
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണെങ്കിലും സ്ഥാനാർത്ഥികളിൽ ഭൂരിഭാഗവും നേരത്തേതന്നെ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. മുൻ കാലങ്ങളിൽ നിന്നും വളരെ വ്യത്യസ്‌തമായ പുത്തൻ രീതികളാണ് ഓരോ പാർട്ടികളും സ്ഥാനാർത്ഥികളും ഇക്കുറി പരീക്ഷിക്കുന്നത്. എഐ വീഡിയോ ഉൾപ്പെടെ പുറത്തിറക്കി പലരും വൈറലായിക്കഴിഞ്ഞു. എന്നാൽ, ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്‌തനായിരിക്കുകയാണ് കൊല്ലത്തെ ബിജെപി സ്ഥാനാർത്ഥി ഡോ. എൻ പ്രതാപ് കുമാർ.
വോട്ടഭ്യർത്ഥിക്കുന്ന തിരക്കിനിടയിൽ ഗുരുതരാവസ്ഥയിലായ 70കാരനെ രക്ഷിക്കാനായി ഡോ. പ്രതാപ് കുമാർ ആശുപത്രിയിലെത്തി. ഗുരുതര ഹൃദ്‌രോഗം ബാധിച്ച വൃദ്ധന് അതിസങ്കീർണമായ ശസ്‌ത്രക്രിയയിലൂടെ അദ്ദേഹം ജീവൻ തിരികെ നൽകി. ബിജെപി കേരളം എന്ന ഫേസ്‌ബുക്ക് പേജിലൂടെയാണ് വിവരം ചിത്രങ്ങൾ സഹിതം പുറത്തുവിട്ടിരിക്കുന്നത്. പൊതുസേവനത്തിന്റെ ഉത്തമ ഉദാഹരണമാണ് ഡോ. പ്രതാപ് കുമാർ എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. തന്റെ കർമമണ്ഡലത്തിൽ അദ്ദേഹം പുലർത്തുന്ന ഇതേ സ്‌നേഹവും കരുതലും ബിജെപി സ്ഥാനാർത്ഥി കൊല്ലത്തെ ഓരോ പൗരനും ഉറപ്പ് നൽകുന്നുവെന്നും പോസ്റ്റിലുണ്ട്.
കൊല്ലത്തെ മെഡിട്രിന ആശുപത്രിയിൽ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റാണ് ഡോ. പ്രതാപ് കുമാർ. 70 വയസുകാരന് അതിസങ്കീർണമായ ആൻജിയോപ്ലാസ്റ്റി നടത്താനാണ് അദ്ദേഹം പ്രചാരണം മാറ്റിവച്ച് ആശുപത്രിയിലേക്കെത്തിയത്. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടക്കുന്ന കാർഡിയോളജിസ്റ്റുകളുെടെ "ഇന്ത്യ ലൈവ് 2026" സമ്മേളനത്തിൽ ശസ്ത്രക്രിയയുടെ തത്സമയ സംപ്രേഷണവും നടന്നു. ഇന്ത്യയിലെയും സാർക്ക് രാജ്യങ്ങളിലെയും 3,500ലധികം കാർഡിയോളജിസ്റ്റുകൾ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് ലൈവ് പ്രദർശിപ്പിച്ചത്. തുടർന്ന് മൂന്ന് ശസ്‌ത്രക്രിയ കൂടി നടത്തിയ ശേഷമാണ് ഡോ. പ്രതാപ് കുമാർ പ്രചാരണത്തിനായി ഇറങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |