
കോന്നി : വനാന്തര ഗ്രാമമായ കൊക്കാത്തോട്ടിൽ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ആവണിപ്പാറ പാലം യാഥാർത്ഥ്യമാകുന്നു. അഡ്വ. കെ. യു .ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച 2.73 കോടി രൂപ ഉപയോഗിച്ചാണ് പാലം നിർമ്മിക്കുന്നത്. കൊക്കാത്തോട്ടിലെ ആവണിപ്പാറ ആദിവാസി കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ഇവിടെ വൈദ്യുതിയും ഇല്ലായിരുന്നു. 37 കുടുംബങ്ങൾ മാത്രം താമസിക്കുന്ന ആവണിപ്പാറയിലേക്ക് 2020 ൽ 1.6 കോടി രൂപ വിനിയോഗിച്ച് ആറ് കിലോമീറ്റർ ഭൂഗർഭ കേബിൾ വലിച്ചാണ് വൈദ്യുതി എത്തിച്ചത്.
അച്ചൻകോവിലാറ്റിൽ വെള്ളം പൊങ്ങുമ്പോൾ ആവണിപ്പാറ ഒറ്റപ്പെടും. ഇപ്പോൾ ഫൈബർ വള്ളത്തിലാണ് മറുകര കടക്കുന്നത്. വള്ളത്തിൽ യാത്ര ചെയ്യുന്നതിന് ഇരുകരകളെയും ബന്ധിപ്പിച്ച് പ്ലാസ്റ്റിക് കയറുകൾ മരക്കുറ്റിയിൽ ബന്ധിപ്പിച്ചിട്ടുണ്ട്. അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ക്ഷേമ ശേഖർ അദ്ധ്യക്ഷത വഹിച്ചു.
വനംവകുപ്പിന്റെ അനുമതി വൈകി
@ പൂർണമായും വനത്തിനുള്ളിൽ കൂടി പോകുന്ന അച്ചൻകോവിലാറ് കടന്നുവേണം ആവണിപ്പാറയിലെത്താൻ. പാലം നിർമ്മിക്കുന്നതിന് വനഭൂമി ലഭിക്കാനുണ്ടായ കാലതാമസാണ് വൈകാൻ കാരണം.
@ അനുമതിക്കായി ഏറെക്കാലമായി ശ്രമങ്ങൾ നടത്തിയെങ്കിലും പരിസ്ഥിതി പ്രശ്നങ്ങൾ ഉന്നയിച്ച് വനംവകുപ്പ് നിഷേധിച്ചു. 2023ലാണ് അനുമതി ലഭിച്ചത്.
@ പാലം നിർമ്മിക്കുന്നതിന് ആവശ്യമായ ഭൂമി പൊതുമരാമത്ത് വകുപ്പിന് വനംവകുപ്പ് വിട്ടുനൽകിയതോടെ തുടർ നടപടികളിലേക്ക് കടന്നു. പൊതുമരാമത്ത് പാലം വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചു.
നീളം : 66.60 മീറ്റർ
വീതി : 3.5
അപ്രോച്ച്റോഡ് : 45 മീറ്റർ
--------------------
നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനാണ് പരിഹാരമാകുന്നത്. പാലം വരുന്നതോടെ ആവണിപ്പാറയിലെ യാത്രാദുരിതം അവസാനിക്കും
അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |