SignIn
Kerala Kaumudi Online
Monday, 16 March 2026 11.01 PM IST

ആദ്യഘട്ട പട്ടിക ഇന്ന് പുറത്തിറക്കാൻ കോൺ., ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിക്കും

Increase Font Size Decrease Font Size Print Page

g

കെ.സുധാകരൻ നാളെ ഡൽഹിക്ക്

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇന്നുതന്നെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാൻ കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടന്ന ചർച്ചകളുടെ തുടർച്ചയായി ഇന്നും ഡൽഹിയിൽ ചർച്ച നടക്കും.

തെക്കൻ ജില്ലകളിൽ തട്ടി നിൽക്കുകയാണ് സ്ഥാനാർത്ഥി ചർച്ച.

ഈഴവരെ സ്ഥാനാർത്ഥിത്വത്തിൽ നിന്നും തഴയുന്നു എന്ന് എം.പിമാർ അടക്കമുള്ളവർ ഹൈക്കമാൻഡിനോട് പരാതിപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സീറ്റിൽ സ്ഥാനാർത്ഥി ചർച്ച മുന്നോട്ടു കൊണ്ടുപോകാനായിട്ടില്ല. കൊല്ലം ചാത്തന്നൂർ സീറ്റ് ഫോർവേർഡ് ബ്ലോക്കിന് നൽകിയതിലും,​ ചടയമംഗലത്ത് ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെ സ്ഥാനാർത്ഥിയാക്കുന്നതിലും പ്രതിഷേധമുണ്ട്.

പത്തനംതിട്ടയിൽ ഘടകകക്ഷിക്ക് നൽകിയ തിരുവല്ല ഒഴികെ ബാക്കി നാലിടത്തും പ്രതിസന്ധിയാണ്. മലപ്പുറം ജില്ലയിലെ സമുദായിക സമവാക്യത്തിലും പ്രതിസന്ധി ഉടലെടുത്തു. കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാ‌ർത്ഥിത്വത്തിൽ ഇടഞ്ഞു നിൽക്കുന്ന കെ. സുധാകരൻ നാളെ ഡൽഹിയിലെത്തുമെന്നാണ് സൂചന.

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,​ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ നേതാക്കൾ സ്ക്രീനിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മധുസൂദൻ മിസ്ത്രി അടക്കം നേതാക്കളുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

കോൺഗ്രസ് വേദിയിൽ
വിതുമ്പി കെ.സുധാകരൻ
എല്ലാ പാർട്ടി തീരുമാനിക്കുമെന്ന് പ്രതികരണം

കണ്ണൂർ: കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കണമെന്ന ആഗ്രഹത്തെച്ചൊല്ലി ഇടഞ്ഞു നിൽക്കുന്ന കെ.സുധാകരൻ എം.പി കോൺഗ്രസ് പരിപാടിയിൽ വിതുമ്പി. അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശന്റെ കുടുംബത്തിന് വീട് കൈമാറുന്ന ചടങ്ങിൽ തന്റെ പ്രിയ സഹചാരിയുടെ ഓർമ്മകൾ പങ്കുവയ്ക്കവേയാണ് സുധാകരൻ വിതുമ്പിയത്. ''ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശന്റെ കാവൽ കൊണ്ടാണ്. അത് പലർക്കും അത്ഭുതമായി തോന്നാം, പക്ഷേ അത് സത്യമാണ്''. ഇതു പറഞ്ഞതോടെ വാക്കുകളിടറിയ സുധാകരന്റെ കണ്ണ് നിറഞ്ഞൊഴുകി.


സി.പി.എം ആക്രമണങ്ങളിൽ നിന്ന് തന്നെ പലതവണ രക്ഷിച്ചതും, ഏത് പ്രതിസന്ധിയിലും ഒരു നിഴലായി കൂടെ നിന്നതും രമേശനാണ്. വാക്കുകൊണ്ടും വിവരങ്ങൾ കൊണ്ടും ദൗത്യങ്ങൾ കൊണ്ടും എന്നെ സംരക്ഷിച്ച പ്രവർത്തകരെ ഞാൻ ഓർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചടങ്ങ് കഴിഞ്ഞുമടങ്ങിയ സുധാകരൻ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. 'എല്ലാം പാർട്ടി തീരുമാനിക്കും എന്നു മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയശേഷം മൂന്നു ദിവസം മാദ്ധ്യമങ്ങളിൽ നിന്ന് അകന്നു നിന്നതിനുശേഷമാണ് ഇന്നലെ സുധാകരൻ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.