
എല്‍പിജി ക്ഷാമം രൂക്ഷമായി തുടരുന്നതിനൊപ്പം ഇതിന്റെ പേരിലുള്ള കൊള്ളയും മറുവശത്ത് അരങ്ങേറുന്നുണ്ട്. ഇതിന്റെ നേര്‍ചിത്രമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പോസ്റ്റിന് താഴെയാണ് ഒരാള്‍ പരാതിയുമായി എത്തിയത്. 19 കിലോയുടെ സിലിണ്ടര്‍ വാങ്ങാന്‍ 7000 രൂപ നല്‍കേണ്ടിവന്നുവെന്നും ബില്ല് ചോദിച്ചാല്‍ സാധനം കിട്ടില്ല എന്നുമാണ് നൂറുല്‍ അമീന്‍കോമാത്ത് എന്ന യൂസര്‍ ഐഡിയില്‍ നിന്ന് വന്ന കമന്റ്. കമന്റ് ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ കേന്ദ്രമന്ത്രി ഇതിന് മറുപടിയും നല്‍കി. നിങ്ങളുടെ വിശദാംശങ്ങള്‍ നല്‍കു, അതിനെതിരെ നിയമമുണ്ട്. നടപടിയെടുക്കുകതന്നെ ചെയ്യും. പൊലീസ് ബന്ധപ്പെടും എന്ന മറുപടിയാണ് മന്ത്രി നല്‍കിയത്.
സംസ്ഥാനത്തെ വാണിജ്യ പാചകവാതക വിതരണത്തില്‍ സുപ്രധാനമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയത്തിന്റെ തീരുമാനം അറിയിച്ചുകൊണ്ടുള്ള മന്ത്രിയുടെ പോസ്റ്റിന് താഴെയാണ് പരാതി വന്നത്.
സുരേഷ് ഗോപി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സംസ്ഥാനത്തെ വാണിജ്യ പാചകവാതക (Commercial LPG) വിതരണത്തില്‍ സുപ്രധാനമായ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് കേന്ദ്ര പെട്രോളിയം - പ്രകൃതിവാതക മന്ത്രാലയത്തിന്റെ പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുകയാണ്.
മുന്‍പ് പ്രഖ്യാപിച്ച 30% വിഹിതത്തിന് പുറമെ, മാര്‍ച്ച് 23 മുതല്‍ 20% കൂടി അധികമായി അനുവദിച്ചതോടെ മൊത്തം വിഹിതം ഇപ്പോള്‍ 50% ആയി ഉയര്‍ന്നു.
നമ്മുടെ ഹോട്ടലുകള്‍, തട്ടുകടകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍, ചെറുകിട ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ എന്നിവയ്ക്ക് ഈ തീരുമാനം വലിയ തണലാകും.
പ്രധാന നിബന്ധനകള്‍:
മുന്‍ഗണന ഈ മേഖലകള്‍ക്ക്: ഹോട്ടലുകള്‍, ഡാബകള്‍, വ്യവസായശാലകളിലെ കാന്റീനുകള്‍, പാല്‍/ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോ എഫ്.ടി.എല്‍ (FTL) സിലിണ്ടറുകള്‍ എന്നിവയ്ക്കായിരിക്കും ഈ 20% അധിക വിഹിതത്തില്‍ മുന്‍ഗണന ലഭിക്കുക.
രജിസ്‌ട്രേഷന്‍ നിര്‍ബന്ധം: വാണിജ്യ/വ്യവസായ ആവശ്യങ്ങള്‍ക്കായി എല്‍പിജി ഉപയോഗിക്കുന്നവര്‍ ഒ.എം.സി (OMC) കളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
പി.എന്‍.ജി (PNG) സൗകര്യം: 50% വിഹിതത്തിന് അര്‍ഹരാകാന്‍ ഉപഭോക്താക്കള്‍ അതത് നഗരങ്ങളിലെ സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷന്‍ ഏജന്‍സികളില്‍ പി.എന്‍.ജി കണക്ഷനായി അപേക്ഷിക്കുകയും അത് സ്വീകരിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കുകയും വേണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |