കോട്ടയം: തിരുനക്കരയിലേക്ക് വരൂ... പൂരവും കാണാം മേളവും കേൾക്കാം.... അക്ഷരനഗരിയിൽ ഇന്ന് പകൽപ്പൂരം. തിരുനക്കര മഹാദേവക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായുള്ള തിരുനക്കര പൂരത്തിന് ഇന്ന് വൈകിട്ട് നാലിന് ക്ഷേത്രം തന്ത്രി താഴ്മൺ മഠം കണ്ഠര് മോഹനര് ദീപം തെളിക്കുന്നതോടെ തുടക്കമാകും. ദേവസ്വം ബോർഡ് മെമ്പർ അഡ്വ.പി.സി സന്തോഷ് കുമാർ പങ്കെടുക്കും. 22 ആനകൾ അണിനിരക്കും. തൃശൂർപൂരം ഇലഞ്ഞിത്തറ മേളപ്രമാണി കിഴക്കൂട്ട് അനിൻമാരാരും 111ൽ പ്പരം കലാകാരൻമാരും പങ്കെടുക്കുന്ന സ്‌പെഷ്യൽ പാണ്ടിമേളം പൂരത്തിന് ഇരട്ടി കൊഴുപ്പേകും. തൃശൂർ പാറമേക്കാവ് ദേവസ്വമാണ് ആനച്ചമയം ഒരുക്കുന്നത്. ശൈലേഷ് വൈക്കം പൂര വിവരണം നൽകും.
പുതുപ്പള്ളി കേശവൻ, ഭാരത് വിശ്വനാഥൻ, ഉഷശ്രീ ശങ്കരൻകുട്ടി, പാമ്പാടി സുന്ദരൻ, ഗുരുവായൂർ രാജശേഖരൻ, ചൈത്രം അച്ചു, കാളിയാർമഠം ശേഖരൻ, കുളമാക്കിൽ പാർത്ഥസാരഥി, വേമ്പനാട് അർജുനൻ, ഇത്തിത്താനം വിഷ്ണുനാരായണൻ, വേമ്പനാട് അനന്തപദ്മനാഭൻ, അരുണിമ പാർത്ഥസാരഥി, തോട്ടക്കാട് കണ്ണൻ, വേമ്പനാട് വാസുദേവൻ, ഉണ്ണിപ്പള്ളി ഗണേശൻ, തോട്ടക്കാട് രാജശേഖരൻ, കരിമണ്ണൂർ ഉണ്ണി, ആക്കാവിള വിഷ്ണുനാരായണൻ, കൂടൽമാണിക്യം മേഘാർജുനൻ, കല്ലുർതാഴെ ശിവസുന്ദർ, കൊച്ചുഗുരുവായൂർ ഹരിഗോവിന്ദൻ, കൊടുമൻ ശിവൻ എന്നീ ആനകളാണ് പൂരത്തിന് അണിനിരക്കുന്നത്.
പൂരത്തിന് മുന്നോടിയായി രാവിലെ 9ന് ചെറുപൂരങ്ങൾക്ക് വരവേൽപ്പ് നൽകും. തിരുനക്കര ക്ഷേത്രത്തിന് ചുറ്റുവട്ടമുള്ള ക്ഷേത്രങ്ങളിൽ നിന്നാണ് ചെറുപൂരങ്ങൾ ക്ഷേത്രാങ്കണത്തിലേക്ക് എത്തുന്നത്. അമ്പലക്കടവ് ഭഗവതി ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയതൃക്കോവിൽ മാഹവിഷ്ണു ക്ഷേത്രം, പള്ളിപ്പുറത്ത്കാവ് ഭഗവതി ക്ഷേത്രം, കൊപ്രത്ത് ശ്രീദുർഗാദേവി ക്ഷേത്രം, പാറപ്പാടം ദേവിക്ഷേത്രം, നാഗമ്പടം മഹാദേവ ക്ഷേത്രം, തളിക്കോട്ട ശ്രീമഹാദേവ ക്ഷേത്രം, പുത്തനങ്ങാടി ദേവീക്ഷേത്രം, എരുത്തിക്കൽ ദേവിക്ഷേത്രം, മള്ളൂർകുളങ്ങര മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നാണ് പൂരങ്ങൾ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |