
പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച നടൻ കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രധാനമന്ത്രിയെ നേരിട്ട് കണ്ടതിന്റെ ആശ്ചര്യവും സന്തോഷവും പങ്കുവയ്‌ക്കുകയാണ് കൃഷ്‌ണകുമാറിന്റെ ഭാര്യ സിന്ധുകൃഷ്‌ണ. ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ഒരു നിമിഷമായിരുന്നു അതെന്നും അടുത്ത് പരിചയമുള്ളവരോടെന്നപോലെയാണ് നരേന്ദ്രമോദി സംസാരിച്ചതെന്നും സിന്ധുകൃഷ്‌ണ പറഞ്ഞു. ദിയകൃഷ്‌ണയുടെ മകൻ ഓമിക്ക് പ്രധാനമന്ത്രി നൽകിയ സമ്മാനം നിധിപോലെ സൂക്ഷിച്ചു വച്ചിട്ടുണ്ടെന്നും സിന്ധുകൃഷ്‌ണ പറഞ്ഞു.
'സോഷ്യൽ മീഡിയയിൽ നിങ്ങൾ എല്ലാവരും കണ്ടിട്ടുണ്ടാകും പ്രധാനമന്ത്രിയുടെ കൂടെയുള്ള ഞങ്ങളുടെ ഫോട്ടോസ്. ഓമിയുടെ കൂടെയുള്ള ഫോട്ടോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ ഇട്ടിട്ടുണ്ടായിരുന്നു. അതു ഭയങ്കര സന്തോഷമുള്ള കാര്യമായിരുന്നു. അവിടെ ഓഫീസിൽ പോയത് അതിലും വലിയ അനുഭവമായിരുന്നു'- സിന്ധുകൃഷ്‌ണ പറയുന്നു.
പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ചെല്ലുമ്പോഴുണ്ടായ ആശ്ചര്യത്തെക്കുറിച്ച് പറയാനും സിന്ധു കൃഷ്‌ണ മറന്നില്ല. ഇന്ദിരാഗാന്ധി പ്രൈം മിനിസ്‌റ്റർ ആയിരുന്ന കാലത്ത് രാഹുൽ ഗാന്ധിയും പ്രിയങ്കാഗാന്ധിയുമൊക്കെ അതിലൂടെ ഓടിക്കളിച്ചിട്ടുണ്ടാകാമെന്ന് മക്കളോട് പറഞ്ഞതായും സിന്ധുകൃഷ്‌ണ ഓർത്തെടുക്കുന്നു. അതിമനോഹരമാണ് അവിടമെന്നാണ് സിന്ധുകൃഷ്‌ണ പറയുന്നത്. നരേന്ദ്രമോദിയെ വളരെയധികം ഇഷ്‌ടമാണെന്നും എന്നെങ്കിലും ഒരിക്കൽ അദ്ദേഹത്തെ അടുത്ത് നിന്നുകണ്ട് സംസാരിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും സിന്ധു കൃഷ്‌ണ കൂട്ടിച്ചേർത്തു.
'ഓമി അവിടെ എത്തിയപ്പോഴേക്കും ഉറങ്ങിപ്പോയിരുന്നു. ഓമി എണീറ്റ സമയത്താണ് അദ്ദേഹത്തെ കാണാൻ പോയത്. അവൻ വലുതായി വരുമ്പോൾ ഇന്നു വന്ന ഫോട്ടോയൊക്കെ കാണുമ്പോൾ വിചാരിക്കും ശേ ഇച്ചിരിക്കൂടെ ചിരിക്കാമായിരുന്നെന്ന്. ഞങ്ങളുടെ ആ അനുഭവം എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. ഞങ്ങളെല്ലാവരും അദ്ദേഹത്തോട് സംസാരിച്ചു. ഇനി വീണ്ടും എന്നാണ് കാണാനാകുന്നതെന്ന വികാരത്തോടെയാണ് അവിടെനിന്നിറങ്ങിയത്. ഓമിക്ക് ഒരു ചോക്ലേറ്റ് പ്രധാനമന്ത്രി നൽകിയിരുന്നു. അവൻ ചോക്ലേറ്റ് കഴിക്കാറായിട്ടില്ല. ആ ചോക്ലേറ്റ് ഒരു നിധിപോലെ ഇഷാനിയിവിടെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ഡയറി മിൽക്കിന്റെ ഒരു ചോക്ലേറ്റ് ആണത്. ഇതുപോലെ കാണണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് അമിതാഭ് ബച്ചൻ. 96-ൽ 'അമ്മ' ഷോയുടെ സമയത്ത് അമിതാഭ് ബച്ചൻ അതിഥിയായി വന്നിരുന്നു. പക്ഷേ, അങ്ങനെയല്ല പേഴ്‌സണലി അദ്ദേഹത്തെ കാണണം. എന്നെങ്കിലും നടക്കുമായിരിക്കും'.- സിന്ധുകൃഷ്ണ പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |