
കൊച്ചി: ട്രെയിൻ ടിക്കറ്റ് തത്കാൽ ബുക്കിംഗ് ആധാർ ഒ.ടി.പി അധിഷ്ഠിതമാക്കിയതോടെ തട്ടിപ്പുകാരുടെ 3.03 കോടി യൂസർ ഐ.ഡികൾ നീക്കം ചെയ്ത് റെയിൽവേ. 12,819 ഇ- മെയിൽ ഡൊമൈനുകളും തടഞ്ഞു. 2025 ജൂലായ്- ഡിസംബർ കാലയളവിലെ കണക്കാണിത്. അനധികൃത ഏജന്റുമാരും ഹാക്കർമാരും വൻതട്ടിപ്പ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഐ.ആർ.സി.ടി.സി വെബ്സൈറ്റുകളിൽ സുരക്ഷ കർശനമാക്കിയത്.
യാത്രാത്തലേന്ന് രാവിലെ തുറക്കുന്ന തത്കാൽ ലിങ്കുകളിൽ ക്ഷണനേരത്തിൽ ടിക്കറ്റുകൾ വിറ്റുതീരുന്ന സ്ഥിതിയുണ്ടായിരുന്നു. പോർട്ടലിലെ പിഴവുകൾ മുതലാക്കി കൂട്ടബുക്കിംഗ് നടത്തി ടിക്കറ്റുകൾ മറിച്ചുവിൽക്കുന്നതായി കണ്ടെത്തി. ടിക്കറ്റിനായി ഏജൻസികളെ സമീപിക്കുന്നവരുടെ വിവരങ്ങൾ വച്ച് ഓൺലൈൻ ഫോറങ്ങൾ ഞൊടിയിടയിൽ ഓട്ടോഫില്ലിംഗ് നടത്തുന്നതാണ് രീതി. അനധികൃത സോഫ്റ്റ്‌വെയറുകളും 'ബോട്ടു"കളുമാണ് ഉപയോഗിച്ചിരുന്നത്.
2025 ജൂലായ് ഒന്നു മുതലാണ് തത്കാൽ ബുക്കിംഗിന് ആധാർ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. ഡിസംബർ വരെ പോർട്ടലിൽ 9,753 കോടി സന്ദർശനമുണ്ടായതിൽ 6,265 കോടി എൻട്രികളും സംശയകരമെന്നു കണ്ട് ആക്സസ് നിഷേധിച്ചു. സംവിധാനം കുറ്റമറ്റതായതിനു തെളിവാണിതെന്നും റെയിൽവേ മന്ത്രാലയം പാർലമെന്റിൽ വ്യക്തമാക്കി.
ഒ.ടി.പിയും കാപ്ചയും
യഥാർത്ഥ അപേക്ഷകനാണെന്ന് തിരിച്ചറിയാൻ ആധാർ ഒ.ടി.പി, കാപ്‌ച (CAPTCHA) എന്നിവ നൽകണം. വ്യാജ യൂസർമാരെ വേർതിരിച്ച് ഒഴിവാക്കാനുള്ള AKAMAI ആന്റി ബോട്ട് സംവിധാനം, നെറ്റ്‌വർക് ഫയർവാൾ പ്രൊട്ടക്‌ഷൻ, 'മധു സഞ്ജൽ" ഹണിബോട്ട് സെൻസർ തുടങ്ങിയവ ഉപയോഗിച്ചാണ് പ്രതിരോധം. വെബ് ട്രാഫിക് ലോഡ് കുറയ്‌ക്കാൻ കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക് ഒരുക്കി. സുരക്ഷാ ഓഡിറ്റിംഗും പതിവാക്കിയിട്ടുണ്ട്.
ഓരോമാസവും
നീക്കിയത്
(മാസം- ആകെ റിക്വസ്റ്റ്- നിഷേധിച്ചത് എന്ന ക്രമത്തിൽ. എണ്ണം കോടിയിൽ)
2025 ജൂലായ്...................... 906........................725
ആഗസ്റ്റ്.................................1,104.......................507
സെപ്തംബർ.........................1,904.....................1,205
ഒക്ടോബർ.........................2,404.....................1,700
നവംബർ..............................2,007.....................1,403
ഡിസംബർ............................1,428.....................725
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |