
ആലപ്പുഴ: മറ്റാർക്കും നൽകാത്തത്രയും പരിഗണന പാർട്ടി ജി സുധാകരന് നൽകിയിട്ടുണ്ടെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. പ്രായം കാരണമാണ് അദ്ദേഹത്തെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് മാറ്റി ആലപ്പുഴ ജില്ലയുടെ ചുമതലകൾ നൽകിയത്. എന്നാൽ, അദ്ദേഹം ജില്ലാ കമ്മിറ്റകളിലൊന്നും പങ്കെടുത്തിട്ടില്ലെന്നും നാസർ പറഞ്ഞു. സുധാകരനെ ഒരിക്കലും അവഗണിച്ചിട്ടില്ലെന്നും നാസർ വ്യക്തമാക്കി.
ആർ നാസറിന്റെ വാക്കുകൾ:
'പാർട്ടിയുടെ കേവലമൊരു മുതിർന്ന നേതാവ് എന്ന രീതിയിലല്ല ഞങ്ങൾ സുധാകരൻ സഖാവിനെ കാണുന്നത്. ഞങ്ങളെല്ലാം വിദ്യാർത്ഥി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ സഹോദരൻ സഖാവ് ഭുവനേശ്വരൻ പന്തളം എൻഎസ്‌എസ് കോളേജിൽ രക്തസാക്ഷിത്വം വരിക്കുന്നത്. ആ രക്തസാക്ഷിയുടെ സഹോദരൻ എന്ന നിലയിൽ മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ പരിഗണനയാണ് ഞങ്ങൾ സുധാകരൻ സഖാവിന് നൽകിയത്. ഒരു കാലത്തും ഒരു അവഗണനയും ഞങ്ങൾ അദ്ദേഹത്തോട് കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പ്രായം 75 കഴിഞ്ഞതിനാലാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. തുടർന്ന് അദ്ദേഹം ആലപ്പുഴ ജില്ലയിൽ പ്രവർത്തനം നടത്തണമെന്നും തീരുമാനിച്ചു.
ആ സമ്മേളനത്തിന് ശേഷം ജില്ലാ കമ്മിറ്റിയിൽ വരാൻ അദ്ദേഹം തയ്യാറായില്ല. പ്രത്യേകം ഓഫീസ് പോലും ഞങ്ങൾ അദ്ദേഹത്തിന് നൽകിയിരുന്നു. ഞങ്ങളുമായി സംസാരിച്ച് സഖാവ് നിർദേശങ്ങൾ നൽകുമായിരുന്നു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട രാഷ്‌ട്രീയ ക്യാമ്പെയിൻ ഇടതുപക്ഷത്തിന് വേണ്ടി നടത്തിയത് അദ്ദേഹമായിരുന്നു. ഒരു പരിപാടിയിലും പങ്കെടുപ്പിക്കുന്നില്ല എന്നല്ലേ പറഞ്ഞത്. ഇതുപോലെ എത്രയോ പരിപാടികളിൽ ഈ മണ്ഡലത്തിൽ മുഴുവൻ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തെ അവഗണിച്ചിട്ടില്ല. മെമ്പർഷിപ്പ് പുതുക്കുന്ന കാര്യത്തിൽ അദ്ദേഹം തന്നെയാണ് പറഞ്ഞത് ജില്ലാ കമ്മിറ്റിക്ക് കീഴിലെ ഏതെങ്കിലും ഘടകം മതിയെന്ന്. അങ്ങനെയാണ് പുതുതായി ഒരു ഘടകം ഉണ്ടാക്കി അദ്ദേഹത്തെ ഉൾപ്പെടുത്തിയത്. അതിന്റെ സ്‌ക്രൂട്ടണി യോഗം നടത്തിയപ്പോൾ പങ്കെടുക്കില്ലെന്ന് പറഞ്ഞു.'
ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നുവെന്ന് പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |