ലണ്ടൻ: അടുത്ത അഞ്ച് വർഷക്കാലത്തേക്ക് ലോകമാകമാനം സാമ്പത്തിക പ്രതിസന്ധി നേരിടും എന്നാണ് അന്താരാഷ്ട്ര നാണയനിധിയുടെ കണക്കുപ്രകാരം ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ 90 ശതമാനം സമ്പദ്ഘടനകളെയും സാമ്പത്തിക മാന്ദ്യം ബാധിക്കുമെന്നും ഈ വർഷം 3 ശതമാനത്തോളം സാമ്പത്തിക വളർച്ചയിൽ കുറവ് സംഭവിക്കുമെന്നും വാർത്തയുണ്ട്. ചൈന, അമേരിക്ക എന്നീ രാജ്യങ്ങൾ സാമ്പത്തിക വളർച്ചയിൽ പുറകോട്ട് പോകുമെങ്കിലും ആഗോള സാമ്പത്തിക വളർച്ചയ്ക്ക് ഈ രണ്ട് സമ്പദ്ഘടനകളും മുഖ്യ സംഭാവനകൾ നൽകുമെന്നാണ് വിവരം.
അടുത്ത അഞ്ച് വർഷത്തിനിടെ ലോക സാമ്പത്തിക വളർച്ചയ്ക്കുള്ള ചൈനയുടെ സംഭവനയിൽ ഏകദേശം 4.4 ശതമാനത്തിന്റെ കുറവാകും ഉണ്ടാകുക. 2018-19 സാമ്പത്തിക വർഷത്തിൽ ഇത് 32.7 ശതമാനമാണ്. ലോക സാമ്പത്തിക വളർച്ചയ്ക്ക് അമേരിക്കയുടെ സംഭാവന ചൈനയേക്കാൾ ഏറെ താഴെയാണ്. 13.8 ശതമാനമുള്ള അമേരിക്കയുടെ സംഭാവന 2024ൽ 9.2 ശതമാനമായി ചുരുങ്ങും. എന്നാൽ അഞ്ച് വർഷത്തിനിടെ ഇന്ത്യയുടെ ആഗോള സാമ്പത്തിക സംഭാവന 15.5 ശതമാനമായി ഉയർന്ന് അമേരിക്കയെ കടത്തിവെട്ടും എന്നാണ് അന്താരാഷ്ട്ര നാണയ നിധി പറയുന്നത്.
ഇക്കൂട്ടത്തിൽ 3.7 ശതമാനവുമായി ഇന്ത്യയ്ക്ക് പിറകെ ഇന്തോനേഷ്യയും ഉണ്ടാകും. യു.കെ 2024ൽ പതിമൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും നാണയ നിധി പറയുന്നു. ബ്രെക്സിറ്റ് യു.കെയെ ദോഷകരമായി ബാധിക്കുമെന്നതിനാലാണിത്. നിലവിൽ ഈ പട്ടികയിൽ യു.കെയുടെ സ്ഥാനം ഒൻപതാണ്. റഷ്യയുടെ സംഭാവന നിലവിൽ രണ്ടു ശതമാനമാണ്. റഷ്യ, ജപ്പാൻ, ബ്രസീൽ,ജർമനി, ടർക്കി, മെക്സിക്കോ, പാക്കിസ്ഥാൻ സൗദി എന്നിവയാണ് ആഗോള സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്ന പ്രധാന രാജ്യങ്ങൾ. എന്നാൽ സ്പെയിൻ, പോളണ്ട് കാനഡ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |