
സ്‌കൂളിൽ പഠിക്കുന്ന കാലത്ത് കൈയ്യക്ഷരം മോശമായതിന് അദ്ധ്യാപിക തന്റെ പുസ്‌തകം വലിച്ചെറിയുന്നത് കണ്ടുനിന്ന വിദ്യാർത്ഥി. ഇന്ന് അയാളുടെ കൈയ്യക്ഷരത്തിന് ആരാധകരേറെയാണ്. ആലപ്പുഴ ജില്ലയിലെ ചേർത്തലക്കാരനായ വിഷ്‌ണുദാസ് സി കെ എന്ന യുവാവ് വളരെ യാദൃശ്ചികമായാണ് കാലിഗ്രാഫിയിലേക്ക് എത്തിപ്പെട്ടത്. സോഷ്യൽമീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്ന കൈപ്പടയിൽ തയ്യാറാക്കിയ ക്ഷണക്കത്തുകൾക്കായി വിഷ്‌ണുദാസിനെ സമീപിക്കുന്നവർ നിരവധിയാണ്. അതിമനോഹരമായ അക്ഷരങ്ങളിൽ വിഷ്‌ണുദാസ് തയ്യാറാക്കിയ ക്ഷണക്കത്തുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ബംഗളൂരിൽ നെറ്റ്‌വർക്കിംഗ് എഞ്ചിനീയറായി ജോലിചെയ്യുകയാണ് വിഷ്‌ണുദാസ്. ഒരിക്കലും എത്തിപ്പെടില്ലെന്ന് കരുതിയ മേഖലയിലേക്ക് വിഷ്‌ണുദാസിനെ എത്തിച്ചത് സുഹൃത്ത് ലിയോയാണ്. അയാളുടെ കുഞ്ഞിന്റെ മാമോദിസയ്‌ക്കായാണ് ആദ്യമായൊരു ക്ഷണക്കത്ത് വിഷ്‌ണുദാസ് തയ്യാറാക്കിയത്. സ്വന്തം കൈയ്യക്ഷരത്തിൽ യാതൊരുവിധ ആത്മവിശ്വാസവും ഇല്ലാതിരുന്ന വിഷ്‌ണുവിന് നിരന്തരം പ്രോത്സാഹനം നൽകിയതും ലിയോ തന്നെ.
പക്ഷേ, എഴുതാനിരുന്ന വിഷ്‌ണുവിന്റെ വിരലുകൾക്ക് പരിചയം കമ്പ്യൂട്ടർ കീബോർഡുകളോടായിരുന്നു. അക്ഷരങ്ങൾ വഴങ്ങാത്തതുപോലെ തോന്നിയതിനാൽ സ്വരവും വ്യഞ്ജനവും ആദ്യം മുതൽ തുടങ്ങി. രണ്ട് വലിയ ഇരട്ടവരയുള്ള നോട്ട്ബുക്കുകൾ വാങ്ങി അക്ഷരങ്ങൾ വൃത്തിയായി എഴുതാൻ പഠിച്ചു. തുടർന്നാണ് തന്റെ ആദ്യത്തെ ക്ഷണക്കത്ത് തയ്യാറാക്കിയത്.
അതവിടെ അവസാനിച്ചെന്നാണ് വിഷ്‌ണു കരുതിയത്. എന്നാൽ മകളുടെ മാമോദിസയ്‌ക്കു പങ്കെടുക്കാനെത്തിയവരോടെല്ലാം ഇൻവിറ്റേഷൻ കാർഡിനെക്കുറിച്ച് പറയാൻ ലിയോ മറന്നില്ല. അങ്ങനെ ആ സുഹൃത്തിലൂടെ പിന്നെയും ആവശ്യക്കാർ തിരക്കിവരാൻ തുടങ്ങി. അതിനായി മാത്രം സോഷ്യൽ മീഡിയയിൽ പുതിയ അക്കൗണ്ട് തുടങ്ങി.
'കഴിവിനെ തടഞ്ഞുവച്ചിട്ട് കാര്യമില്ല, അതെപ്പോഴായാലും പുറത്തുവരും'
ആവശ്യക്കാർ കൂടിയതോടെ ഒരേ തരത്തിൽ പോകാതെ പുതിയ രീതികളും ഡിസൈനുകളും പരീക്ഷിക്കണമെന്നു തോന്നി. ആദ്യ നാളുകളിൽ ക്ഷണക്കത്തുകൾ തയ്യാറാക്കുന്നതിനാവശ്യമായ പേന, പേപ്പർ തുടങ്ങിയവയെക്കുറിച്ച് അയാൾക്ക് വലിയ അറിവുണ്ടായിരുന്നില്ല. അതിനാൽ, സമാനരീതിയിൽ കൈയ്യക്ഷരത്തിൽ ക്ഷണക്കത്തുകൾ തയ്യാറാക്കുന്നവരെ സമീപിക്കുകയായിരുന്നു. എന്നാൽ, അവരാരും തന്നെ മറുപടി നൽകാൻ തയ്യാറായില്ല. ചാറ്റ് ജിപിടിയിൽ അഭയം തേടിയിട്ടും കാര്യമുണ്ടായിരുന്നില്ല. പിന്നീട് അതേക്കുറിച്ച് അറിയണമെന്നുള്ളത് അയാളിൽ ഒരു വാശിയായി. വിദേശികൾ ഉൾപ്പടെയുള്ളവരുമായി ബന്ധപ്പെട്ടതിനുശേഷമാണ് കുറേയൊക്കെ കാര്യങ്ങൾ മനസിലാക്കാനായത്. തനിക്ക് ധാരാളം പേർ ഇത്തരത്തിൽ ചെയ്യാനാഗ്രഹമുണ്ടെന്ന് പറഞ്ഞ് സന്ദേശം അയക്കാറുണ്ടെന്നും അവർക്കെല്ലാം തനിക്ക് അറിവുള്ള കാര്യങ്ങൾ പറഞ്ഞുകൊടുക്കാറുണ്ടെന്നും വിഷ്‌ണു പറയുന്നു.
'ഇതെല്ലാം ഒരു ട്രെൻഡിനൊപ്പം പോകുന്ന കാര്യങ്ങളാണ്. എനിക്കൊരു കോംപറ്റീഷനാകുമെന്ന് കരുതി മറ്റൊരാളുടെ കഴിവിനെ ഞാൻ പ്രോത്സാഹിപ്പിക്കാതിരുന്നിട്ട് കാര്യമില്ല. ഞാൻ തടഞ്ഞുവച്ചാലും നാളെ ആ കഴിവ് പുറത്തുവരും'- വിഷ്‌ണു പറയുന്നു.
ഒരു കത്ത് തയ്യാറാക്കാനായി ചിലപ്പോൾ ഒരു ദിവസം വരെ വേണ്ടിവരും. ചിലപ്പോൾ ഒരു മണിക്കൂറുപോലും വേണ്ടി വരാറുമില്ല. മനസിന് സംതൃപ്‌തി തോന്നിയാൽ മാത്രമേ ഡിസൈൻ ഉറപ്പിക്കുകയുള്ളു. അല്ലെങ്കിൽ വീണ്ടും വീണ്ടും തിരുത്തിയെഴുതിക്കൊണ്ടിരിക്കും. വിവാഹം, നിശ്ചയം, നൂലുകെട്ട്, പാലുകാച്ച് തുടങ്ങി വിവിധ ആഘോഷങ്ങൾക്കായി പരമ്പരാഗത രീതിയിൽ ധാരാളം ക്ഷണക്കത്തുകൾ വിഷ്‌ണു തയ്യാറാക്കി നൽകിയിട്ടുണ്ട്. ക്ഷണക്കത്തുകൾ ഡിസൈൻ ചെയ്‌ത ശേഷം ചിത്രങ്ങളായോ വീഡിയോകളായോ സോഷ്യൽമീഡിയയിലൂടെ പങ്കുവയ്‌ക്കുന്നതാണ് പതിവ്. ആവശ്യക്കാർക്ക് തയ്യാറാക്കിയ കത്തുകൾ കൊറിയറായും അയച്ചുനൽകാറുണ്ട്.
കാലിഗ്രഫി കലാകാരനാണോയെന്ന ചോദ്യത്തിന് തനിക്കിപ്പൊഴും അതിനെക്കുറിച്ച് വലിയ പിടിയില്ലയെന്നാണ് വിഷ്‌ണുവിന്റെ മറുപടി. ഒരു വരുമാനമാർഗം എന്നതിലുപരി ജോലിസമ്മർദത്തിൽ നിന്ന് പുറത്തുകടക്കാനായാണ് വിഷ്‌ണു കാലിഗ്രഫി ചെയ്യുന്നത്. മനസിന് സന്തോഷം നൽകുന്നതാണെങ്കിൽ കലയുടെ മേഖലയിൽ പൂർണമായും ശ്രദ്ധകൊടുക്കാനാണ് ഭാര്യ പിന്തുണയ്‌ക്കുന്നത്. അക്കാര്യം ആലോചനയിലുണ്ടെന്നാണ് വിഷ്‌ണുവിന്റെ മറുപടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |