കണ്ണൂർ: സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായ പദ്ധതികളാണ് ട്രോമ കെയറിലൂടെ നടപ്പാക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പദ്ധതിയുടെ ഭാഗമായുള്ള 100 ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് കളക്ടറേറ്റ് മൈതാനത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.
3500 ൽ അധികം പേരാണ് ഓരോ വർഷവും റോഡപകടങ്ങളിൽ മരണമടയുന്നത്. അപകടത്തിൽപ്പെട്ടുകഴിഞ്ഞാൽ ആദ്യത്തെ ഒരു മണിക്കൂർ വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയങ്ങളിൽ പ്രാഥമിക ചികിത്സ നൽകാൻ പലപ്പോഴും കഴിയാറില്ല. സമഗ്ര ട്രോമ കെയർ പദ്ധതിയിലൂടെ പ്രശ്‌നത്തിന് പരിഹാരം കാണാൻ സാധിക്കും. മികച്ച ടെക്‌നിഷ്യൻമാരും അത്യാധുനിക സംവിധാനങ്ങളുമുള്ള ആംബുലൻസ് അപകട സ്ഥലത്ത് മിനിട്ടുകൾക്കുള്ളിൽ എത്തിച്ചേരാൻ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഓരോ 30 കിലോമീറ്ററിലും ഒരു ആംബുലൻസ് എന്ന നിലയിൽ അപകടങ്ങൾ കൂടുതൽ നടക്കുന്ന ബ്ലാക്ക് സ്‌പോട്ടുകളിലാണ് ആംബുലൻസുകളെ വിന്യസിക്കുക. ഒക്ടോബർ 25 മുതൽ ആംബുലൻസുകൾ സേവന രംഗത്തുണ്ടാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസുകൾ, 12 മണിക്കൂർ പ്രവർത്തിക്കുന്ന ആംബുലൻസുകൾ എന്നിങ്ങനെ രണ്ട് രീതിയിലാണ് ഇവയുടെ പ്രവർത്തനം. ആവശ്യമെങ്കിൽ കൂടുതൽ ആംബുലൻസുകളെ 24 മണിക്കൂർ സമയക്രമത്തിലേക്ക് വിന്യസിക്കും.
മെഡിക്കൽ കോളേജുകൾ ലെവൽ വൺ ട്രോമ കെയർ സെന്റർ
തിരുവനന്തപുരം മെഡിക്കൽ കോളേജ് ലെവൽ വൺ ട്രോമ കെയർ സെന്ററായി മാറുന്നതിന്റെ ഉദ്ഘാടനം മൂന്ന് മാസത്തിനുള്ളിൽ നിർവഹിക്കുമെന്ന് മന്ത്രി അറിയിച്ചു. എല്ലാ മെഡിക്കൽ കോളേജും ഇതേ നിലവാരത്തിലേക്ക് മാറ്റും. കാഷ്വാലിറ്റിയെ എമർജൻസി മെഡിക്കൽ കെയർ യൂണിറ്റാക്കി എല്ലാ സജ്ജീകരണങ്ങളും ലഭ്യമാക്കും. ആംബുലൻസുകൾ എത്തുമ്പോൾ എല്ലാ ചികിത്സയും ലഭിക്കുന്ന രീതിയിൽ ആശുപത്രികളെ ക്രമീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |