
പത്തനംതിട്ട: ശബരിമല സ്വർണക്കൊളള കേസ് പ്രതി എ. പത്മകുമാറിനെ ആറൻമുളയിലെ എൽ.ഡി.എഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്നു. സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല നൽകിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റാണ് പത്മകുമാർ. പത്മകുമാറിനെതിരായ സംഘടനാ നടപടിയിൽ നാളെ തീരുമാനം ഉണ്ടായേക്കും. സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം നാളെ ഉണ്ടാകും ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാദ്ധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശാനുസരണമാണ് നടപടി.
സ്വർണക്കൊള്ള കേസിൽ നൂറ്റിയഞ്ച് ദിവസത്തെ ജയിൽവാസത്തിനു ശേഷം സ്വാഭാവിക ജാമ്യത്തിലിറങ്ങിയയുടൻ പാർട്ടി വിശദീകരണം ചോദിച്ചത് നടപടിയുടെ ഭാഗമാണ്. എഴ് ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ജില്ലാ സെക്രട്ടറി രാജു എബ്രഹാം നൽകിയ നോട്ടീസ്. മറുപടി പത്മകുമാർ തയ്യാറാക്കിയെന്നാണ് അറിയുന്നത്. കേസിൽ താൻ ബലിയാടാണെന്നാണ് വാദം. പത്മകുമാറിനെതിരെ നടപടിയെടുക്കാതെ ജില്ലയിൽ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ലെന്ന് സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് എം.വി ഗോവിന്ദനെ ധരിപ്പിച്ചിട്ടുണ്ട്. തുടർന്നാണ് വിശദീകരണം ചോദിച്ച് മാറ്റി നിറുത്താനുള്ള നീക്കത്തിലേക്ക് കടന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |