
കൊരട്ടി: ആഢംബര കാറിൽ കടത്തിയ 96.45 ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ കൊരട്ടിയിൽ പൊലീസ് പിടികൂടി. കൊല്ലം കരുനാഗപ്പള്ളി നീലിക്കുളം സ്വദേശി ഷംനാ മൻസിൽ വീട്ടിൽ ഷംനാദാണ് (34) അറസ്റ്റിലായത്. കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മറ്റു നാല് വാഹനങ്ങളിൽ ഷംനാദ് ഓടിച്ചിരുന്ന കാറിടിച്ചു.
തൃശൂർ റൂറൽ എസ്.പിയുടെ നിർദ്ദേശ പ്രകാരം കിലോമീറ്ററോളം പിന്തുടർന്നായിരുന്നു ദേശീയപാത കൊരട്ടിയിൽ വച്ച് സാഹസികമായി ഇയാളെ പിടികൂടിയത്. ഡാൻസാഫ് സംഘം പാലിയേക്കര ടോൾ പ്ലാസയിൽ കാത്തുനിന്നെങ്കിലും വിവരം മനസിലാക്കിയ ഷംനാദ് അമിത വേഗത്തിൽ കാറുമായി കടന്നുകളഞ്ഞു. തുടർന്ന് പൊലീസ് സംഘവും വാഹങ്ങളിൽ ഇയാളെ പിന്തുടർന്നു. മേൽപ്പാല നിർമ്മാണം നടക്കുന്ന കൊരട്ടി ജംഗ്ഷനിൽ ഇയാളുടെ കാർ ഗതാഗതക്കുരുക്കിൽപെട്ടു. ഇതിനിടെ വീണ്ടും രക്ഷപ്പെടുമ്പോഴാണ് മറ്റുവാഹനങ്ങളിൽ ഇടിച്ചത്.
മുൻകൂട്ടി വിവരം ലഭിച്ച കൊരട്ടി പൊലീസ് മാർഗ്ഗതടസം സൃഷ്ടിച്ച് മൂന്ന് വാഹനങ്ങൾ റോഡിൽ നിരത്തി. ഇതോടെയാണ് യുവാവിന് കീഴടങ്ങേണ്ടിവന്നത്. ആറ് ക്രിമിനൽ കേസിലെ പ്രതിയാണ് അറസ്റ്റിലായ ഷംനാദ്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി കെ.എ.അബ്ദുൾ സലാം, ഡാൻസാഫ് സംഘത്തിലെ ജി.എസ്.ഐമാരായ സതീശൻ മടപ്പാട്ടിൽ, ഷൈൻ, എ.എസ്.ഐമാരായ ലിജു ഇയ്യാനി, എ.യു.റെജി, എം.ജെ.ബിനു, ഷിജോ തോമസ്, സിവിൽ പൊലീസ് ഓഫീസർ ഷിന്റോ, സിവിൽ പൊലീസ് ഓഫീസർ ഇ.വി.ശ്രീജിത്ത്, കൊടകര പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജെർലിൻ വി.സ്‌കറിയ, കൊരട്ടി പൊലീസ് സ്റ്റേഷൻ എസ്.ഐ മുഹമ്മദ് മുഹ്‌സിൻ, ജി.എസ്.ഐ ജോയ്, ജി.എ.എസ്.ഐ ബിനു, സീനിയർ സിവിൽ പൊലീസ് ഓഫീസർ അലി, സിവിൽ പൊലീസ് ഓഫീസർ എൻ.വി.ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |