
പീരുമേട്: വില കുതിച്ചു കയറാൻ തുടങ്ങിയതോടെ ഹൈറേഞ്ചിൽ ഏലയ്ക്കാ കിട്ടാകനിയായി മാറുന്നു. വില വർദ്ധന ഏലം കർഷകർക്ക് പ്രയോജനമാണെങ്കിലും ഈ സീസണിൽ ലഭിച്ച 90 ശതമാനം കായും വിറ്റ് കഴിഞ്ഞു. കർഷകന്റെ കൈയിൽ ഒരു കിലോ പോലും സ്റ്റോക്കില്ലാത്ത അവസ്ഥയാണ്. വൻകിട കച്ചവടക്കാരുടെ കൈയിൽ മാത്രമാണ് സ്റ്റോക്കുള്ളത്. 20 ദിവസത്തിനിടയിൽ ഏലയ്ക്ക വിലയിൽ 600 രൂപയുടെ വർദ്ധനയാണുണ്ടായത്. മാർച്ച് പകുതിയോടെ 2100 രൂപയായി കുറഞ്ഞങ്കിലും വില വീണ്ടും തിരിച്ചു കയറി. ഹൈറേഞ്ചിലെ മാർക്കറ്റുകളിൽ 2600, 2700 രൂപയാണ് ശരാശരി വില. സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ഇന്നലെ 2765.74 രൂപയാണ് ശരാശരി വില രേഖപ്പെടുത്തിയത്. ഇത് കർഷകർക്കും വ്യാപാരികൾക്കും ആശ്വാസകരമാണ്. പച്ച ഏലയ്ക്കയുടെ കിലോ വില 450, 500 രൂപയായും ഉയർന്നിട്ടുണ്ട്. കർഷകന്റെ കൈവശം ഏലയ്ക്ക ഇല്ലാതെ വന്നതോടെ വില ഇനിയും ഉയരാനാണ് സാദ്ധ്യത.
കയറ്റുമതി വർദ്ധിച്ചു
ബക്രീദ് ആഘോഷത്തോടനുബന്ധിച്ച് ഗൾഫ് രാജ്യങ്ങളിൽ നിന്ന് വൻതോതിൽ ഓർഡർ ലഭിച്ചിരുന്നു. ഇന്ത്യയിലെ വിവിധ പട്ടണങ്ങളിലേക്കുള്ള കയറ്റുമതിയും വർദ്ധിച്ചിട്ടുണ്ട്. നിലവിൽ മലഞ്ചരക്ക് മൊത്ത വ്യാപാരികളാണ് ഏലം പരമാവധി സംഭരിച്ചിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കൊല്ലം ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. ഗൾഫ് രാജ്യങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏലക്കയ്ക്ക് നല്ല ഡിമാന്റാണ്.
മഴ കിട്ടിയില്ല, കരിഞ്ഞുണങ്ങുന്നു
ഏലം കൃഷിക്ക് ഇത്തവണ വേനൽ മഴയും കൂടുതലായി ലഭിച്ചിട്ടില്ല. പല പ്രദേശങ്ങളിലും പല അളവിലാണ് മഴ ലഭിച്ചത്. പീരുമേട് പ്രദേശങ്ങളിൽ ഒന്നിലധികം തവണ വേനൽ മഴ ലഭിച്ചപ്പോൾ കൃഷി ധാരാളമായുള്ള വണ്ടൻമേട്, പുറ്റടി തുടങ്ങിയ പ്രദേശങ്ങളിൽ ഒരു വേനൽ മഴ പോലും ലഭിച്ചതുമില്ല. വരൾച്ച ശക്തി പ്രാപിച്ചതോടെ ജില്ലയിൽ ഏലംചെടികൾ കരിഞ്ഞുണങ്ങി നശിക്കുകയാണ്. ജലസ്രോതസ്സുകൾ വറ്റി വരേണ്ടതോടെ ജലസേചനവും പ്രതിസന്ധിയിലായി. വൻകിടതോട്ടങ്ങളിലെ തടയണങ്ങളിലും വലിയ ജല സ്രോതസുകളിലും മാത്രമാണ് വെള്ളം അവശേഷിക്കുന്നത്. കൃഷിസ്ഥലങ്ങൾ നനയ്ക്കാൻ മാർഗമില്ലാതായതോടെ കർഷകരും പ്രതിസന്ധിയിലായിരിക്കുകയാണ്. തുടർച്ചയായി വേനൽ മഴ ലഭിച്ചില്ലെങ്കിൽ കൃഷി നാശമുണ്ടാകുമെന്ന് കർഷകർ പറയുന്നു. ഇതിനോടകം പല സ്ഥലത്തും നനയ്ക്കാൻ മാർഗമില്ലാതെ ചെടികൾ വേനലിൽ കരിഞ്ഞുണങ്ങി നശിച്ചതും കർഷകർക്ക് തിരിച്ചടിയായിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |