
സമാധാന ചര്‍ച്ചകളില്‍ ആവേശം
കൊച്ചി: പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകളുടെ പ്രതീക്ഷയില്‍ ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതോടെ ഓഹരി, സ്വര്‍ണ വിപണികള്‍ ശക്തമായി തിരിച്ചുകയറി. യുദ്ധ ഭീതി ഒഴിഞ്ഞതിനാല്‍ നിക്ഷേപകര്‍ അമേരിക്കന്‍ ഡോളര്‍, ബോണ്ടുകള്‍ എന്നിവയില്‍ നിന്ന് പണം മികച്ച സാദ്ധ്യതകളുള്ള സ്വര്‍ണത്തിലേക്കും ഓഹരിയിലേക്കും മാറ്റി. ഇന്നലെ യു.എസ് വിപണികളില്‍ ദൃശ്യമായ അനുകൂല ചലനങ്ങളുടെ ചുവടു പിടിച്ച് ഏഷ്യന്‍ സൂചികകള്‍ മികച്ച നേട്ടമുണ്ടാക്കി. ഏഷ്യയിലെ പ്രമുഖ ഓഹരി സൂചികകളായ ദക്ഷിണ കൊറിയയിലെ കോസ്പി, ജപ്പാനിലെ നിക്കി, ചൈനയിലെ ഷാംഗ്ഹായി കോമ്പോസിറ്റ്, ഹോങ്കോംഗിലെ ഹാംഗ് സെംഗ് എന്നിവയും മുന്നേറി. വിദേശ നിക്ഷേപകര്‍ വീണ്ടും സജീവമായതാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തായത്. മുഖ്യ സൂചികയായ സെന്‍സെക്സ് 1,205 കുതിച്ച് 75,273.45ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 394.05 പോയിന്റ് നേട്ടത്തോടെ 23,306.45ല്‍ എത്തി. ചെറുകിട, ഇടത്തരം ഓഹരികളും കുതിച്ചു.
ഓഹരി നിക്ഷേപകരുടെ ആസ്തിയിലെ വര്‍ദ്ധന - 8 ലക്ഷം കോടി രൂപ
ക്രൂഡോയില്‍ വിലയിടിവ് പ്രതീക്ഷ
ക്രൂഡോയില്‍ വിലയിടിവ് സാമ്പത്തിക മേഖലയ്ക്ക് കരുത്താകുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4,580 ഡോളറിലെത്തി. നാണയപ്പെരുപ്പം കുറയുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് കരുത്തായത്. കേരളത്തില്‍ ഇന്നലെ പവന്‍ വില രണ്ടുതവണയായി 3,400 രൂപ ഉയര്‍ന്ന് 1,08,200 രൂപയിലെത്തി. ഗ്രാമിന്റെ വില 425 രൂപ ഉയര്‍ന്ന് 13525 രൂപയായി. വെള്ളി വില നാല് ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 2.5 ലക്ഷം രൂപയിലെത്തി.
മൂന്ന് ദിവസത്തില്‍ പവന്‍ വിലയിലെ വര്‍ദ്ധന - 7,120 രൂപ
വിപണിക്ക് ആവേശമാകുന്നത്
1. അമേരിക്കയും ഇറാനും വെടിനിറുത്തലിനൊരുങ്ങുന്നതോടെ ആഗോള ഇന്ധന പ്രതിസന്ധി ഒഴിവായേക്കും
2. ക്രൂഡോയില്‍ വില കുത്തനെ കുറഞ്ഞതിനാല്‍ നിക്ഷേപകര്‍ സുരക്ഷിത മേഖലയായ സ്വര്‍ണത്തിലേക്ക് പണമൊഴുക്കുന്നു
3. നാണയപ്പെരുപ്പം കുറഞ്ഞാല്‍ കേന്ദ്ര ബാങ്കുകള്‍ പലിശ കുറയ്ക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണത്തിന് വീണ്ടും പ്രിയമേറുന്നു
രൂപ റെക്കാഡ് താഴ്ചയില്‍
വിദേശ നിക്ഷേപകര്‍ വീണ്ടും വിപണിയില്‍ സജീവമായിട്ടും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് അറുതിയില്ല. ഇന്നലെ ഡോളറിനെതിരെ രൂപ 29 പൈസ നഷ്ടത്തോടെ 94.06ല്‍ അവസാനിച്ചു. ഇറക്കുമതിക്കാര്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |