
കൊച്ചി: വീടുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ജല അതോറിട്ടിയുടെ വാട്ടർ മീറ്ററുകൾ മോഷ്ടിച്ച് വിൽക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ.
അസം മോറീഗാവ് സ്വദേശി സെയ്ദുൾ ഇസ്ലാം (24), പശ്ചിമബംഗാൾ സിലിഗുരി സ്വദേശി അമർ സിംഗ് (20) എന്നിവരെയാണ് മരട് എസ്.എച്ച്.ഒ ബി. വിനോദ് കുമാർ, എസ്.ഐ എ.എം. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
മരട്, നെട്ടൂർ മേഖലകളിൽ 25 വാട്ടർ മീറ്ററുകളും ഒട്ടേറെ കുടിവെള്ള ഫിറ്റിംഗുകളും ടാപ്പുകളും പ്രതികൾ കവർന്നതായി പൊലീസ് പറഞ്ഞു. പകൽ നേരം സൈക്കിളിൽ ചുറ്റിക്കറങ്ങി രാത്രി മോഷണം നടത്തുന്നതാണ് രീതി. തൈക്കൂടം ഇടവക ക്രിസ്തീയ സംഘത്തിന്റെ സെന്റ് ആന്റണീസ് റോഡിലെ ഷോപ്പിംഗ് കോംപ്ലസിലും ബൈപ്പാസ് റോഡിലെ ജൂബിലി മെമ്മോറിയൽ ബിൽഡിംഗിലും നിന്ന് ഏഴ് മീറ്ററുകൾ ഊരിയെടുത്തു. മാർച്ച് ഒന്നിനും 10നുമിടെയായിരുന്നു മോഷണ പരമ്പര. പ്രദേശത്തെ നിരവധി വീടുകളിൽ മോഷണം നടന്നെങ്കിലും പലരും പരാതിപ്പെട്ടില്ല.
മരട് ജംഗ്ഷനിലെ ബേക്കറിയിൽ നിന്ന് വാട്ടർ മീറ്ററുമായി പോകുന്ന മോഷ്ടാക്കളുടെ ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. ഇവർക്കായി തെരച്ചിൽ തുടരുന്നതിനിടെ വെള്ളിയാഴ്ച പുലർച്ചെയാണ് പിടിയിലായത്. ഇരുവരും സഞ്ചരിച്ച സൈക്കിളും വാട്ടർമീറ്റർ ഇളക്കാനുള്ള ഉപകരണവും കസ്റ്റഡിയിലെടുത്തു. ബ്രാസ് നിർമ്മിത മീറ്ററുകളും സാനിറ്ററി ഇനങ്ങളും ആക്രി കടകളിലാണ് മറിച്ചു വിൽക്കുന്നത്. ചമ്പക്കര ചന്തയ്ക്ക് സമീപം ഷെഡിൽ തൊഴിലാളികൾ എന്ന വ്യാജേനയാണ് ഇവർ തങ്ങുന്നത്. മാലിന്യം നീക്കാനുപയോഗിക്കുന്ന മുച്ചക്ര ഉന്തുവണ്ടിയുമായും ചുറ്റിക്കറങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു. സീനിയർ സി.പി.ഒ മെൽവിൻ മൈക്കിൾ, ഡ്രൈവർ സി.പി.ഒ പി.ആർ. അഖിൽ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.
മോഷണം പമ്പിംഗ് ഇല്ലാത്ത നേരത്ത്
പമ്പിംഗ് ഇല്ലാത്ത തക്കം നോക്കിയാണ് പ്രതികൾ മോഷണം നടത്തുന്നതെന്ന് മരട് പൊലീസ് പറഞ്ഞു. പമ്പിംഗ് നടക്കുമ്പോൾ മീറ്റർ ഇളക്കി മാറ്റിയ ഭാഗത്ത് നിന്ന് കുടിവെള്ളം ഒഴുകുമ്പോഴാണ് പലരും മോഷണ വിവരം അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |