
ആലപ്പുഴ : മുതിർന്ന സി.പി.എം നേതാവും, മുൻ മന്ത്രിയുമായ ജി.സുധാകരൻ അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി ജനവിധി തേടും. ഇത് സംബന്ധിച്ച പ്രഖ്യാപനം ഇന്ന് രാവിലെ 11ന് പുന്നപ്ര പറവൂരിലെ വീട്ടിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം നടത്തും.
പാർട്ടിക്കെതിരായല്ല മത്സരമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. ഒരു മുന്നണിയുടെയും പിന്തുണയെക്കുറിച്ച് ചിന്തിച്ചിട്ടില്ല.
പാർട്ടിയിലെ ചിലരുടെ ഭാഗത്തു നിന്നുണ്ടായ അപമാനകരവും വിഷമകരവുമായ പെരുമാറ്റമാണ് മത്സരമെന്ന തീരുമാനത്തിലേക്ക് സുധാകരനെ എത്തിച്ചത്. നിലപാട് പരസ്യപ്പെടുത്തുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിൽ മാദ്ധ്യമപ്രവർത്തകരെ ഉൾപ്പെടുത്തി 'മീഡിയ ജി.എസ് ഒഫീഷ്യൽ' എന്ന വാട്സാപ്പ് ഗ്രൂപ്പ് കഴിഞ്ഞദിവസം സുധാകരൻ ആരംഭിച്ചു. വാർത്താസമ്മേളനം നടത്തുന്ന വിവരം ഗ്രൂപ്പ് വഴി അറിയിച്ചതിന് പിന്നാലെ അവസാനവട്ട അനുനയ ശ്രമമെന്ന നിലയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ജി.സുധാകരനെ ഫോണിൽ ബന്ധപ്പെട്ടു. പാർട്ടിക്കൊപ്പം തുടരണമെന്ന അഭ്യർത്ഥന നടത്തിയിട്ടും, കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചിട്ടും സുധാകരൻ വഴങ്ങിയില്ല. ജി.സുധാകരൻ മത്സരിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പുറത്തു വന്നതിന് പിന്നാലെ സമൂഹത്തിന്റെ നാനാ തുറകളിൽ നിന്ന് നിരവധി പേരാണ് അദ്ദേഹത്തിന് പിന്തുണയറിയിച്ച് ഫോണിൽ വിളിക്കുകയും
വീട്ടിലെത്തുകയും ചെയ്തത്. മാദ്ധ്യമങ്ങളെ കാണാൻ തയ്യാറായിരുന്നില്ലെങ്കിലും വീട്ടിലെത്തുന്ന സാധാരണക്കാരായ സന്ദർശകരെ അദ്ദേഹം കണ്ടിരുന്നു.
സംഘടനാ സംവിധാനത്തിന് പുറത്തുനിന്ന് സ്വതന്ത്രനായി ജനവിധി തേടുന്നതിനാൽ കോലാഹലങ്ങളില്ലാത്ത പ്രചരണരീതികളെ കുറിച്ച് സുധാകരൻ ആലോചിക്കുന്നതായാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച്ചയാണ് താൻ പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്നും, പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വ്യക്തമാക്കി ഫേസ്ബുക്കിൽ സുധാകരൻ കുറിപ്പിട്ടത്. ഇതിന് പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം ബന്ധപ്പെട്ട് അനുനയ ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
നേതാക്കൾ കൂട്ടത്തോടെ ജി. സുധാകന്റെ വീട്ടിലെത്തി
ജി.സുധാകരൻ നിലപാട് ഇന്ന് വ്യക്തമാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രിയിൽ സി.പി.എം നേതാക്കൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി അവസാനവട്ട അനുനയ ചർച്ച നടത്തി. രാത്രിയിൽ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് ചേരുന്നതിനിടെയാണ് നേതാക്കൾ എട്ട് മണിയോടെ സുധാകരനെ സന്ദർശിക്കാനെത്തിയത്.
ഇരുപത് മിനിറ്റിലധികം നീണ്ട ചർച്ചയിലും സുധാകരൻ നിലപാടിൽ അയവ് വരുത്തിയില്ലെന്നാണ് വിവരം. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാത, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. പ്രസാദ്, സി.ബി. ചന്ദ്രബാബു, ജില്ലാ സെക്രട്ടറി ആർ. നാസർ, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ കെ. രാഘവൻ, കെ.എച്ച്. ബാബുജാൻ, ജി. ഹരിശങ്കർ, എ. മഹേന്ദ്രൻ, കെ.ആർ. ഭഗീരഥൻ, എ.എം. ആരിഫ്, മനു സി. പുളിക്കൽ, കെ.ജി. രാജേശ്വരി തുടങ്ങിയവരാണ് ചർച്ചയ്ക്കെത്തിയത്. സുധാകരന്റെ വീട്ടുമുറ്റത്തായിരുന്നു ചർച്ച. ചർച്ച കഴിഞ്ഞിറങ്ങിയ നേതാക്കൾ, സുധാകരൻ പാർട്ടി വിട്ട് പോകില്ലെന്നാണ് വിശ്വാസമെന്ന് പ്രതികരിച്ചു. സഖാവ് പാർട്ടിക്കൊപ്പമുണ്ടാകുമെന്നും അംഗത്വം പുതുക്കാൻ ഇനിയും സമയമുണ്ടല്ലോ എന്നുമായിരുന്നു സി.ബി. ചന്ദ്രബാബുവിന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയൻ ജി.സുധാകരനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെന്ന വിവരം പറത്തുവന്നെങ്കിലും തന്റെ ഫോണിൽ വിളിവന്നിട്ടില്ലെന്നാണ് സുധാകരൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |