
വിനീത് ശ്രീനിവാസൻ മലർവാടി ആർട്ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഭഗത് മാനുവൽ. പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ട ഭഗത് മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. ഇപ്പോഴിതാ തന്റെ കുടുംബപരമായ ചില പ്രശ്നങ്ങളെക്കുറിച്ച് സാമ്പത്തികമായി അനുഭവിച്ച പ്രശ്നങ്ങളെക്കുറിച്ചും തുറന്നുപറയുകയാണ് നടൻ. ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്ന കാലഘട്ടത്തെക്കുറിച്ചാണ് അദ്ദേഹം തുറന്നുപറഞ്ഞത്.
ഭഗത് മാനുവലിന്റെ വാക്കുകളിലേക്ക്
'ഒരിക്കലും വിവാഹമോചനത്തിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സിനിമയിലേക്ക് വന്ന ശേഷമായിരുന്നു വിവാഹം. എറണാകുളത്തുള്ള ഒരു കുട്ടിയായിരുന്നു. ഒരു മകനുണ്ട്. അവൻ ഇപ്പോൾ എനിക്കൊപ്പമുണ്ട്. വിവാഹമോചനം പോലൊന്ന് ജീവിതത്തിൽ സംഭവിച്ചപ്പോൾ പിടിച്ചാൽ കിട്ടാത്ത അവസ്ഥയായി. ഞാൻ മദ്യപാനം ആരംഭിച്ചു. ജീവിതം അലമ്പായി മാറി. വിവാഹമോചനം സംഭവിച്ചുവെന്നതുകൊണ്ടാണ് മദ്യപാനത്തിലേക്ക് തിരിഞ്ഞത്.
ഒരുപാട് പ്രശ്നങ്ങൾ ആ സമയത്തുണ്ടായിരുന്നു. പ്രണയ വിവാഹമായിരുന്നു എന്റേത്. ഡിവോഴ്സിന് ശേഷം ജീവിതത്തിൽ നിന്ന് പുറത്തുവരാൻ ഒരുപാട് സമയമെടുത്തു. മകൻ കൂടെയുണ്ടായിരുന്നത് വലിയ അനുഗ്രഹമായിരുന്നു. എന്റെ അപ്പയും അമ്മയുമാണ് അവനെ വളർത്തിയതും വലുതാക്കിയതും. വിവാഹമോചനത്തിന് ശേഷം ഞാൻ കൊച്ചിയിൽ തന്നെയായിരുന്നു താമസം. അതുകൊണ്ട് കുടുംബ പ്രശ്നങ്ങൾ വീട്ടുകാർ ഒന്നും അറിഞ്ഞില്ല. എന്റെ നാട്ടിൽ നടന്ന ഏറ്റവും വലിയ വിവാഹം എന്റേതായിരുന്നു. പൃഥ്വിരാജിന്റെ ഫ്ളാറ്റിന്റെ തൊട്ടുതാഴെയായിരുന്നു ഞാനും താമസിച്ചിരുന്നത്.
എന്റെ ജീവിതത്തിൽ ഈ പ്രശ്നങ്ങൾ നടക്കുന്ന സമയത്ത് നിവിൻ അടക്കമുള്ള എല്ലാ സുഹൃത്തുക്കളും നല്ല ബിസിയായിരുന്നു. അവർ കരുതി ഞാനും ബിസിയാണെന്ന്. അങ്ങനെ ഒറ്റപ്പെട്ട് ഞാൻ കള്ളുകുടി ആരംഭിച്ചു. ഇതോടെ ലൈഫ് കുറേ അങ്ങ് കയ്യിൽ നിന്ന് പോയി. അതിൽ നിന്ന് എല്ലാം എന്നെ മാറ്റി തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നതും സുഹൃത്തുക്കളാണ്. എന്റെ പ്രിയപ്പെട്ട സുഹൃത്താണ് അജുവും. അവന് ഞാൻ എല്ലാ ദിവസവും ഗുഡ്‌മോർണിംഗ് മെസേജ് അയയ്ക്കും. ഒരു ദിവസം മെസേജ് മുടങ്ങിയാൽ അവന്റെ കോൾ വരും. അത് എനിക്കൊരു ധൈര്യമാണ്. മിഥുനും അതുപോലെയാണ്. ഇതൊക്കെ ഞാൻ നേടിയെടുത്ത സമ്പാദ്യമാണ്.
ഏഴ് വർഷം മുമ്പ് ഞാൻ വീണ്ടുമൊരു വിവാഹം കഴിച്ചു. ഇപ്പോൾ അവൾ എനിക്ക് എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്. വീട്ടുകാർ ആലോചിച്ച് നടത്തിയ വിവാഹമാണ്. ഈ ബന്ധത്തിൽ ഒരു മകനുണ്ട്. കൊവിഡിന് ശേഷം അമ്മയ്ക്ക് വയ്യാണ്ടായി. സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കി. അമ്മ ഇപ്പോൾ ജീവിച്ചിരിക്കാൻ കാരണം കൂട്ടുകാർ തന്നെയാണ്'- ഭഗത് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |