SignIn
Kerala Kaumudi Online
Tuesday, 24 March 2026 9.53 PM IST

എൻ.കെ.പ്രേമചന്ദ്രൻ എം.പി കേരളകൗമുദിയോട്,​ 'തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ഇടതുപക്ഷ ഏകീകരണം വരും'

Increase Font Size Decrease Font Size Print Page
nk-premachandran


സി.പി.എം- ബി.ജെ.പി ഡീൽ പണ്ടുമുതലേ ഉള്ളത്

കേരളത്തിലും പാർലമെന്റിലും എൻ.കെ.പ്രേമചന്ദ്രൻ യു.ഡി.എഫിന്റെ ജനകീയവും ബൗദ്ധികവുമായ മുഖമാണ്. സംസ്ഥാനത്ത് മന്ത്രിയായിരിക്കെ കറകളഞ്ഞ മന്ത്രിയെന്ന പേരും പാർലമെന്റിൽ വിഷയാധിഷ്ഠിതമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന നേതാവെന്ന നിലയിൽ ഭരണപക്ഷത്തിന്റേതുൾപ്പെടെ ബഹുമാനവും ഏറ്റുവാങ്ങിയ നേതാവ്. ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കൂടിയായ അദ്ദേഹം കേരളത്തിലെ നിയമസഭാതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സാദ്ധ്യതകളും വിവാദങ്ങളും കേരളകൗമുദിയുമായി സംവദിക്കുന്നു.

?നിയമസഭയിൽ ഒറ്റസീറ്റുപോലുമില്ലാത്ത പാർട്ടിയായി ആർ.എസ്.പി. ഒരേയൊരു എം.പിമാത്രം

കഴിഞ്ഞതവണ ചവറയും കുന്നത്തൂരും നഷ്ടപ്പെട്ടത് 2,000വോട്ടിന്റെ വ്യത്യാസത്തിലാണ്. ഇത്തവണ അതുമാറും. ഇരവിപുരവും ആറ്റിങ്ങലും പയ്യന്നൂരും കൂടി മത്സരിക്കുന്നുണ്ട്. നല്ല വിജയപ്രതീക്ഷയാണ്.

?എം.പിമാർ മന്ത്രിമാരാകാൻ കച്ചകെട്ടിയിറങ്ങിയതായിരുന്നു കഴിഞ്ഞ ദിവസത്തെ വിവാദം, താങ്കൾക്ക് കേരളത്തിൽ മന്ത്രിയാവണ്ടേ

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രവും ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ഇന്ത്യയാണ്. അവിടത്തെ പാർലമെന്റിൽ എം.പിയായിരിക്കുക എന്നതിൽ കവിഞ്ഞ് എന്ത് സൗഭാഗ്യമാണ് വേറെ വേണ്ടത്. അത് വലിയ ഉത്തരവാദിത്വമാണ്. വളരെ നിർണായകമായ ഘട്ടത്തിൽ ചിലപ്പോൾ എം.എൽ.എമാർ എം.പിയാവാനും എം.പിമാർ എം.എൽ.എമാരാകാനും മത്സരിക്കാറുണ്ട്. അത്തരമൊരു രാഷ്ട്രീയ സാഹചര്യം നിലവിൽ കേരളത്തിലില്ല.

?കേരളത്തിൽ കോൺഗ്രസ് എം.പിമാർ ഉയർത്തിയ കലാപം വെറുതെയായിരുന്നോ

ഞാൻ മുകളിൽ പറഞ്ഞതിൽ എല്ലാമുണ്ട്. കോൺഗ്രസിലെ കാര്യം അവരുടെ ആഭ്യന്തര രാഷ്ട്രീയ കാര്യമാണ്.

?ഡീൽ വിവാദം കത്തുകയാണല്ലോ

വി.ഡി.സതീശൻ പറഞ്ഞത് വാസ്തവമല്ലേ. മൂന്നുവർഷം മുമ്പ് ആർ.എസ്.പി ഇത് പറഞ്ഞതാണ്. സി.പി.എം- ബി.ജെ.പി ഡീൽ എന്നത് വസ്തുതയാണ്. അത് സതീശൻ പറഞ്ഞതുപോലെ പത്തിടത്തുമാത്രമല്ല, എന്റെ രാഷ്ട്രീയ വിലയിരുത്തലിൽ 18 ഇടത്തുണ്ട്. ബി.ജെ.പി ആഗ്രഹിക്കുന്നതും അവർ അധികാരത്തിലേറിയ ആദ്യ ദിവസം പ്രഖ്യാപിച്ചതും കോൺഗ്രസ് മുക്ത ഭാരതമാണ്. രാജ്യത്ത് നിന്ന് കോൺഗ്രസിനെ തുടച്ചുനീക്കണം. കേരളത്തിൽ അത് സാദ്ധ്യമാക്കാനുള്ള എളുപ്പവഴി സി.പി.എമ്മാണ്. 49ശതമാനം ന്യൂനപക്ഷങ്ങളുള്ള കേരളത്തിൽ ബി.ജെ.പിക്ക് അവരുടെ രാഷ്ട്രീയം പറഞ്ഞുമാത്രം ഇവിടെ സീറ്റ് പിടിക്കാനാവില്ല. അതിനുള്ളതാണ് സി.പി.എമ്മുമായുള്ള ഡീൽ.

? സി.പി.എം കോ- ലീ- ബി സഖ്യത്തെക്കുറിച്ച് പറയുമ്പോൾ വെറുതേ വെടിപൊട്ടിക്കുകയല്ലേ സതീശൻ

എന്റെ രാഷ്ട്രീയ പരിചയം വച്ച് അത് വെറുതേ പൊട്ടിച്ചതല്ല. 2025 നവംബർ ഒമ്പതിന് ഡൽഹിയിൽ അമിത്ഷായും പിണറായിയുമായി കൂടിക്കാഴ്ച നടന്നിരുന്നു. പിറ്റേദിവസം നരേന്ദ്രമോദിയേയും പിണറായി കണ്ടു. കേരളത്തിന്റെ വികസനപ്രവർത്തനങ്ങൾക്കായിട്ടാണ് ആ കൂടിക്കാഴ്ചയെങ്കിൽ അതിനുശേഷം മൈക്ക് കെട്ടി കേന്ദ്രസർക്കാരിനെതിരെ കവല പ്രസംഗം നടത്തുന്നതൊഴിച്ചാൽ ഒരു നേട്ടവും ഉണ്ടായതായി മലയാളിക്കറിയില്ല. അവിടെയാണ് ഈ ഡീൽ നടന്നത്. ആ ഡീലിനുശേഷമാണ് കേരളത്തിൽ സി.പി.എം മുസ്ലിം വിരുദ്ധതയുടെ രാഷ്ട്രീയം പറയാൻ തുടങ്ങിയത്.

?​മകനെ സ്ഥാനാർത്ഥിയാക്കാനുള്ള ശ്രമം നടത്തിയല്ലോ

അതൊക്കെ പാർട്ടിക്കാര്യമാണ്. എന്റെ മകനെ സ്ഥാനാർത്ഥിയാക്കണമെന്ന് ഞാനെവിടേയും ആവശ്യപ്പെട്ടിട്ടില്ല. കഴിവും രാഷ്ട്രീയവും അറിയാവുന്നവർ വരട്ടേ എന്നതാണ് എന്റെ രാഷ്ട്രീയം.

?​ആർ.എസ്.പി ഇടതുപക്ഷത്തേക്ക് മടങ്ങിപ്പോകുമോ

എവിടേക്കാണ് പോകേണ്ടത്. സി.പി.എം ഇടതുപക്ഷപാർട്ടിയാണോ. അവരാണിവിടത്തെ തീവ്ര വലതുപക്ഷം. ഈ തിരഞ്ഞെടുപ്പോടെ കേരളത്തിൽ ഇടതുപക്ഷ ഏകീകരണം നടക്കും. അതിലേക്ക് വൈകാതെ സി.പി.ഐയും വരും.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.