
കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്താകെ ഹോട്ടലുകൾക്കും റെസ്‌റ്റോറന്റുകൾക്കും താഴ് വീഴുന്നു. പ്രതിസന്ധി മറികടക്കാൻ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പനികൾ നിറുത്തി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമ കാരണം.
ഗാർഹിക കണക്ഷനും നിയന്ത്രണത്തോടെയാണ് നൽകുന്നത്. കഴിഞ്ഞയാഴ്ചവരെ ബുക്കുചെയ്താൽ അടുത്ത ദിവസം ഗ്യാസ് കിട്ടുമായിരുന്നു. ഇപ്പോൾ ബുക്കിംഗ് ഇടവേള 25 ദിവസമാക്കിയിട്ടുണ്ട്. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ അവശ്യ സാധന നിയമം നടപ്പാക്കി. ഇതനുസരിച്ച് എൽ.പി.ജി, സി.എൻ.ജി, പെെപ്പ്ഡ് ഗ്യാസ് തുടങ്ങിയ മുൻഗണന മേഖലകൾക്ക് നൽകിയ ശേഷമേ പ്രകൃതി വാതകം മറ്റുള്ളവർക്ക് ലഭ്യമാക്കൂ. സി.എൻ.ജി, പൈപ്പ്‌ഡ് പാചക വാതകം എന്നിവ മാത്രമാണ് പ്രകൃതി വാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്.
അവശ്യസേവനമേഖലകളായ ആശുപത്രികൾ, സ്‌കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര മേഖലകൾക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയെന്ന് ബി.പി.സി.എല്ലും ഐ.ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഹോട്ടലുകൾ, റെസ്‌റ്റോറന്റുകൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനെ കുറച്ച് ആലോചിക്കാൻ മൂന്ന് എണ്ണക്കമ്പനികളുടെയും എക്‌സിക്യുട്ടീവ് ഡയറക്‌ടർമാരെ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ സമിതി രൂപീകരിച്ചു.
വിതരണ തടസം പരിഹരിക്കാൻ നിർദ്ദേശം
അതിനിടെ പാചകവാതക ക്ഷാമവും ഇന്ധനവില വർദ്ധനയും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ഇന്ധന വിതരണ ശൃംഖലയിലുണ്ടായ തടസം പരിഹരിക്കണമെന്ന് പ്രധാനമന്ത്രി നിർദ്ദേശിച്ചു. റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള സാദ്ധ്യതയും വിദേശകാര്യ മന്ത്രാലയം പരിശോധിക്കുന്നുണ്ട്. സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചുനിർത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ഇന്ത്യയുടെ പ്രതിവർഷ
പാചക വാതക ഉപഭോഗം- 3.13 കോടി ടൺ
വിതരണത്തിൽ മുൻഗണന
ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകം
പൈപ്പ് വഴിയുള്ള എൽ.പി.ജി
സി.എൻ.ജി വിതരണം
ആശുപത്രി, സ്കൂൾ തുടങ്ങിയവയ്ക്കുള്ള വാണിജ്യ എൽ.പി.ജി
തടസം നേരിടുന്നത്
ഹോട്ടൽ-റെസ്റ്റോറന്റ് മേഖലകൾ
വളം ഉത്പാദനം അടക്കമുള്ള മേഖലകളുടെ പ്രവർത്തനം
ഹോട്ടലുകൾക്ക് പാചകവാതകം അവശ്യവസ്തുവായി പരിഗണിച്ച് വിതരണം ചെയ്യണം
ജി. ജയപാൽ (പ്രസിഡന്റ്)
എൻ. അബ്ദുൾ റസാഖ് (ജനറൽ സെക്രട്ടറി)
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |