
തിരുവനന്തപുരം: വർക്കലയിൽ വിസ്മയം തീർത്ത് ബി ജെ പി. സി പിഎം ഏരിയ കമ്മിറ്റി അംഗമായ അഡ്വ. സ്മിത സുന്ദരേശനെ പാർട്ടിയിലെത്തിച്ച് വർക്കല നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കിയിരിക്കുകയാണ് ബി ജെ പി. വർക്കല ബ്ലോക്ക് മുൻ പ്രസിഡന്റായിരുന്ന സ്മിത നിലവിൽ ഒറ്റൂർ ബ്ലോക്ക് ഡിവിഷൻ അംഗമാണ്. ബ്ലോക്ക് മെമ്പർസ്ഥാനം രാജിവച്ച ശേഷമാണ് ബി ജെ പിയിൽ ചേർന്നത്.ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചാണ് സ്മിതയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. സി പി എം മുൻ നേതാവ് സുന്ദരേശന്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ.
സി പി എമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശൻ പറഞ്ഞു. സി പി എമ്മിൽ ഇപ്പോൾ വ്യക്തി താൽപര്യവും സ്വാർത്ഥ താൽപര്യവും മാത്രമാണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബി ജെ പിയിലേക്കെത്തിയതെന്നും അവർ പറഞ്ഞു. ഇത്തവണ ബ്ലോക്ക് പഞ്ചായത്തംഗമായി വിജയിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നില്ല. ഇതിനെച്ചൊല്ലി സ്മിതയും പാർട്ടിയും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. ഇതുമനസിലാക്കി ബി ജെ പി നടത്തിയ നീക്കത്തിലൂടെ സ്മിതയെ പാർട്ടിയിലെത്തിക്കുകയായിരുന്നു എന്നാണ് അറിയുന്നത്.
പാർട്ടിക്ക് ഏറെ വളർച്ചയുള്ള വർക്കല സീറ്റ് ബി ഡി ജെഎസിന് നൽകിയതിൽ പ്രാദേശിക ബിജെപിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സീറ്റ് ആദ്യം ബി ജെ പി ഏറ്റെടുക്കുമെന്നായിരുന്നു കരുതിയത്. ഇതേത്തുടർന്ന് ചുവരെഴുത്ത് ആരംഭിക്കുകയും ചെയ്തു. ഇതിനിടെയാണ് സീറ്റ് ബി ഡി ജെ എസിന് നൽകിയത്. ഇതോടെ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് വ്യക്തമാക്കി ബി ജെ പി ഗ്രൂപ്പിൽ ഓഡിയോ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. യു ഡി എഫ് സ്ഥാനാർത്ഥി വർക്കല കഹാറിന് വോട്ട് മറിക്കാനായിരുന്നു ആഹ്വാനം. പ്രാദേശിക ബി ജെ പി നേതാവ് ആലംകോട് ദാനശീലൻ വിമത സ്ഥാനാർത്ഥിയാകുമെന്ന വാർത്തയും ഇതിനിടെ പുറത്തുവന്നു. ഇതേത്തുടർന്നാണ് വർക്കല സീറ്റ് ഏറ്റെടുക്കാൻ ബി ജെ പി തീരുമാനിച്ചത്.
സി പി എം മുൻ ജില്ലാ സെക്രട്ടറി വി ജോയിയുടെ തട്ടകത്തിൽ നിന്ന് ഉന്നത സി പി എം നേതാവിന്റെ മകളെത്തന്നെ അടർത്തിമാറ്റാനായത് ബി ജെപിയെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ വിജയമാണ്. വലിയ ബന്ധുബലമുള്ള കുടുംബത്തിലെ അംഗം കൂടിയാണ് അഡ്വ. സ്മിത സുന്ദരേശൻ. മാത്രമല്ല വ്യക്തിബന്ധവും ഏറെയാണ്. ഇതെല്ലാം വോട്ടായി മാറുമെന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. എന്നാൽ ഇതൊന്നും സിപിഎമ്മിനെ ബാധിക്കില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്. ജോയിയാണ് വർക്കയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |