
ന്യൂഡൽഹി: എൽ.പി.ജി പ്രതിസന്ധിയടക്കം ഊർജ്ജമേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. സാമ്പത്തിക സ്ഥിരതയിൽ വിട്ടുവീഴ്ച ചെയ്യാതെ ഇത്തരം വെല്ലുവിളികളോട് പ്രതികരിക്കാൻ രാജ്യത്തിനിപ്പോൾ കെൽപ്പുണ്ട്. സാഹചര്യം നേരിടാൻ ആവശ്യമായ നടപടികൾ കേന്ദ്രം സ്വീകരിക്കുന്നുണ്ടെന്നും ലോക്‌സഭയെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു നിർമ്മലയുടെ പ്രതികരണം. എൽ.പി.ജി പ്രതിസന്ധിയിൽ ചർച്ചയാവശ്യപ്പെട്ട് ഇന്നലെയും പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധിച്ചു. രാവിലെ പാർലമെന്റിന്റെ പ്രവേശനകവാടമായ മകരദ്വാറിൽ പ്രതിപക്ഷ എം.പിമാർ എൽ.പി.ജി ക്ഷാമമെന്ന പോസ്റ്ററുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കി. പശ്ചിമേഷ്യയിൽ ഇന്ത്യക്കാർ കുടുങ്ങി കിടക്കുമ്പോൾ പ്രധാനമന്ത്രി കറങ്ങിനടക്കുകയാണ്. പ്രതിസന്ധി ചൂണ്ടിക്കാണിക്കുമ്പോൾ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം പൂർത്തിയാക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. ഇരുസഭകളിലും ചർച്ചയ്‌ക്ക് മോദി സർക്കാർ ഭയപ്പെടുന്നുവെന്ന് കോൺഗ്രസ് എം.പി ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷം രാജ്യസഭയിലും ചർച്ച ആവശ്യപ്പെട്ടിരുന്നു.
സഭയിൽ വാക്പോര്
ഇന്നലെ രാവിലെ 11ന് ലോക്‌സഭ സമ്മേളിച്ചയുടൻചർച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഉച്ചയ്‌ക്ക് 12 വരെ സഭ നിറുത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളം തുടർന്നു. രണ്ടിന് വീണ്ടും സഭ ചേർന്നപ്പോൾ നിർമ്മലാ സീതാരാമൻ ധനവിനിയോഗ ബില്ലും രണ്ടുലക്ഷം കോടി രൂപയുടെ (2 ട്രില്യൺ) സപ്ലിമെന്ററി ഡിമാൻഡ് ഫോർ ഗ്രാന്റ്സ് ആവശ്യവും അവതരിപ്പിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ശബ്‌ദവോട്ടോടെ പാസാക്കി. തിങ്കളാഴ്ച രാവിലെ 11ന് ചേരാനായി സഭ പിരിഞ്ഞു. ഡൽഹിയിൽ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ പ്രതിഷേധിച്ചു.
കേന്ദ്രം സ്വീകരിക്കുന്ന നടപടികൾ അറിയിച്ചിട്ടും പ്രതിപക്ഷം മനസിലാക്കുന്നില്ല. രാഹുൽ മാറ്റത്തിന് തയ്യാറല്ല. പ്രതിപക്ഷ എം.പിമാരും രാഹുലിനെ അനുകരിക്കുകയാണ്. നാടകം കാണിച്ചാലൊന്നും ജനശ്രദ്ധ കിട്ടില്ല. ജനങ്ങളുടെ പൾസ് പ്രതിപക്ഷം മനസിലാക്കുന്നില്ല. ഇതുതുടർന്നാൽ ജനം പ്രതിപക്ഷത്തെ ശിക്ഷിക്കും.
-കിരൺ റിജിജു
കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി
സഭയുടെ അന്തസും പരിശുദ്ധിയും നിലനിറുത്തേണ്ടത് ഓരോരുത്തരുടെയും കടമയാണ്
-ഓം ബിർള
ലോക്‌സഭാ സ്‌പീക്കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |