SignIn
Kerala Kaumudi Online
Tuesday, 21 April 2026 11.01 AM IST

വ്യക്തിമുദ്ര പതിപ്പിച്ച വനിതകളാൽ ശ്രദ്ധേയം ഷീ എംപവർ കോൺക്ലേവ് 

Increase Font Size Decrease Font Size Print Page
k

തിരുവനന്തപുരം: വനിതാ ദിനവുമായി ബന്ധപ്പെട്ട് കൗമുദി ടി.വി സംഘടിപ്പിച്ച ഷീ എംപവർ കോൺക്ലേവ് വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. രാഷ്ട്രീയ, കലാ, സാംസ്‌കാരിക,ബിസിനസ് മേഖലകളിൽ കഴിവു തെളിയിച്ചവർ അനുഭവങ്ങൾ പങ്കുവെച്ചു.ഹോട്ടൽ സൗത്ത്പാർക്കിൽ നടന്ന കോൺക്ലേവിൽ മുൻ ഡി.ജി.പിമാരായ ആർ.ശ്രീലേഖ, ബി.സന്ധ്യ, കേരള കൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ,തിരുവനന്തപുരം ജില്ലാകളക്ടർ അനുകുമാരി, മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിംഗ് ഡയറക്ടർ റാണി മോഹൻദാസ്, മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്.ശ്രീകല, സിനിമാതാരം മഞ്ജു പത്രോസ് എന്നിവർ ഭദ്രദീപം തെളിച്ചു.

ജോലിയുള്ള സ്ത്രീകൾക്ക് കുടുംബത്തിൽ നിന്നു പിന്തുണ ലഭിക്കണമെന്നും ആൺമക്കളെ അടുക്കള കാര്യങ്ങൾ പരിശീലിപ്പിക്കുന്ന സംസ്‌കാരം വളർത്തിയെടുക്കണമെന്നും ജില്ലാ കളക്ടർ അനുകുമാരി ചൂണ്ടിക്കാട്ടി. ഉത്തമ മനുഷ്യരാകണമെങ്കിൽ ആൺ ,പെൺ വ്യത്യാസം മറന്ന് വീട്ടുകാര്യങ്ങളിൽ ഇടപെടണമെന്ന് മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിംഗ് ഡയറക്ടർ റാണി മോഹൻദാസ് പറഞ്ഞു.

പ്രാഗൽഭ്യം തെളിയിച്ച വനിതകളെ ആദരിച്ചു. കേരള കൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ, ഡയറക്ടർമാരായ ശൈലജ രവി, ലൈസ ശ്രീനിവാസൻ എന്നിവർ മൊമെന്റോ സമ്മാനിച്ചു. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ എസ്.ശ്രീകല, മഞ്ജു പത്രോസ്, മെഡിട്രീന ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് സി.ഇ.ഒ ഡോ.മഞ്ജു പ്രതാപ്, ന്യൂ രാജസ്ഥാൻ മാർബിൾസ് ഡയറക്ടർ ബീന വിഷ്ണുഭക്തൻ, സെറീന ഫൗണ്ടർ ആന്റ് പ്രൊപ്രൈറ്റർ ഷീല ജയിംസ്, റിലേഷൻസ് മീഡിയ ക്രിയേറ്റീവ് ഹെഡ് ദീപ കമാൽ, എസ്.കെ ഹോസ്പ്പിറ്റൽസ് സി.ഇ.ഒ ഡോ. സന്ധ്യ, സരസ്വതി എന്റർപ്രൈസസ് എം.ഡി ഐശ്വര്യ എസ്, സ്വയംവര സിൽക്സിനു വേണ്ടി സീനിയർ മാനേജർ സവിത പുണർതൻ എന്നിവർ പുരസ്‌കാരം സ്വീകരിച്ചു.

സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ ശ്രീജ, അരുണിമ എന്നിവർക്ക് മുൻ ഡി.ജി.പി ബി.സന്ധ്യ ഉപഹാരം നൽകി. കേരള കൗമുദി പ്രസിദ്ധീകരിക്കാൻ പോകുന്ന വിമൻ ഓഫ് വിഷൻ എന്ന പുസ്തകത്തിന്റെ കവർ പ്രകാശനവും ചടങ്ങിൽ നടന്നു.

എത്ര പ്രണയമായാലും ആണുങ്ങൾക്ക്
അഭിവാദ്യം വിളിക്കും : ആർ.ശ്രീലേഖ

തിരുവനന്തപുരം : എത്ര പ്രണയങ്ങളുണ്ടെങ്കിലും നാണംകെട്ടാലും ആണുങ്ങൾക്ക് പുറകെ അഭിവാദ്യം വിളിക്കാൻ ഒരുപാടുപേർ നാട്ടിലുണ്ടെന്ന് മുൻ ഡി.ജി.പിയും കോർപറേഷൻ കൗൺസിലറുമായ ആർ.ശ്രീലേഖ പറഞ്ഞു.

വനിതാ ദിനത്തോടനുബന്ധിച്ച് കൗമുദി ടി.വി ഹോട്ടൽ സൗത്ത്പാർക്കിൽ സംഘടിപ്പിച്ച ഷീ എംപവർ ക്ലോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

പുരുഷൻമാർക്ക് എന്തുമാകാമെന്ന സ്ഥിതിയാണ് .പക്ഷെ, സ്ത്രീ ഒരു ചെറിയ തെറ്റ് ചെയ്താൽ പറയാത്ത അപവാദം ഉണ്ടാകില്ല.

സാമൂഹിക മാദ്ധ്യമങ്ങളിൽ സ്ത്രീകൾക്ക് എതിരെയാണ് ഏറ്റവും മോശപ്പെട്ട കമന്റുകൾ വരുന്നത്. സ്ത്രീകളെ ചൂഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന പൊതുസമൂഹം ഇവിടെയുണ്ട്.

വിദ്യാഭ്യാസം നേടി സ്ത്രീകൾക്ക് സ്വതന്ത്രമായി രണ്ട് കാലിൽ നിന്ന് ശക്തീകരിക്കപ്പെടാമെന്ന് വിചാരിക്കും. അത് വിഡ്ഢിത്തമാണ്. മുമ്പ് ഐ.എ.എസ് ഓഫീസർക്ക് നേരെ ലൈംഗിക അതിക്രമം ഉണ്ടായിട്ട് എന്താണ് സംഭവിച്ചത്.

ആ വ്യക്തി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു ഊരിപോയി. അടുത്ത ഇലക്ഷന് 35,000 വോട്ടിന്റെ ഭൂരിപക്ഷത്തോടുകൂടി ജനങ്ങൾ വിജയിപ്പിച്ചു. ഇതിന് കാരണം പുരുഷൻമാർ മാത്രമല്ല, സ്ത്രീകളുടെയും തെറ്റാണ്. ശക്തി സ്ത്രീകളിൽ അന്തർലീനമായതാണ്. അത് തിരിച്ചറിഞ്ഞ് ഉണർന്ന് പ്രവർത്തിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിൽ സ്ത്രീകളുടെ പേരിൽ
വസ്തു കുറവ്: ഡോ.ബി.സന്ധ്യ

തിരുവനന്തപുരം : മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ സ്ത്രീകളുടെ പേരിൽ വസ്തു രജിസ്റ്റർ ചെയ്യുന്നത് വളരെ കുറവാണെന്ന് മുൻ ഡി.ജി.പിയും കേരള റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിട്ടി ( കെ റെറ) അംഗവുമായ ‌ഡോ.ബി.സന്ധ്യ പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് കൗമുദി ടി.വി ഹോട്ടൽ സൗത്ത്പാർക്കിൽ സംഘടിപ്പിച്ച ഷീ എംപവർ ക്ലോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അവർ.

മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങൾ സ്ത്രീകളുടെ പേരിൽ വസ്തുക്കൾ രജിസ്റ്റർ ചെയ്താൽ പല ആനുകൂല്യങ്ങളും നൽകുന്നുണ്ട്. സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിടുന്ന സമൂഹത്തിൽ ഇക്കാര്യവും ഗൗരവകരമായി ചിന്തിക്കണം.

ടെക്‌നോപാർക്കുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ പോലും ഇന്നും ആവലാതിയുമായി നടക്കുന്നു. രാത്രിയും സ്ത്രീകൾക്ക് ഇറങ്ങി നടക്കാൻ സാധിക്കണം. രാത്രി 12ന് റോഡിൽ സ്ത്രീകൾ ഇറങ്ങി നടക്കണമെങ്കിൽ ചായക്കടയിലും ട്രാൻസ്‌പോർട്ട് ബസിലും സാരഥികൾ സ്ത്രീകളാകണം.

ഞാൻ എന്റെ ഭാര്യക്ക്, മുഴുവൻ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് ഉയർന്ന സ്ഥാനങ്ങളിലുള്ള പല പുരുഷന്മാരും പ്രസംഗിക്കാറുണ്ട്. ഭാര്യക്ക് ഭർത്താവ് കൊടുക്കുന്നതാണോ സ്വാതന്ത്ര്യം എന്നുപോലും മനസിലാക്കാതെയാണ് ഇക്കൂട്ടർ സംസാരിക്കുന്നതെന്നും ഡോ.ബി.സന്ധ്യ കൂട്ടിച്ചേർത്തു.

സ്ത്രീകൾ അടുക്കളയുടെ മാത്രം
അവകാശികളല്ല : അഞ്ജു ശ്രീനിവാസൻ

തിരുവനന്തപുരം : സ്ത്രീകൾ പണ്ടത്തേതുപോലെ അടുക്കളയുടെ മാത്രം അവകാശികളല്ലെന്നും സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് ചിറക് വിരിച്ച് അവസരങ്ങളുടെ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും

കേരളകൗമുദി മാനേജിംഗ് ഡയറക്ടർ അഞ്ജു ശ്രീനിവാസൻ പറഞ്ഞു. വനിതാ ദിനത്തോടനുബന്ധിച്ച് കൗമുദി ടി.വി ഹോട്ടൽ സൗത്ത്പാർക്കിൽ സംഘടിപ്പിച്ച ഷീ എംപവർ ക്ലോൺക്ലേവിൽ സ്വാഗതം പറയുകയായിരുന്നു അവർ.

സ്ത്രീകൾ ഇന്ന് ബിസിനസ് സ്ഥാപനങ്ങളുടെ സി.ഇ.ഒ.മാരായി ശക്തി തെളിയിക്കുന്നു, മന്ത്രിമാരായും ഐ.എ.എസ്. ഉദ്യോഗസ്ഥരായും ശ്രദ്ധ നേടുന്നു. സൈന്യത്തിന്റെ ഭാഗമാകുന്നു. ഏതു പുരുഷന്റെ വിജയത്തിനു പിന്നിലും ഒരു സ്ത്രീ ഉണ്ടാകും എന്ന് പറയാറുണ്ട്. തിരിച്ചും അതുണ്ടാകും. ഏത് സ്ത്രീയുടെ വിജയത്തിന് പിന്നിലും അച്ഛനോ, ഭർത്താവോ ഒക്കെയായി ഒരു പുരുഷന്റെ സാന്നിദ്ധ്യമുണ്ടാകും. പുരുഷനും സ്ത്രീയും ഉമാമഹേശ്വരൻമാരെ പോലെ ഒരേ ശക്തിയുടെ രണ്ട് പകുതികളാണ്. വനിതാദിനത്തോടനുബന്ധിച്ച് വിവിധ മേഖകളിൽ വ്യക്തിമുദ്രപതിപ്പിച്ച സ്ത്രീകളെ ആദരിക്കുന്നത് കേരളകൗമുദി മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യനീതിയുടെയും തുല്യതയുടെയും ഭാഗമാണെന്നും അഞ്ജു ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

TAGS: CONCLAVE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.