
കായംകുളം: പഠിക്കാനായി രാവിലെ 5 ന് മകനെ ഫോണിൽ വിളിച്ചുണർത്തുന്ന ഡോ.മുജീബ് റഹ്മാൻ പതിവുപോലെ ഇന്നലെയും വിളിച്ചെങ്കിലും ഫോണെടുത്തില്ല. മകന്റെ അപകടത്തെക്കുറിച്ച് അതിനിടെ, പൊലീസ് അയച്ച മെസേജാണ് ലഭിച്ചത്. കോഴിക്കോട്ട് ഇലക്ട്രിക് സ്കൂട്ടർ വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിലാണ് നൂറനാട് ഗവ.ആശുപത്രിയിലെ അസി.സർജൻ ഡോ.മുജീബ് റഹ്മാന്റെ മകനും മലബാർ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയുമായ കായംകുളം പുളിമുക്ക് അലങ്കാറിൽ അഭിയാൻ മുജീബ് (21) മരിച്ചത്. സുഹൃത്തുക്കളായ നന്ദകിഷോർ, എസ്.അഭിനവ് എന്നിവരും അപകടത്തിൽ മരിച്ചു.
വാപ്പച്ചിയെപ്പോലെ നല്ലൊരു ഡോക്ടറാകണമെന്നതായിരുന്നു അഭിയാന്റെ ആഗ്രഹം. കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിലെ മിടുക്കനായ വിദ്യാർത്ഥിയായിരുന്നു അഭിയാനെന്ന് അദ്ധ്യാപകർ ഓർക്കുന്നു. കഴിഞ്ഞ മാസമാണ് അവസാനമായി വീട്ടിൽ വന്നു മടങ്ങിയത്. പെരുന്നാൾ ആഘോഷിക്കാൻ സുഹൃത്തുക്കളുമൊത്ത് വെള്ളിയാഴ്ച വീട്ടിലെത്താനിരിക്കെയാണ് അപകടം. എല്ലാ ദിവസവും വീട്ടിലേക്ക് ഫോൺ ചെയ്ത് മാതാപിതാക്കളോട് സംസാരിക്കുന്ന ശീലമുണ്ടായിരുന്നു. ചൊവ്വാഴ്ച വിളിച്ചപ്പോഴാണ് പെരുന്നാൾ അവധിക്ക് എത്തുന്ന കാര്യം അറിയിച്ചത്. ഇന്നലെ രാത്രിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. ഇന്നു രാവിലെ 7.30 വരെ പുളിമുക്കിലുള്ള വസതിയിൽ പൊതുദർശനത്തിനു വയ്ക്കും. കബറടക്കം 10ന് കരുനാഗപ്പള്ളി വെളുത്ത മണൽ ജുമാ മസ്ജിദിൽ.
മാതാവ്: ഷജില.സഹോദരി അലീഷ (കൃഷ്ണപുരം ബിഷപ്പ് മൂർ സ്കൂൾ എട്ടാം ക്ളാസ് വിദ്യാർത്ഥി). അലങ്കാർ ഇവന്റ് കാറ്ററിംഗ് ഉടമ ഇബ്രാഹിംകുട്ടിയുടെ ചെറുമകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |