കൊല്ലം: ഏത് പ്രതിസന്ധി വന്നാലും കേരളത്തെ കരുത്തോടെ നയിക്കാനുള്ള ശേഷി ഇടതുപക്ഷത്തിന് മാത്രമാണെന്ന് മന്ത്രിയും കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായ കെ.എൻ.ബാലഗോപാൽ പ്രസ്താവിച്ചു. കൊല്ലം പ്രസ് ക്ളബ്ബും ഓൾ ഇന്ത്യ ബാങ്ക് എംപ്ളോയീസ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'വോട്ടും വാക്കും' തിരഞ്ഞെടുപ്പ് സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ്, പ്രളയം, നിപ്പ തുടങ്ങി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനം നേരിട്ടത് വലിയ വെല്ലുവിളികളാണ്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യകാലത്തും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശ്രദ്ധ കൊടുക്കേണ്ടിവന്നു. ഒരു വർഷക്കാലം ഈ സ്ഥിതി തുടർന്നു. വലിയ സാമ്പത്തിക ഞെരുക്കമുണ്ടായി. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് നാട് വലിയ മുന്നേറ്റം കൈവരിച്ചത്. വയനാട് ദുരന്തത്തിൽപ്പെട്ടവർക്കുനേരെ കേന്ദ്രം പുറംതിരിഞ്ഞുനിന്നു, സംസ്ഥാന സർക്കാർ അവർക്ക് വീട് നിർമ്മിച്ചുനൽകി. സുരക്ഷിത സാഹചര്യമൊരുക്കി. ഇപ്പോൾ പശ്ചിമേഷ്യയിൽ യുദ്ധം നടക്കുന്നു, നമ്മുടെ അടുക്കളയിലും പ്രതിസന്ധി രൂക്ഷമാണ്. ഇത്തരം സാഹചര്യങ്ങളിലെല്ലാം നാടിനെ നയിക്കുവാൻ എൽ.ഡി.എഫിനല്ലാതെ മറ്റാർക്കുമാകില്ല. ഇത് ജനങ്ങൾക്കുമറിയാം. കേന്ദ്രം വല്ലാതെ സാമ്പത്തികമായി വരിഞ്ഞുമുറുക്കി. എന്നിട്ടും വികസന പ്രവർത്തനങ്ങൾ നടത്താൻ സർക്കാരിന് കഴിഞ്ഞു. അഴിമതിയുടെ ആരോപണങ്ങൾ ലവലേശമുണ്ടായില്ലെന്നും കെ.എൻ.ബാലഗോപാൽ കൂട്ടിച്ചേർത്തു. പ്രസ് ക്ളബ്ബ് വൈസ് പ്രസിഡന്റ് എം.മഹേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി എം.എ.നവീൻ, പ്രസ് ക്ളബ്ബ് സെക്രട്ടറി സനൽ.ഡി.പ്രേം, കണ്ണൻനായർ എന്നിവർ സംസാരിച്ചു.
കേരളം വലിയ കടക്കെണിയിലാണോ?
കെ.എൻ.ബാലഗോപാൽ: വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് 85,000 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ കടം, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 1,56,000 കോടി രൂപയായി ഇത് മാറി. ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ അവസാനകാലത്ത് 2.90 ലക്ഷം കോടിയായത് ഈ സർക്കാരിന്റെ കാലത്ത് 6 ലക്ഷം കോടിയാകേണ്ടതായിരുന്നു. എന്നാൽ 4.80 ലക്ഷം കോടി രൂപയ്ക്ക് താഴെയാണ് കേരളത്തിന്റെ കടം. കേന്ദ്ര സർക്കാർ പല വിഹിതങ്ങളും വെട്ടിക്കുറച്ചു. അപ്പോഴും ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്താനായി. പെൻഷൻ കൃത്യമായി കൊടുക്കാൻ കഴിയുന്നു. പറയുന്ന കാര്യങ്ങൾ കൃത്യമായി നടപ്പാക്കുമെന്ന ഉറപ്പ് എൽ.ഡി.എഫിനുണ്ട്.
കൊട്ടാരക്കരയിലെ തിരഞ്ഞെടുപ്പ് എങ്ങിനെ വിലയിരുത്തുന്നു?
കെ.എൻ.ബാലഗോപാൽ: കൊട്ടാരക്കരയിൽ വികസനവും രാഷ്ട്രീയവും ചർച്ച ചെയ്യുന്നുണ്ട്. ഇത്രയും കാലവും എതിർത്ത രാഷ്ട്രീയത്തിലേക്ക് ഒരാൾ പോകുന്നത് സ്വന്തം താത്പര്യങ്ങൾക്കുവേണ്ടിയാണ്. ജനങ്ങളുടെ കൂടെ നിൽക്കുന്നതാണ് വികസനത്തിന്റെ രാഷ്ട്രീയം. അത് ജനം തിരിച്ചറിയും. മണ്ഡലത്തിലെ എല്ലായിടത്തും വികസനമെത്തിയ്ക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. ജനങ്ങൾ ഏൽപ്പിച്ച ദൗത്യം നിറവേറ്റി. അവസരവാദികളെ അവർ തിരിച്ചറിയുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |