നീലേശ്വരം: തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചുമരെഴുത്ത് തുടങ്ങി. സ്ഥാനാർത്ഥിയുടെ പേരുനുള്ള സ്ഥലം ഒഴിച്ചിട്ടാണ് ചുമരെഴുത്ത് നടത്തിയിരിക്കുന്നത്.
ജില്ലാ കമ്മറ്റിയംഗം വി.പി.പി. മുസ്തഫയെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായിട്ടുണ്ടെങ്കിലും സ്ഥാനാർത്ഥിത്വം ഇപ്പോഴും സ്ഥിരീകരിച്ചിട്ടില്ല.
ഉദുമയിൽ സി.എച്ച് കുഞ്ഞമ്പുവിനെ വീണ്ടും സ്ഥാനാർത്ഥിയാക്കാനും മഞ്ചേശ്വരത്ത് ജില്ലാ സെക്രട്ടറിയേറ്റംഗം കെ.ആർ ജയാനന്ദയെ മത്സരിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എന്നാൽ തൃക്കരിപ്പൂരിൽ ഇതുവരെയും ചിത്രം വ്യക്തമായിട്ടില്ല. കെ.പി. സതീഷ്‌ചന്ദ്രനെ ഒരിക്കൽ കൂടി മത്സരിപ്പിക്കണമെന്ന നിർദ്ദേശം പാർട്ടിക്കുള്ളിൽ ഉയർന്നുവന്നതാണ് അനിശ്ചിതത്വത്തിന് കാരണമെന്നാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും തൃക്കരിപ്പൂർ മണ്ഡലത്തിൽ കനത്ത വോട്ട് ചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. അതുകൊണ്ടുതന്നെ യു.ഡി.എഫിന് നല്ലൊരു സ്ഥാനാർത്ഥി വന്നാൽ ഇവിടെ വിജയിക്കാൻ ഏറെ പാടുപെടേണ്ടിവരുമെന്നാണ് നേതൃത്വം കരുതുന്നത്. രണ്ടുതവണ തൃക്കരിപ്പൂർ മണ്ഡലത്തിൽ എം.എൽ.എയായിട്ടുള്ള കെ.പി സതീഷ്‌ചന്ദ്രന് മണ്ഡലത്തിൽ നല്ല സ്വാധീനമുണ്ട്. ഒപ്പം തന്നെ രാഷ്ട്രീയ എതിരാളികൾക്കിടയിലും സതീഷ്‌ചന്ദ്രന് സ്വാധീനമുണ്ടെന്നതിനാൽ സതീഷ്‌ചന്ദ്രൻ ഒരിക്കൽ കൂടി മത്സരിച്ചാൽ വിജയം എളുപ്പമാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു. അതേസമയം വീണ്ടും മത്സരിക്കുന്ന കാര്യത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഇടതുമുന്നണി കൺവീനറുമായ കെ.പി. സതീഷ് ചന്ദ്രൻ മനസ് തുറന്നിട്ടില്ല.
അതേസമയം മുസ്തഫ മത്സരിച്ചാൽ ന്യൂനപക്ഷ വോട്ടുകളിൽ ഏകോപനമുണ്ടാക്കാൻ കഴിയുമെന്ന വിലയിരുത്തലുമുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലും വി.പി.പി മുസ്‌തഫയെ സ്ഥാനാർത്ഥിയാക്കണമെന്ന ശക്തമായ ആവശ്യം അണികളിൽ നിന്നും ഉയർന്നുവന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വത്തിന് അനുകൂലമായ നിലപാടായിരുന്നില്ല ഉണ്ടായിരുന്നത്. ഇത്തവണ സംസ്ഥാന നേതൃത്വം മുസ്‌തഫയ്ക്ക് അനുകൂലമാണ്. പക്ഷേ വിജയസാധ്യത നോക്കിയായിരിക്കും സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടാവുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |