അരിമ്പൂർ: സ്ഥലമെറ്റെടുപ്പിലെ പ്രശ്‌നങ്ങളെ തുടർന്ന് പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയിൽ ഏറ്റെടുത്ത എറവ്-കൈപ്പിള്ളി റോഡ് നവീകരണം പാതി വഴിയിൽ നിലച്ചേക്കും. വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിന് 1.5 കിലോമീറ്റർ നീളത്തിൽ എട്ടു മീറ്റർ വീതിയില്ലാത്തതാണ് പ്രതിസന്ധിയാകുന്നത്. എട്ടു മീറ്റർ വീതിയുണ്ടെങ്കിലേ ഈ പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കാനാകൂ. രണ്ടു കിലോമീറ്റർ നീളത്തിൽ എട്ടു മീറ്റർ വീതിയുണ്ട് റോഡിന്.
ഇതാണ് റോഡ് പൂർണമായി അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള തടസമായി മാറുന്നത്. അരിമ്പൂർ പഞ്ചായത്തിന്റെ അധീനതയിലുണ്ടായിരുന്ന റോഡ് 2023ൽ പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജ്‌നയിലേക്ക് കൈമാറിയിരുന്നു. ഈ സമയത്ത് ജൽജീവൻ മിഷന് വേണ്ടി പൈപ്പിടാൻ റോഡ് കുത്തിപ്പൊളിച്ചെങ്കിലും റോഡ് റീസ്റ്റോറേഷന് ജല അതോറിറ്റി നൽകേണ്ട 42 ലക്ഷം രൂപ നൽകിയുമില്ല. പ്രാദേശികമായ ചില തർക്കങ്ങളും കൂടി വന്നതോടെ കരാറുകാരൻ നിർമ്മാണം നിറുത്തി. പിന്നീട് കളക്ടർ ഇടപെട്ട് ഇയാളെ ഒഴിവാക്കി. തുടർന്നാണ് പുതിയ വ്യക്തി റോഡിന്റെ കരാർ ഏറ്റെടുത്തത്. 3 കോടിയിൽപരം രൂപയാണ് ചെലവ്. പ്രശ്‌നങ്ങൾ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എറവ് സ്വദേശി ജെയ്‌സൺ ഐനിക്കൽ പി.എം.ജി.എസ്.വൈ എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകി.
പ്രശ്‌നങ്ങൾ പരിഹരിച്ച് ആറാംകല്ലിൽ നിന്ന് റോഡ് നിർമ്മാണം ആരംഭിക്കണം. അല്ലെങ്കിൽ കൈപ്പിള്ളി പ്രദേശത്ത് മാത്രം ടാറിംഗ് നടത്തി റോഡ് നിർമ്മാണം പാതിവഴിയിൽ നിലയ്ക്കുന്ന സ്ഥിതി വിശേഷമാകും.
-ജെയ്‌സൻ ഐനിക്കൽ
പരാതിക്കാരൻ
തടസങ്ങൾ നിരവധി
കൈപ്പിള്ളി-എറവ് കരകളെ ബന്ധിപ്പിക്കുന്ന ബണ്ട് റോഡിന്റെ അരികിൽ വീതി കൂട്ടാനായി ചാലിനോട് ചേർന്ന് സംരക്ഷണ ഭിത്തി കെട്ടാൻ തുടങ്ങിയത് പാടശേഖര സമിതിയുടെ പരാതിയെ തുടർന്ന് മുൻപ് നിറുത്തിവയ്പിച്ചിരുന്നു. വീണ്ടും റോഡ് നിർമ്മാണത്തിന് അനുമതി ലഭിച്ചെങ്കിലും ബണ്ട് റോഡിൽ നടത്തേണ്ട പ്രവൃത്തികളുമായി ബന്ധപ്പെട്ടു എറവ് കൈപ്പിള്ളി പാടശേഖര സമിതിയുമായി ചർച്ച നടത്തിയിട്ടില്ല. കൈപ്പിള്ളി ബണ്ട് മുതൽ എറവ് ആറാംകല്ല് സെന്റർ വരെയുള്ള പ്രദേശത്ത് രണ്ടിടത്ത് റോഡിന് 8 മീറ്റർ വീതി ഇല്ലാത്തത് പരിഹരിച്ചിട്ടില്ല. എറവ് വായനശാലയ്ക്ക് സമീപം കലുങ്ക് വീതി കൂട്ടണമെങ്കിൽ റോഡിലെ ഇലക്ട്രിക് പോസ്റ്റ് സ്വകാര്യ വ്യക്തിയുടെ ഭൂമിയിലേക്ക് മാറ്റണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |