
അഹമ്മദാബാദ്: ട്വന്റി-20 ലോകകപ്പ് ഫൈനലിൽ അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ന്യൂസിലൻഡ് നായകൻ മിച്ചൽ സാന്റ്നർ. ഇന്ത്യ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ചും അദ്ദേഹം ചൂണ്ടിക്കാണിച്ചു.മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരമുള്ള ഇന്ത്യൻ ബൗളിംഗ് നിരയെയും ബാറ്റിംഗിന് അനുകൂലമായ അഹമ്മദാബാദിലെ പിച്ചിനെയും നേരിടുക വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും സാന്റ്നർ വ്യക്തമാക്കി.
'അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ വെല്ലുവിളികൾ ഒരുപാടുണ്ട്, അത് ഓരോ സമയത്തും മാറിമറിഞ്ഞ് വരും. സ്വന്തം മണ്ണിൽ കളിക്കുന്നതിനാൽ ഇന്ത്യയ്ക്ക് ജയിക്കണമെന്ന സമ്മർദ്ദമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെ ഞാൻ പിച്ച് കണ്ടിട്ടില്ല, അത് മൂടിയിട്ടിരിക്കുകയാണ്. എങ്കിലും കൂറ്റൻ സ്‌കോറുകൾ പിറക്കുന്ന ബാറ്റുചെയ്യാൻ സുഖമുള്ള ഫ്ളാറ്റ് പിച്ചാണ് പ്രതീക്ഷിക്കുന്നത്'.- സാന്റ്നർ പറഞ്ഞു. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറയുടെ പ്രകടനത്തെക്കുറിച്ചും സാന്റ്നർ പ്രത്യേകം പരാമർശിച്ചു.
'ബുംറയുടെ പ്രകടനവും എല്ലാവരും ചർച്ച ചെയ്യേണ്ട ഒന്നാണ്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഇന്ത്യയുടെ ഗതി മാറ്റിയത് അദ്ദേഹമായിരുന്നു. ബുംറയുടെ പന്തിൽ റൺസെടുക്കാൻ അവർ ശരിക്കും കഷ്ടപ്പെടുന്നത് നമ്മൾ കണ്ടു. അദ്ദേഹം ഒരു ലോകോത്തര ബൗളറാണെങ്കിലും ടീം ഇന്ത്യയുടെ കരുത്ത് ഒരാളിൽ മാത്രം ഒതുങ്ങുന്നതല്ലല്ലൊ.
ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യൻ ടീമിലെ എല്ലാവരും ഫോമിലാണ്. ഓരോ സമയത്തും ഓരോരുത്തർ കളി ജയിപ്പിക്കാൻ മുന്നോട്ട് വരുന്നു. ഒരു ടീമെന്ന നിലയിൽ ഇന്ത്യ ഇപ്പോൾ നിൽക്കുന്നത് ഏറ്റവും മികച്ച ഫോമിലാണ്. ഒരു ടീമിന് ആവശ്യമുള്ള ഏറ്റവും വലിയ കരുത്തും അതുതന്നെയാണ്.'- സാന്റ്നർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഒന്നിലധികം തവണ ലോകകപ്പ് ഫൈനലുകളിൽ എത്തിയെങ്കിലും കിരീടം നേടാൻ കഴിയാത്ത ശാപം ഇത്തവണ മറികടക്കാനാണ് ബ്ലാക്ക് ക്യാപ്സ് ലക്ഷ്യമിടുന്നത്. എന്നാൽ നോക്കൗട്ട് ഘട്ടങ്ങളിൽ അഹമ്മദാബാദിലെ തങ്ങളുടെ അപരാജിത കുതിപ്പ് തുടരാനാകും ഇന്ത്യയുടെ ശ്രമം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |