
കൊച്ചി: എറണാകുളം നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ ഒരു മാസത്തിലേറെ പഴക്കമുള്ള പുരുഷ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം വേഗത്തിലാക്കി കടവന്ത്ര പൊലീസ്. അസ്ഥികൂടത്തിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക് പരിശോധനയ്ക്കായി കൈമാറി. അസ്ഥികൂടം എറണാകുളം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം പിന്നീട് നടക്കും. മരിച്ചത് ആരെന്ന് കണ്ടെത്താനായിട്ടില്ല.
എറണാകുളം സൗത്ത് റെയിൽവേ മേൽപ്പാലത്തിന് താഴെ നിന്ന് റെയിൽവേ സ്റ്റേഷന്റെ രണ്ടാംപ്രവേശന കവാടത്തിലേക്ക് പോകുന്ന റോഡിന് സമീപം ഫാക്ടിന്റെ പൂട്ടിക്കിടക്കുന്ന പഴയ കെട്ടിടത്തിനകത്താണ് അസ്ഥികൂടം കണ്ടെത്തിയത്. കെട്ടിട വളപ്പിൽ ആക്രി പെറുക്കാനെത്തിയ അന്യസംസ്ഥാന തൊഴിലാളികളാണ് അസ്ഥികൂടം ആദ്യം കണ്ടത്. മേൽപ്പാലത്തിന് താഴെയുള്ള ആക്രിക്കട ജീവനക്കാരൻ ഇവരിൽ നിന്ന് വിവരമറിഞ്ഞ് പൊലീസ് കൺട്രോൾ റൂമിൽ അറിയിച്ചു. തുടർന്ന് കടവന്ത്ര എസ്.എച്ച്.ഒ ആർ.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസ് എത്തിയാണ് ഇൻക്വസ്റ്റടക്കം പൂർത്തിയാക്കിയത്.
പ്ലാസ്റ്റിക് പായയിൽ കിടക്കുന്ന നിലയിലായിരുന്നു അസ്ഥികൂടം കിടന്നത്. 35 ദിവസം പഴക്കമുണ്ടെന്നാണ് നിഗമനം. മൃതദേഹത്തിന് സമീപമുണ്ടായിരുന്ന ലാപ് ടോപ്പും മൊബൈൽഫോണും കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചെങ്കിലും നിർണായക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഫോണിന്റെ ഉടമയെ കണ്ടെത്തിയെങ്കിലും മരിച്ചത് ആരെന്ന് ഇയാൾക്ക് അറിയില്ല. ഫോൺ നഷ്ടപ്പെട്ടതെന്നായിരുന്നു മൊഴി. ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുറ്റവാളിയാകാം മരിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |