മലപ്പുറം: പാചക വാതക പ്രതിസന്ധി രൂക്ഷമായിരിക്കെ വാണിജ്യാവശ്യത്തിനുള്ളവ ലഭ്യമല്ലാത്തതിനാൽ ജില്ലയിൽ അടച്ചുപൂട്ടിയത് 80ഓളം ഹോട്ടലുകൾ. റംസാൻ മാസമായതിനാൽ ജില്ലയിൽ 30 ശതമാനം ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. ഇതിൽ 20 ശതമാനം ഹോട്ടലുകളിലും പരമാവധി മൂന്ന് ദിവസത്തേക്കുള്ള പാചക വാതകം മാത്രമാണുള്ളത്. ഇതുകൂടി തീർന്നാൽ അടച്ചുപൂട്ടുകയല്ലാതെ വഴിയില്ല. ജില്ലയിൽ വാണിജ്യാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറുകളുടെ റീഫില്ലിംങ് എല്ലാ ഏജൻസികളും നാല് ദിവസം മുന്നേ നിറുത്തിവച്ചിട്ടുണ്ട്. ഇവ എന്ന് പുനരാരംഭിക്കുമെന്ന് വ്യക്തമല്ല. ആശുപത്രി കാന്റീൻ, ഗ്യാസിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലേക്ക് മാത്രമേ നൽകുന്നുള്ളൂ.
കഴിഞ്ഞ ദിവസം ജില്ലയിലെ ഒരു എച്ച്.പി ഗ്യാസ് ഏജൻസിയിൽ ഗാർഗഹികാവശ്യത്തിനുള്ള 900 സിലിണ്ടറോളമാണ് വന്നത്. നേരത്തെ 1,300 വരെ എത്തിയിരുന്നു. 1,600 പേരാണ് ബുക്ക് ചെയ്തിട്ടുള്ളത്. ധാരാളം പാചക വാതകം ആവശ്യമായ നെയ് റോസ്റ്റ്, മസാല ദോശ, ചപ്പാത്തി തുടങ്ങിയവയെല്ലാം മിക്ക ഹോട്ടലുകളിലും ലഭ്യമല്ല. മുൻകൂട്ടി കാറ്ററിംങ് ഏറ്റെടുത്തവരും അങ്കലാപ്പിലാണ്. വിവാഹം, പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ, പിറന്നാളാഘോഷം എന്നിയ്ക്ക് ലഭിച്ച ഭക്ഷണ ബുക്കിംഗുകൾ റദ്ദാക്കുന്നവരുമുണ്ട്.
റോക്കറ്റ് അടുപ്പിന് ആളേറുന്നു
നിലവിൽ പല ഹോട്ടലുകളും റോക്കറ്റ് അടുപ്പുകളെ ആശ്രയിക്കുന്നുണ്ട്. എന്നാൽ, ഡിമാന്റ് ഉയർന്നതോടെ ഇവ ആവശ്യത്തിന് ലഭ്യമല്ലാത്ത സ്ഥിതിയാണ്. മറ്റ് അടുപ്പുകളെ അപേക്ഷിച്ച് കുറവ് വിറക് മാത്രമേ ഇവയ്ക്ക് ആവശ്യമുള്ളൂ. കൂടാതെ, എവിടേക്കും കൊണ്ടുപോവാം. 33,000 മുതൽ 54,000 വരെയാണ് വലുപ്പത്തിനനുസരിച്ച് വില. അതേസമയം, കഴിഞ്ഞ ശനിയാഴ്ച മുതൽ ഇൻഡക്ഷൻ കുക്കറുകൾക്കും ആവശ്യക്കാരേറെയാണ്.
വിറകിനും റോക്കറ്റ് വില
പല ചെറുകിട ഹോട്ടലുകളും വിറകടുപ്പിനെ ആശ്രയിക്കാൻ തുടങ്ങിയതോടെ വിലയും വർദ്ധിച്ചു. ഹോട്ടലുകളിലും വീടുകളിലും കൂടുതൽ ഉപയോഗിക്കുന്ന പുളിവിറക് ടണ്ണിന് 3,000 രൂപയായിരുന്നത് 3,500 ആയി ഉയർന്നിട്ടുണ്ട്. മറ്റ് മരങ്ങളുടെ ചുള്ളി വിറക് ടണ്ണിന് 2,700 രൂപയിൽ നിന്നും 3,000 ആയി ഉയർന്നു. റബ്ബർ വിറകിന് 3,200ൽ നിന്നും 4,000 രൂപയായും ഉയർന്നു. യുദ്ധം നീണ്ടുനിന്നാൽ വിറക് വില ഇനിയും വർദ്ധിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.
രണ്ട് ദിവസത്തേക്കുള്ള ഗ്യാസ് മാത്രമേ ഇവിടെയുള്ളൂ. കട അടച്ച് പൂട്ടേണ്ട അവസ്ഥയാണ്. 16 ജീവനക്കാർ ഇവിടെയുണ്ട്. അവരെല്ലാം പട്ടിണിയിലാവും. അവർക്കൊന്നും ഹോട്ടൽ മേഖലയല്ലാതെ മറ്റൊന്നും പരിചയമില്ല.
അബ്ദുൽ റസാഖ്, വളാഞ്ചേരി ഷാർജ ഫുഡ് പാലസ് ഉടമ
ചോറ് വിറകടുപ്പിലാണ് വയ്ക്കുന്നത്. പ്രഭാത ഭക്ഷണമായി ഇഡലിയും പൂരിയും ഒഴികെ ബാക്കിയെല്ലാം ഒഴിവാക്കി. ചോറിനൊപ്പമുള്ള കറികളുടെ എണ്ണവും കുറച്ചു.
അയ്യപ്പൻ, അങ്ങാടിപ്പുറം ഹോട്ടൽ ബാലകൃഷ്ണ ഉടമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |