SignIn
Kerala Kaumudi Online
Tuesday, 17 March 2026 6.06 PM IST

ഇനി പ്രായം കൂടില്ല! യൗവനം നിലനിർത്തി ചുറുചുറുക്കോടെ ജീവിക്കാം; പുതിയ പഠനത്തിൽ നിർണായക കണ്ടെത്തൽ

Increase Font Size Decrease Font Size Print Page
woman

പ്രായമാകുന്നതിനനുസരിച്ച് വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ ഓരോരുത്തരിലും കണ്ടുതുടങ്ങും. ഇത് വളരെ സാധാരണമാണ്. എന്നാൽ, ചില മനുഷ്യരിലാകട്ടെ പ്രായം എത്ര കൂടിയാലും ശരീരത്തിൽ അത് അധികം പ്രകടമാകുന്നത് കാണില്ല. ചർമത്തിലെ യൗവനം മുതൽ ചുറുചുറുക്കോടെയുള്ള നടത്തം വരെ അവരിലുണ്ടാകും. ഇങ്ങനെ ചിലരിൽ മാത്രം വാ‌ർദ്ധക്യം വരാതിരിക്കുന്ന കാരണം എന്താണെന്ന് അറിയാമോ? അടുത്തിടെ പുറത്തിറങ്ങിയ ഒരു ഗവേഷണത്തിൽ ഇതിനുള്ല ഉത്തരം കണ്ടെത്തിയിരിക്കുകയാണ്.

ദിവസവും മൾട്ടിവൈറ്റമിൻ ഗുളിക കഴിക്കുന്നവരിൽ വാർദ്ധക്യം പെട്ടെന്ന് പിടിപെടില്ലെന്നാണ് ഈ പഠനത്തിൽ പറഞ്ഞിരിക്കുന്നത്. ഈ പഠന റിപ്പോ‌ർട്ട് നേച്ചർ മെഡിസിനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊക്കോ സപ്ലിമെന്റ് അല്ലെങ്കിൽ മൾട്ടിവൈറ്റമിൻ ഗുളികകൾ ഹൃദ്‌രോഗത്തിനും ക്യാൻസറിനുമുള്ള സാദ്ധ്യത കുറയ്‌ക്കുമോ എന്ന് പരിശോധിക്കുന്നതിനായി ബ്രിഗ്രാം ആന്റ് വിമൻസ് ആശുപത്രിയുടെ നേതൃത്വത്തിൽ നടന്ന ക്ലിനിക്കൽ ട്രയലായ കൊക്കോ സപ്ലിമെന്റ് ആൻഡ് മൾട്ടിവിറ്റാമിൻ ഔട്ട്‌കംസ് സ്റ്റഡിയുടെ (COSMOS) ഭാഗമായാണ് ഈ ഗവേഷണം നടന്നത്.

1

പഠനം സൂചിപ്പിക്കുന്നത്

60 വയസും അതിൽ കൂടുതലും പ്രായമുള്ള 958പേരിലാണ് പരീക്ഷണം നടത്തിയത്. പരീക്ഷണത്തിന്റെ തുടക്കത്തിലും ഒന്ന്, രണ്ട് വർഷം കഴിഞ്ഞും ഇവരുടെ രക്തസാമ്പിളുകൾ ശേഖരിച്ചു. ഡിഎൻഎയിലൂടെ ഒരാളുടെ ബയോളജിക്കൽ ഏജ് കണ്ടുപിടിക്കാൻ സഹായിക്കുന്ന എപിജെനെറ്റിക് ക്ലോക്കുകൾ ഉപയോഗിച്ച് പരിശോധന നടത്തി. ഒരാളുടെ കോശങ്ങളുടെ പ്രവർത്തനം അനുസരിച്ച് അയാളുടെ ശരീരത്തിന് തോന്നിക്കുന്ന പ്രായമാണ് ബയോളജിക്കൽ ഏജ്.

രണ്ട് വർഷം മൾട്ടിവൈറ്റമിൻ ഗുളിക കഴിച്ചവരുടെ ശരീരത്തിൽ വാർദ്ധക്യത്തിന്റെ രണ്ട് തന്മാത്രാ സൂചകങ്ങളെ ചെറിയ രീതിയിൽ മന്ദഗതിയിലാക്കിയതായി ഗവേഷകർ കണ്ടെത്തി. സപ്ലിമെന്റ് കഴിച്ചവരിൽ കഴിക്കാത്തവരെ അപേക്ഷിച്ച് ഒന്നര മുതൽ രണ്ട് മാസം വരെ ബയോളജിക്കൽ ഏജ് കുറഞ്ഞതായി കണ്ടെത്തി. മൾട്ടിവൈറ്റമിനുകൾ ബയോളജിക്കൽ ഏജിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നറിയാൻ കൂടുതൽ ഗവേഷണങ്ങൾ ആവശ്യമാണെന്നും പഠനറിപ്പോർട്ടിൽ പറയുന്നുണ്ട്.

ഈ കണ്ടെത്തലിന്റെ ക്ലിനിക്കൽ പ്രസക്തി നിർണയിക്കേണ്ടത് അനിവാര്യമാണ്. ആയുഷ്‌കാലം മുഴുവൻ ആരോഗ്യത്തോടെ ജീവിക്കുന്നതിൽ മൾട്ടിവൈറ്റമിനുകളുടെ പങ്ക് നിർണയിക്കുന്നതിൽ കൂടുതൽ പരീക്ഷണങ്ങൾ ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഗവേഷകൻ പറയുന്നത്

'എല്ലാ പ്രായക്കാരും മൾട്ടിവൈറ്റമിൻ കഴിക്കണമെന്ന് ഞങ്ങൾ പറയില്ല. ഞങ്ങളുടെ മറ്റ് രണ്ട് വലിയ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മൾട്ടിവൈറ്റമിനുകൾ കഴിക്കുന്നതുകൊണ്ട് അപകടസാദ്ധ്യതകൾ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇവ കഴിക്കുന്നത് ഏത് പ്രായക്കാർക്ക് എങ്ങനെ പ്രയോജനം ചെയ്യും എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് കൃത്യമായി അറിയില്ല. ആരോഗ്യകരമായ വാർദ്ധക്യത്തിന് കാരണം ഒന്നല്ല. ആരോഗ്യത്തെക്കുറിച്ച് എപ്പോഴും ശ്രദ്ധാലുവായിരിക്കേണ്ടത് അനിവാര്യമാണ്. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യം തരുന്ന ഭക്ഷണത്തിനേക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല' - മാസ് ജനറൽ ബ്രിഗാം ഡിപ്പാർട്ട്‌മെന്റ് ഓഫ് മെഡിസിനിലെ എപ്പിഡെമിയോളജിസ്റ്റും പഠനത്തിന്റെ പ്രധാനിയുമായ ഡോ. ഹോവാർഡ് സെസ്സോ പറഞ്ഞു.

2

ജാഗ്രത പാലിക്കണം

മൾട്ടിവൈറ്റമിൻ രണ്ട് എപ്പിജെനറ്റിക് ക്ലോക്കുകളിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തി. പക്ഷേ, എല്ലാ ക്ലോക്കുകളിലും ഈ മാറ്റം കാണാനായില്ലെന്ന് യുഎസിലെ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയിലെ പോഷകാഹാര, ജനിതകശാസ്ത്ര പ്രൊഫസറുമായ ജോസ് ഓർഡോവാസ് പറഞ്ഞു. മാത്രമല്ല, മൾട്ടിവൈറ്റമിൻ സ്ഥിരമായി കഴിക്കുന്നവരിൽ വാർദ്ധക്യം മന്ദഗതിയിലാകുമെന്നോ ദീർഘായുസ് മെച്ചപ്പെടുത്തുന്നുവെന്നോ കാണിക്കുന്നില്ല. മൾട്ടിവൈറ്റമിൻ കഴിച്ചവരിലും കഴിക്കാത്തവരിലും വളരെ ചെറിയൊരു വ്യത്യാസം മാത്രമാണ് കണ്ടിരുന്നത്. അതിനാൽ അവയുടെ ക്ലിനിക്കൽ പ്രാധാന്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.

ഗുളിക രൂപത്തിലായാലും ഗമ്മി രൂപത്തിലായാലും മൾട്ടിവൈറ്റമിനുകൾ കഴിക്കുന്നത് നിർത്തുക എന്നതുമാണ് തന്റെ വ്യക്തിപരമായ ഉപദേശമെന്നാണ് മാഡ്രിഡിലെ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. പിലാർ ഗ്വാല്ലർ കാസ്റ്റിലോൺ പറഞ്ഞത്. പകരം പഴങ്ങളും പച്ചക്കറികളും കഴിക്കുക. സപ്ലിമെന്റുകൾ വാങ്ങി പണം പാഴാക്കരുത്. അവയ്‌ക്ക് പിന്നിൽ വാണിജ്യ താൽപ്പര്യങ്ങളുണ്ടെന്നും ഡോ. പിലാർ വ്യക്തമാക്കി.

TAGS: EXPLAINER, MULTIVITAMIN, AGEING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.