
ന്യൂഡൽഹി: പശ്ചിമേഷ്യൽ സംഘർഷങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പാചകവാതക വിതരണം ആശങ്കാജനകമായി തുടരുകയാണെന്ന് കേന്ദ്രം. നിലവിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസർക്കാർ ഉറപ്പുനൽകി. പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. എൽപിജി വിവേകപൂർവം ഉപയോഗിക്കണമെന്നും പാചകത്തിന് ബദൽ സംവിധാനങ്ങൾ തേടണമെന്നും അവർ നിർദേശിച്ചു.
നിലവിൽ ഒരു ഗ്യാസ് ഏജൻസിയും സ്റ്റോക്കില്ലാത്ത സാഹചര്യം നേരിടുന്നില്ല. ഗാർഹിക ഉപഭോക്താക്കൾക്കുള്ള സിലിണ്ടർ വിതരണം സാധാരണ നിലയിൽ തുടരുന്നുണ്ട്. സിലിണ്ടർ ബുക്കിംഗിൽ വൻ പുരോഗതിയുണ്ട്. 94 ശതമാനം ബുക്കിംഗും ഓൺലൈൻ വഴിയാണ് നടക്കുന്നത്. ഡെലിവറി ഓതന്റിഫിക്കേഷൻ കോഡ് സംവിധാനം 76 ശതമാനത്തിൽ എത്തിയതായി സുജാത ശർമ പറഞ്ഞു.
താൽക്കാലികമായി നിർത്തിവച്ചിരുന്ന വാണിജ്യ സിലിണ്ടർ വിതരണം ഭാഗികമായി പുനഃസ്ഥാപിച്ചു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നോൺ- ഡൊമസ്റ്റിക് എൽപിജി വിതരണത്തിന് പ്രത്യേക ഉത്തരവുകൾ ഇറക്കിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പ്പും തടയാൻ രാജ്യത്തുടനീളം 12,000ത്തോളം റെയ്‌ഡുകൾ നടത്തി. 15,000 സിലിണ്ടറുകൾ പിടിച്ചെടുത്തു. കേരളത്തിൽ മാത്രം ആയിരത്തോളം പരിശോധനകൾ നടന്നു. വാണിജ്യ ഉപഭോക്താക്കൾ പിഎൻജി കണക്ഷനുകളിലേക്ക് മാറുന്നത് ഗുണകരമാകുമെന്നും കേന്ദ്രസക്കാർ ചൂണ്ടിക്കാട്ടി. ഹോട്ടലുകൾ ഉൾപ്പെടെയുള്ള മേഖലകളിൽ എൽപിജി ഉപയോഗം കുറയ്‌ക്കാൻ മണ്ണെണ്ണ, കൽക്കരി തുടങ്ങിയ ബദൽ ഇന്ധനങ്ങൾ അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |