
കളമശേരി: കേരളം മതേതരമെന്ന് തെളിയിക്കുന്ന തിരഞ്ഞെടുപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളം തലയെടുപ്പോടെ അത് വിളിച്ച് പറയുമെന്ന് അദ്ദേഹം പറഞ്ഞു. കളമശേരിയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. വി.ഇ. അബ്ദുൽ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് വർഷം കേരളം ഭരിച്ച പിണറായി സർക്കാരിനെ താഴെയിറക്കാൻ കേരളം കാത്തിരിക്കുകയാണ്. കേരളത്തിന്റെ എല്ലാ മേഖലയേയും തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ് ഈ സർക്കാർ. ഇവർ തകർത്തെറിഞ്ഞ എല്ലാ മേഖലകളെയും പുനരുജീവിപ്പിക്കാനുള്ള സമഗ്ര പദ്ധതികളുമായാണ് യു.ഡി.എഫ് മുന്നോട്ട് വരുന്നത്. സർക്കാരിന്റെ പണം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പരസ്യം നൽകുന്ന ആദ്യ സർക്കാരാണ് പിണറായിയുടേതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ആയിരക്കണക്കിന് കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്.
പി.ആർ.ഡി പരസ്യങ്ങളുടെ അതേ ഹോൾഡിംഗിൽ തന്നെയാണ് എൽ. ഡി. എഫ് പരസ്യം നൽകിയിരിക്കുന്നത്. യു.ഡി.എഫ് ചെയർമാൻ ഫ്രാൻസിസ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. ഹൈബി ഈഡൻ, ഹാരിസ് ബീരാൻ എം.പി, മുൻ എം.എൽ.എ ടി.എ. അഹമ്മദ് കബീർ, പാണക്കാട് സയ്യിദ് ബഷീറലി തങ്ങൾ, തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജമാൽ മണക്കാടൻ, കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ അബ്ദുൽ മുത്തലിബ് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |