
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും തോമസ് ഐസക്കിന്റെയും വിവാദപരാമർശങ്ങളെ ന്യായീകരിച്ച് എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്‌ണൻ. മോശമായി നിലപാടെടുക്കുന്നവരോട് ചില പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്നാണ് ടി പി രാമകൃഷ്‌ണൻ പറഞ്ഞത്. മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശവും തോമസ് ഐസക്കിന്റെ 'കോമാളി' പരാമർശവും വലിയ വിവാദമായിരുന്നു. എന്നാൽ ഇത്തരം പ്രയോഗങ്ങൾ ചില സാഹചര്യങ്ങളിൽ നടത്തേണ്ടിവരുമെന്നാണ് ടി പി രാമകൃഷ്‌ണന്റെ പക്ഷം.
പാർട്ടിയിൽ നിന്ന് വിട്ടിറങ്ങി അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി ജി സുധാകരനുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള മറുപടിയിലാണ് 'ചെറ്റത്തരം' എന്ന പ്രയോഗം മുഖ്യമന്ത്രി നടത്തിയത്. ജി സുധാകരൻ കാണിച്ചത് ചെറ്റത്തരമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സുധാകരനെക്കുറിച്ച് പറയാൻ മറ്റ് വാക്കുകളില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചരുന്നു. എന്നാൽ ചെറ്റയെന്ന വിളിയിൽ അഭിമാനം കൊള്ളുന്നതായാണ് ജി സുധാകരൻ പ്രതികരിച്ചത്. ചെറ്റ എന്നത് അടിസ്ഥാനവർഗത്തിന്റെ പുരയാണെന്നും 18 വയസുവരെ താൻ ജീവിച്ചത് അവിടെയാണെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന രമേശ് പിഷാരടിക്ക് എതിരെയാണ് തോമസ് ഐസക്ക് കോമാളി പ്രയോഗം നടത്തിയത്. കോമാളി വേഷം കെട്ടുന്നവരെ സ്ഥാനാർത്ഥിയാക്കിയിട്ട് എന്ത് കാര്യമെന്നായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം. എന്നാൽ, പിന്നീട് തോമസ് ഐസക്ക് ഇതിൽ ഖേദപ്രകടനം നടത്തിയിരുന്നു. രമേശ് പിഷാരടിക്കെതിരെ ഉന്നയിച്ചത് രാഷ്‌ട്രീയ വിമർശനം ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാലസ്‌തീൻ വിഷയത്തിലെ പിഷാരടിയുടെ അന്താരാഷ്‌ട്ര നിലപാടിനെയാണ് വിമർശിച്ചതെന്നും കോമാളി പ്രയോഗത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും തോമസ് ഐസക്ക് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |