത്. ചെറിയ കാലയളവുമുതൽ ആജീവനാന്തം വരെ വിലക്ക് വിധിക്കാൻ ഈ ഏജൻസികൾക്ക് കഴിയും. ഉത്തേജകമുപയോഗിക്കുന്നവർക്ക് വിലക്കാണ് ശിക്ഷയെന്നും അവരെ പൂർണമായും സർക്കാർ നിയമനങ്ങളിൽ നിന്ന് മാറ്റിനിറുത്തുന്നത് മറ്റൊരു ശിക്ഷയാണെന്നും കായികതാരങ്ങൾക്കും പരിശീലകർക്കുമിടയിൽ അഭിപ്രായമുണ്ട്. ഒരേ തെറ്റിന് രണ്ട് ശിക്ഷയുടെ ആവശ്യമില്ലെന്ന് അവർ വാദിക്കുന്നു.

അതേസമയം ഉത്തേജകമരുന്ന് ഉപയോഗത്തെ കർശനമായി നിയന്ത്രിക്കാൻ പുതിയ നിയമം തന്നെ പാർലമെന്റിൽ പാസാക്കിയ സാഹചര്യത്തിൽ ഉത്തേജകമുപയോഗിക്കുന്നവർക്ക് പരോക്ഷമായെങ്കിലും പ്രോത്സാഹനമാകാൻ സർക്കാർ തീരുമാനം വഴിയൊരുക്കുമോ എന്ന ആശങ്കയും കായികരംഗത്തുനിന്ന് ഉയരുന്നുണ്ട്. അറിവില്ലായ്മകൊണ്ടാണ് ഉത്തേജകത്തിൽപ്പെട്ടതെന്ന ന്യായീകരണത്തിന് നിലനിൽപ്പില്ലാത്തകാലമാണിതെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഉപയോഗിക്കാൻ കഴിയുന്നതും കഴിയാത്തതുമായ മരുന്നുകളുടേയും ഫുഡ് സപ്ളിമെന്റുകളുടേയും പട്ടിക നാഡയും വാഡയും പ്രസിദ്ധീകരിച്ചത് ദേശീയ തലത്തിലുള്ള എല്ലാ കായികതാരങ്ങൾക്കും ലഭ്യമാണ്. ഉത്തേജകസംബന്ധമായ കായിക താരങ്ങളുടെ സംശയങ്ങൾ പരിഹരിക്കാനും ആന്റി ഡോപ്പിംഗ് ഏജൻസികൾ അവസരമൊരുക്കുന്നുണ്ട്. ദേശീയ കായിക പരിശീലന കേന്ദ്രങ്ങളിൽ സ്പോർട്സ് മെഡിസിൻ വിദഗ്ധരും ന്യൂടീഷ്യൻ സ്പെഷ്യലിസ്റ്റുകളുമുണ്ട്.

ആഗോള തലത്തിൽ ഉത്തേജകമരുന്ന് ഉപയോഗത്തിൽ ഏറ്റവും മുന്നിൽനിൽക്കുന്ന രാജ്യങ്ങളിലൊന്നെന്ന നാണക്കേടിലേക്ക് ഇന്ത്യ മാറിയ സാഹചര്യത്തി ന് കടിഞ്ഞാണിടാനാണ് കേന്ദ്ര സർക്കാർ ഉത്തേജകവിരുദ്ധനിയമം കൊണ്ടുവന്നത്. അറിഞ്ഞുകൊണ്ട് ഉത്തേജകം ഉപയോഗിക്കുന്നത് വലിയ തെറ്റായാണ് നിയമം വിവക്ഷിക്കുന്നത്. കോപ്പിയടിച്ച ഭാഗം മാത്രം ഒഴിവാക്കി പരീക്ഷയ്ക്ക് വിജയിപ്പിക്കുന്നതുപോലെയാകും സർക്കാർ നിയമനങ്ങളിൽ ഉത്തേജകത്തിൽപ്പെട്ടവരെ ഉൾപ്പെടുത്തുന്നതെന്ന വിമർ ശനവും ആലോചനാവിധേയമാക്കേണ്ടതുണ്ട്. ഉത്തേജകത്തിൽപ്പെട്ടാലും സർക്കാർ ജോലി ലഭിക്കുമെന്നത് ഒരുപക്ഷേ ചിലരെയെങ്കിലും തെറ്റായ വഴിയിലേക്ക് നയിക്കാം. ഉത്തേജകത്തിൽപ്പെട്ടാൽ ഭാവി തുലയുമെന്ന ഭയം ഇല്ലാതെയാകുന്നത് ഉത്തേജകക്കാർക്ക് ഉത്തേജനമാകാം. അറിവില്ലായ്മയാലോ അബദ്ധത്തിലോ ഉത്തേജകത്തിൽപെടാതെ സൂക്ഷ്മതയോടെ മുന്നോട്ടുപോകാൻ നമ്മുടെ കായികപ്രതിഭകൾക്ക് ആവശ്യമായ പിന്തുണയാണ് നൽകേണ്ടത്. ഒരിക്കലും ഉത്തേജകത്തിൽ വീഴാതിരിക്കാനുള്ള നിരന്തരജാഗ്രത കായികതാരങ്ങൾക്കും അനിവാര്യമാണ്.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.