
ന്യൂഡൽഹി: ശബരിമലയിലെ യുവതീപ്രവേശന വിലക്ക് സംബന്ധിച്ച് സുപ്രീംകോടതിയിൽ വാദം എഴുതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല പ്രത്യേക വിഭാഗക്ഷേത്രമാണെന്നും മതപരമായ കാര്യങ്ങളിൽ സ്വന്തമായി നോക്കി നടത്താനുള്ള അവകാശം ഭരണഘടനാപരമായി ഉണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് വ്യക്തമാക്കി. സുപ്രീംകോടതിയിൽ എഴുതി നൽകിയ വാദത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിംഗ് വി എഴുതി തയ്യാറാക്കിയ വാദം ദേവസ്വം ബോഡ് സ്റ്റാന്റിംഗ് കോൺസൽ പി എസ് സുധീർ ആണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്. പ്രത്യേക മതവിഭാഗത്തെ സംബന്ധിച്ച് വിവിധ സുപ്രീം കോടതി വിധികളിൽ വിശദീകരിച്ചിട്ടുണ്ട്. ഈ വിധിന്യായങ്ങൾ പരിശോധിച്ചാൽ ശബരിമല പ്രത്യേക മതവിഭാഗ ക്ഷേത്രം ആണെന്ന് വ്യക്തമാകുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് അവകാശപ്പെടുന്നു.
പ്രത്യേക മതവിഭാഗ ക്ഷേത്രങ്ങൾക്ക് ഭരണഘടനയുടെ അനുച്ഛേദം 26(2) (ബി) പ്രകാരം മതപരമായ കാര്യങ്ങളിൽ തീരുമാനമെടുത്തത് നടപ്പാക്കാനുള്ള അധികാരമുണ്ടെന്നും ആയിരത്തിലധികം അയ്യപ്പ ക്ഷേത്രങ്ങൾ ഉണ്ടെങ്കിലും അയ്യപ്പന് നെെഷ്ഠിക ബ്രഹ്മചാരിയായ ഏക ക്ഷേത്രം ശബരിമലയിലേത് ആണെന്നും ബോർഡ് വാദത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം, ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം തന്ത്രി കണ്ഠരര് രാജീവരരും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ശബരിമലയിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ആചാരാനുഷ്ഠാനങ്ങളിൽ മാറ്റം വരുത്താൻ പാടില്ലെന്നും യുവതീ പ്രവേശന വിലക്ക് തുടരണമെന്നും തന്ത്രി വ്യക്തമാക്കുന്നു.
യുവതികൾക്ക് വിലക്ക് തുടരണമെന്ന് ദേവപ്രശ്നത്തിൽ തെളിഞ്ഞതായി തന്ത്രി കണ്ഠരര് രാജീവര് ബോധിപ്പിച്ചു. ദേവപ്രശ്നത്തിലൂടെ ലഭ്യമായ നിർദ്ദേശങ്ങൾ ദൈവിക ശക്തിയിൽ നിന്നുള്ള ആധികാരിക സന്ദേശമായി കണ്ട് അംഗീകരിക്കണം. പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യ ഭാവത്തിന് ഭംഗം വരുത്തുന്ന യാതൊന്നും ക്ഷേത്രത്തിൽ അനുവദിക്കരുത്.
10 മുതൽ 50 വയസ് വരെയുള്ള സ്ത്രീകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം അനിവാര്യമാണ്. ആചാരപരമായതിനാൽ അതിനെ വിവേചനമായി കാണേണ്ടതില്ലെന്നും തന്ത്രി പറയുന്നു. നൂറ്റാണ്ടുകളായി പിന്തുടരുന്ന താന്ത്രിക വിധികൾക്കും ആചാരങ്ങൾക്കും എതിരായ തീരുമാനങ്ങൾ വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തും. ഭരണഘടനാപരമായ അവകാശങ്ങൾക്കൊപ്പം മതപരമായ ആചാരങ്ങളും സംരക്ഷിക്കപ്പെടണമെന്നും തന്ത്രി വാദിക്കുന്നു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഇന്നു വരെയാണ് കക്ഷികൾക്ക് വാദങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്.
ആചാരങ്ങളിൽ അവസാനത്തീർപ്പ് കോടതികൾ അല്ലെന്ന വാദമാണ് പന്തളം കൊട്ടാരം കോടതിയിൽ സമർപ്പിച്ച വാദത്തിൽ പറയുന്നത്. ദീർഘകാല ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം സുപ്രീം കോടതിയെ അറിയിച്ചത്. ആചാരങ്ങൾ സംരക്ഷിക്കണമെന്ന് എൻഎസ്എസും കോടതിയെ അറിയിച്ചിട്ടുണ്ട്. ഏപ്രിൽ ഏഴിനാണ് കേസിൽ വാദം തുടങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |