
കൊല്ലം: കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതിയുൾപ്പെടെ നാലുപേർ കസ്റ്റഡിയിലായി. പിടിയിലായവരിൽ രണ്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ട്. പ്രതികൾ സഞ്ചരിച്ച വാഹനവും പൊലീസ് പിടിച്ചെടുത്തു. കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചിട്ടേയുള്ളുവെന്നും സിറ്റി പൊലീസ് കമ്മീഷണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ജിം സന്തോഷ് കൊലക്കേസിലെ ഒന്നാം പ്രതി അലുവ അതുൽ ജാമ്യത്തിലിറങ്ങി സ്റ്റേഷനിലെത്തി മടങ്ങിപോകും വഴിയായിരുന്നു കൊലപാതകം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കരുനാഗപ്പള്ളി പുതിയകാവിന് സമീപത്തുവച്ചായിരുന്നു ആക്രമണം.
കാറിൽ പോകുകയായിരുന്ന അതുലിനെ മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ പ്രതികൾ താഴ്ചയിലേക്ക് തള്ളിയിടുകയായിരുന്നു. വാളുൾപ്പെടെ ഉപയോഗിച്ചാണ് അതുലിനെ വെട്ടിയത്. ഗുരുതര പരിക്കേറ്റ അതുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ജിം സന്തോഷ് എന്ന് വിളിപ്പേരുളള ഗുണ്ടാനേതാവ് സന്തോഷിനെ കഴിഞ്ഞ വർഷം മാര്‍ച്ച് 27നാണ് അലുവ അതുലും സംഘവും കൊലപ്പെടുത്തിയത്. സംഭവ ദിവസം പുലർച്ചെ സന്തോഷിന്റെ വീട്ടിൽ കാറിലെത്തിയ സംഘം ബോബെറിഞ്ഞ് ആക്രമിക്കുകയും തുടർന്ന് അതുൽ സന്തോഷിന്റെ കാല് കൂടമുപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു. സംഭവ സമയം സന്തോഷിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. കൃത്യം നടത്തി ഒളിവിൽ പോയ അതുലിനെ 21 ദിവസത്തിനുശേഷം തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിന്നുമാണ് പിടികൂടിയത്. കരുനാഗപ്പളളി, ഓച്ചിറ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചുളള രണ്ട് ഗുണ്ടാ സംഘങ്ങള്‍ തമ്മിലുളള വര്‍ഷങ്ങള്‍ നീണ്ട വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നായിരുന്നു പൊലീസ് അന്ന് അറിയിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |