കൊല്ലം: സംസ്ഥാനത്ത് പാചകവാതക വിതരണത്തിലുണ്ടായ കടുത്ത പ്രതിസന്ധി ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയെ പൂർണമായും പൂട്ടലിന്റെ വക്കിലെത്തിച്ചു. ഇന്ധനമില്ലാതെ അടുപ്പുകൾ അണഞ്ഞതോടെ ആയിരക്കണക്കിന് ഹോട്ടലുകൾക്ക് താഴ് വീണു. പ്രതിസന്ധി നീണ്ടാൽ പണിയില്ലാതായ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങും. ഇത് ഹോട്ടലുകളെ കൂടുതൽ പ്രതിസന്ധിയിലാക്കും. നിലവിൽ മെനുവും പ്രവർത്തന സമയവും വെട്ടിച്ചുരുക്കിയാണ് ഹോട്ടലുകളുടെ പ്രവർത്തനം. പ്രതിസന്ധി അതിരൂക്ഷമായാൽ ഹോട്ടലുകൾ പൂർണമായി അടച്ചിടേണ്ടി വരുമെന്നാണ് കരുതുന്നത്.
ഹോട്ടലുകളും ബേക്കറികളും കാറ്ററിംഗ് സംവിധാനങ്ങളും നിശ്ചലമാകുന്നതോടെ അന്യജില്ലകളിൽ നിന്ന് ജോലിക്കെത്തിയവരും പട്ടിണിയിലാകും. ഇപ്പോൾ തന്നെ അത്യാവശ്യ ഭക്ഷണം കിട്ടാൻ ബുദ്ധിമുട്ട് തുടങ്ങിയിട്ടുണ്ട്. ഈ നില തുടർന്നാൽ ഇവരും നാട്ടിലേയ്ക്ക് മടങ്ങേണ്ടിവരും.
ചെറിയ ചില സ്ഥാപനങ്ങളിൽ ഗാർഹിക സിലിണ്ടർ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നുണ്ട്. എന്നാലിത് നിയമവിരുദ്ധമാണ്. എങ്കിലും വിശപ്പിന് മുന്നിൽ അവർക്ക് മറ്രൊരു തീരുമാനമില്ല. പാചകവാതക വിതരണത്തിലെ പ്രതിസന്ധി ജില്ലയിലെ തൊഴിൽ രംഗത്തും അനുബന്ധ മേഖലകളിലുമായി ഒരുലക്ഷത്തോളം ആളുകളെ പ്രത്യക്ഷത്തിലും പരോക്ഷത്തിലും ബാധിക്കും.
നാടണഞ്ഞ് തൊഴിലാളികൾ
ഹോട്ടലുകൾ ഭാഗികമായി അടഞ്ഞുതുടങ്ങി
വരുമാനം നിലച്ച തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു
പെരുന്നാൾ ആഘോഷവും തിരഞ്ഞെടുപ്പും കണക്കിലെടുത്ത് മടക്കം നേരത്തെയാക്കി
തിരഞ്ഞെടുപ്പ് കഴിയാതെ തൊഴിലാളികൾ തിരിച്ചെത്തില്ല
50 മുതൽ 150 ജീവനക്കാർവരെ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുമുണ്ട്
ഗ്രാമീണ മേഖലയിൽ ചെറിയൊരു വിഭാഗം ഹോട്ടലുകളിൽ മാത്രമാണ് വിറകടുപ്പ്
ജില്ലയിൽ അംഗീകൃത ഹോട്ടലുകൾ
450
വീട്ടിൽ ഊണും തട്ടുകടകളും
2000ത്തിലധികം
തൊഴിലാളികൾ
10000 ലേറെ
നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണിത്. ഇടത്തരം ഹോട്ടലുകളും അതിനെ ആശ്രയിച്ച് കഴിയുന്നവരുമാണ് ഏറ്റവും ബുദ്ധിമുട്ടുന്നത്. നിലവിൽ വില ഉയർത്തുന്നതിനെപ്പറ്റി തീരുമാനിച്ചിട്ടില്ല.
ആർ. ചന്ദ്രശേഖരൻ, സംസ്ഥാന സെക്രട്ടറി,
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |