
മുംബയ്: ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള സൗഹൃദം പിരിയാനിടയായ കാരണം വെളിപ്പെടുത്തി മുൻ ചീഫ് സെലക്‌ടർ സന്ദീപ് പാട്ടീൽ. ഗംഭീറും താനും തമ്മിലുള്ള ബന്ധം ഒരു പതിറ്റാണ്ടിലേറെയായി തകർന്നിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2013ൽ ഗംഭീറിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനമാണ് പിണക്കത്തിന് കാരണമെന്ന് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ സന്ദീപ് പറഞ്ഞു.
'ഗൗതമിന് ഇപ്പോഴും ആ വിഷമം മാറിയിട്ടില്ല. അവൻ എന്നോട് മിണ്ടിയിട്ട് കാലം കുറെയായി. പല ടിവി ഷോകളിലും ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, ഒരേ മുറിയിൽ ഇരുന്നിട്ടുണ്ട്. പക്ഷേ പിന്നീട് ഗൗതം എന്റെ മുഖത്ത് നോക്കുകപോലും ചെയ്തിട്ടില്ല. അതിലൊന്നും എനിക്ക് പരാതിയില്ല. ഞാൻ അങ്ങോട്ട് ചെന്ന് 'ഹലോ' പറഞ്ഞെങ്കിലും ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല. അതൊക്കെ അവന്റെ ഇഷ്ടം, എനിക്ക് മനസിലാക്കാവുന്നതേയുള്ളൂ.
അവൻ ഒന്നും മറക്കില്ല, ആരോടും അത്ര പെട്ടെന്ന് ക്ഷമിക്കാനും അവന് കഴിയില്ല. പക്ഷേ എനിക്ക് ഇപ്പോഴും അവനോട് വലിയ ബഹുമാനമാണ്. എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു അവൻ. ടൂർണമെന്റുകൾക്കിടയിൽ ഞങ്ങൾ ഒരുമിച്ച് ടെന്നീസ് കളിക്കുമായിരുന്നു. വർഷങ്ങൾക്ക് മുൻപ് എന്നെ കോച്ച് സ്ഥാനത്ത് നിന്ന് മാറ്റിയപ്പോൾപോലും, രണ്ടാഴ്ച കൂടമ്പോൾ എന്നെ വിളിച്ച് വിശേഷങ്ങൾ അന്വേഷിക്കുമായിരുന്നു.' സന്ദീപ് പറയുന്നു.
2013ൽ ഓസ്‌ട്രേലിയക്കെതിരായ ഹോം സീരീസിനുള്ള ടീമിനെ തിരഞ്ഞെടുത്തത് സന്ദീപ് പാട്ടീൽ അദ്ധ്യക്ഷനായ കമ്മിറ്റിയായിരുന്നു. അന്ന് മോശം ഫോമിനെത്തുടർന്ന് ഗംഭീറിനെ ഒഴിവാക്കി യുവതാരം ശിഖർ ധവാനെ ടീമിലെടുത്തു. മൊഹാലിയിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ 187 റൺസ് അടിച്ചുകൂട്ടി ധവാൻ തന്റെ സ്ഥാനം ഉറപ്പിച്ചതോടെ ഗംഭീറിന്റെ ടീമിലേക്കുള്ള തിരിച്ചുവരവ് തുലാസിലായി.
ഇന്ത്യയുടെ രണ്ട് ലോകകപ്പ് വിജയങ്ങളിലും (2007 ട്വന്റി-20, 2011 ഏകദിന ലോകകപ്പ്) നിർണായക പങ്കുവഹിച്ച താരമാണ് ഗംഭീർ. യഥാക്രമം 75, 97 എന്നിങ്ങനെ സ്‌കോറുകൾ ഫൈനലുകളിൽ നേടിയെങ്കിലും തന്റെ കരിയർ ഇതിലും നീളേണ്ടതായിരുന്നു എന്ന തോന്നൽ ഗംഭീറിനുണ്ടായിരുന്നു. 2013 ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടിരുന്നു.
കാലം മാറി, ഇന്ന് ഗംഭീർ ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകനാണ്. അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ 2026ലെ ട്വന്റി-20 ലോകകപ്പ് കിരീടം നിലനിർത്തുകയും ചെയ്തു. സഞ്ജു സാംസൺ, ഇഷാൻ കിഷൻ, വരുൺ ചക്രവർത്തി തുടങ്ങിയ താരങ്ങളെ പിന്തുണച്ച് ടീമിലേക്ക് തിരികെ കൊണ്ടുവരുന്നതിലും ഗംഭീർ നിർണായക പങ്കുവഹിച്ചു. ഒരിക്കൽ സെലക്ടറുടെ തീരുമാനത്തിൽ കരിയർ വഴിമാറിയ താരം ഇന്ന് ടീം തിരഞ്ഞെടുപ്പിലും തന്ത്രങ്ങളിലും പ്രധാനിയായി മാറിയിരിക്കുന്നു എന്നത് കൗതുകകരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |