
വഴിയിൽ കാട്ടാനക്കൂട്ടമുണ്ടാകാം
കോതമംഗലം: വേനൽ കടുത്തതോടെ ഭൂതത്താൻകെട്ട്-ചക്കിമേട്-വടാട്ടുപാറ റോഡിൽ പകൽസമയത്തും കാട്ടാനകളുടെ ഭീഷണി. കഴിഞ്ഞദിവസം വൈകിട്ട് 5.30ഓടെ ചക്കിമേട് ഭാഗത്ത് കുട്ടിയാനയുൾപ്പെടെയുള്ള സംഘം കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ ഇറങ്ങിയത് പരിഭ്രാന്തി പരത്തി. ആനകൾ വനത്തിലേക്ക് മടങ്ങിയശേഷമാണ് ബസ് യാത്ര തുടർന്നത്.
തേക്ക് പ്ലാന്റേഷനിലൂടെ കടന്നുപോകുന്ന ഈ റോഡിൽ ആനകളുടെ സാന്നിദ്ധ്യം പതിവാണെങ്കിലും വേനൽ രൂക്ഷമായതോടെ ഇവയുടെ എണ്ണം വർദ്ധിച്ചു. നൂറുകണക്കിന് ആനകളുള്ള വിസ്തൃതമായ വനമേഖലയാണിത്. ജലക്ഷാമം രൂക്ഷമാകുന്നതോടെ ആനകൾ ജനവാസമേഖലയോട് ചേർന്ന റോഡുകളിലേക്ക് കൂടുതൽ ഇറങ്ങാൻ സാദ്ധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനപാലകർ മുന്നറിയിപ്പ് നൽകി.
1 പെരിയാറിൽ വെള്ളംകുടിക്കാനും തീറ്റതേടാനുമായി എത്തുന്ന ആനക്കൂട്ടം റോഡിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിരമായി തമ്പടിക്കുന്നു
2 റോഡിന് ഇരുവശവും ഫെൻസിംഗ് സ്ഥാപിക്കണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നെങ്കിലും പ്രായോഗികമല്ലെന്ന വിലയിരുത്തലിൽ ഉപേക്ഷിക്കുകയായിരുന്നു
3 ആനകളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്താൽ വനപാലകരും ആർ.ആർ.ടിയുമെത്തി സുരക്ഷ ഉറപ്പാക്കാറുണ്ട്
4 റോഡിൽനിന്ന് ആനകൾ വനത്തിലേക്ക് കയറുന്നതുവരെ വാഹനങ്ങൾ നിയന്ത്രിക്കുകയാണ് പതിവ്
വനത്തിനുള്ളിൽ വെള്ളവും തീറ്റയും ഉറപ്പാക്കുകയാണ് ആനകളെ നിയന്ത്രിക്കാനുള്ള ഏകമാർഗം. അതിനുള്ള നടപടി അധികൃതർ സ്വീകരിക്കണം.
ജയിംസ് കോറമ്പേൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |